സ്വാതി മാലിവാള്‍ കേസ്; ബിഭവ് കുമാറിനെ കെജ്‌രിവാളിന്റെ വീട്ടിലെത്തിച്ചു
കൂടുതൽ വിവരങ്ങൾ ശേഖരക്കുന്നതിനു വേണ്ടിയാണ് ബിഭവിനെ കെജ്‌രിവാളിന്റെ വീട്ടിലെത്തിച്ചത്
ഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിനെ ഡൽഹി പൊലീസ് മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരക്കുന്നതിനു വേണ്ടിയാണ് ബിഭവിനെ കെജ്‌രിവാളിന്റെ വീട്ടിലെത്തിച്ചത്.
അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വെച്ച് ബിഭവ് തന്നെ കയ്യേറ്റം ചെയ്‌തെന്നാണ് സ്വാതി മാലിവാളിന്റെ പരാതി. ബിഭവ് കുമാർ തൻറെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും കെജ്‌രിവാളിൻറെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നും കാണിച്ച് സ്വാതി പൊലീസിന് മൊഴിയും നൽകിയിരുന്നു. സ്വാതിയെയും കെജ്‌രിവാളിന്റെ വസതിയിലെത്തിച്ച് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു.
അരവിന്ദ് കെജ്‌രിവാളിൻറെ വസതിയിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ ഡിവിആർ ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. അതിനിടെ ആംആദ്മി പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ പൊലീസുകാർ കഥകൾ മെനയുകയാണെന്ന് പാർട്ടി ആരോപിച്ചു.
ഡൽഹിയിലെ മെട്രോ സ്റ്റേഷനുകളിൽ അരവിന്ദ് കെജ്‌രിവാളിനെ ഭീഷണിപ്പെടുത്തുന്ന ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുമാണെന്നും അവർ കെജ്‌രിവാളിനെതിരെ ആക്രമണം നടത്താൻ പദ്ധതിയിടുകയാണെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു.
അതേസമയം കെജ്‌രിവാളിനും എഎപിക്കുമെതിരായ ഇഡിയുടെ കുറ്റപത്രം ഡൽഹി കോടതി മെയ് 20ന് പരിഗണിക്കും.