ജിഎസ്ടി കൗൺസിൽ നിർദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ലെന്ന് സുപ്രിംകോടതി
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാനങ്ങൾക്ക് ആശ്വാസം നൽകുന്ന നിർണായ വിധി പുറപ്പെടുവിച്ചത്.
ന്യൂഡൽഹി: ജിഎസ്ടി കൗൺസിൽ നിർദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് ബാധ്യതയില്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാനങ്ങൾക്ക് ആശ്വാസം നൽകുന്ന നിർണായ വിധി പുറപ്പെടുവിച്ചത്.
ജിഎസ്ടി കൗൺസിലിന്റെ ശിപാർശകൾക്ക് ഉപദേശക സ്വഭാവം മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ കൗൺസിൽ നിർദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ലെന്ന് കോടതി പറഞ്ഞു. ശിപാർശകൾ സംബന്ധിച്ച് നിയമനിർമാണം നടത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും അധികാരമുണ്ടെന്നും സുപ്രിംകോടതി ഉത്തരവിൽ പറയുന്നു.
ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന നടപടിയാണ് ജിഎസ്ടി കൗൺസിൽ വിഷയത്തിൽ സുപ്രിംകോടതിയിൽ നിന്നുണ്ടായത്. ജിഎസ്ടി കൗൺസിൽ 75 ശതമാനം വോട്ട് നേടിയാണ് നിർദേശങ്ങൾ പാസാക്കുന്നത്. നിലവിൽ മൂന്നിലൊന്ന് വോട്ടിനും അധികാരം കേന്ദ്രസർക്കാറിനാണ്. എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് നിന്നാൽ പോലും 66 ശതമാനം മാത്രമേ ആകൂ.
ജിഎസ്ടി കൗൺസിലിന്റെ അപ്രമാദിത്യം ഇല്ലാതാക്കുന്ന നടപടിയാണ് സുപ്രിംകോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഫെഡറലിസത്തിലും സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തിനും മുൻതൂക്കം നൽകുന്ന വിധിയാണ് ഇത്.