'അപകീർത്തികേസിൽ അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്യണം'; രാഹുൽ ഗാന്ധിയുടെ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

പരാതിക്കാരനായ ബി.ജെ.പി എംഎൽഎ പൂർണേഷ് മോദി തടസ ഹരജി നൽകിയിട്ടുണ്ട്

Update: 2023-07-21 06:15 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: അപകീർത്തികേസ് സ്റ്റേ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മോദി പരാമർശത്തിൽ കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഗാന്ധി സുപ്രിംകോടതിയെ സമീപിച്ചത് .പരാതിക്കാരനായ ബി.ജെ.പി എംഎൽഎ പൂർണേഷ് മോദി തടസ ഹരജി  നൽകിയിട്ടുണ്ട്.

മോദി പരാമർശത്തിലെ അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണം എന്നാണ് രാഹുൽ ഗാന്ധിയുടെ ആവശ്യം. കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം ഹൈകോടതി തള്ളിയതിനു പിന്നാലെയാണ് രാഹുൽഗാന്ധി സുപ്രിംകോടതിയിൽ എത്തിയത് . രാഹുൽ ഗാന്ധി നിരന്തരം വ്യക്തിഹത്യ നടത്തുന്ന നേതാവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത്‌ ഹൈക്കോടതി ഹരജി തള്ളിയത്.

ജസ്റ്റിസുമാരായ ബിആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഹരജിയിൽ ഇന്ന് വാദം കേൾക്കും. വിധി സ്റ്റേ ചെയ്തില്ലെങ്കിൽ, അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള തടസമാകുമെന്നാണ് രാഹുൽ ഗാന്ധിയുടെ വാദം. 'എല്ലാ കള്ളൻമാർക്കും മോദിയെന്ന്‌ പേര്‌ വരുന്നതെങ്ങനെ?' എന്ന രാഹുലിന്റെ 2019ലെ പ്രസംഗത്തിലെ പരാമർശമാണ്‌ കേസിന്‌ ആധാരം.

ബി.ജെ.പി നേതാവ്‌ പുർണേഷ്‌മോദിയുടെ പരാതിയില്‍ സൂറത്തിലെ മജിസ്‌ട്രേട്ട്‌ കോടതിയാണ്‌ രാഹുലിനെ രണ്ടുവർഷം തടവിന്‌ ശിക്ഷിച്ചത്‌. പിന്നാലെ രാഹുലിനെ എംപിസ്ഥാനത്തുനിന്ന്‌ അയോഗ്യനാക്കി.അതെ സമയം സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ അയോഗ്യത നീങ്ങി രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News