പത്തു മിനിറ്റ് കൂടിക്കാഴ്ച; രജനിയെ കണ്ട് സ്റ്റാലിൻ
ഏതാനും ദിവസത്തിനുള്ളിൽ താരത്തെ ഡിസ്ചാർജ് ചെയ്യുമെന്നാണ് റിപ്പോർട്ട്
ചെന്നൈ: കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്തിനെ കാണാനെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കൂടിക്കാഴ്ച പത്തു മിനിറ്റ് നീണ്ടു. ആരോഗ്യമന്ത്രിയും സ്റ്റാലിനൊപ്പമുണ്ടായിരുന്നു. ഡോക്ടർമാരോട് മുഖ്യമന്ത്രി രജനിയുടെ ആരോഗ്യനിലയെ പറ്റി സംസാരിച്ചു.
താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് കാവേരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. തലച്ചോറിലെ രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോറ്റിഡ് ആർടറി റിവാസ്‌കുലറൈസേഷൻ ശസ്ത്രക്രിയക്കാണ് രജനി വിധേയമായിട്ടുള്ളത്. ഏതാനും ദിവസത്തിനുള്ളിൽ താരത്തെ ഡിസ്ചാർജ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
കാവേരി ആശുപത്രിക്കു മുമ്പിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. 30 ഉദ്യോഗസ്ഥരെയാണ് ആശുപത്രിക്ക് മുമ്പിൽ നിയോഗിച്ചിട്ടുള്ളത്. കർശന പരിശോധനയോടെയാണ് സന്ദർശകരെ അകത്തേക്ക് കടത്തിവിടുന്നത്. രണ്ട് എസ്ഐമാർ, നാലു വനിതാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
അതിനിടെ, താരത്തിന്റെ ആരോഗ്യനില മോശമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് കുടുബാംഗങ്ങൾ അഭ്യർത്ഥിച്ചു. ഡൽഹിയിൽ ദേശീയ ചലച്ചിത്ര അവാർഡ് ചടങ്ങിൽ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം സ്വീകരിച്ചശേഷം കഴിഞ്ഞദിവസമാണ് രജനീകാന്ത് ചെന്നൈയിൽ തിരിച്ചെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.