രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ എം.പിമാർ അടങ്ങുന്ന പ്രതിനിധിസംഘത്തെ അയക്കുമെന്ന് തമിഴ്‌നാട്
രാജ്യസഭാ എം.പിമാരായ ട്രിച്ചി ശിവ, എം.എ അബ്ദുല്ല, ലോക്‌സഭാംഗമായ കലാനിധി വീരസാമി, എം.എൽ.എ ആയ ടി.ആർ.ബി രാജ എന്നിവരാണ് സംഘത്തിലുള്ളത്. നാല് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻമാരും ഇവരെ അനുഗമിക്കും.
യുക്രൈനിൽ നിന്ന് തമിഴ്‌നാട് വിദ്യാർഥികളുടെ രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിക്കാൻ ജനപ്രതിനിധികളുടെ പ്രത്യേകസംഘത്തെ അയക്കുമെന്ന് തമിഴ്‌നാട്. യുക്രൈനിന്റെ അയൽരാജ്യങ്ങളിലേക്കാണ് ഇവർ പോവുന്നത്. അന്താരാഷ്ട്ര രക്ഷാപ്രവർത്തനത്തിൽ നേരിട്ട് പങ്കാളികളാവുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായിരിക്കുകയാണ് തമിഴ്‌നാട്.
രാജ്യസഭാ എം.പിമാരായ ട്രിച്ചി ശിവ, എം.എ അബ്ദുല്ല, ലോക്‌സഭാംഗമായ കലാനിധി വീരസാമി, എം.എൽ.എ ആയ ടി.ആർ.ബി രാജ എന്നിവരാണ് സംഘത്തിലുള്ളത്. നാല് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻമാരും ഇവരെ അനുഗമിക്കും. യുക്രൈനിന്റെ അയൽരാജ്യങ്ങളായ ഹംഗറി, റൊമേനിയ, പോളണ്ട്, സ്ലൊവേക്യ എന്നീ രാജ്യങ്ങളിലൂടെ വിദ്യാർഥികളെ തിരികെയെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകും.
തമിഴ്‌നാട്ടുകാരായ വിദ്യാർഥികളുടെ രക്ഷാപ്രവർത്തനത്തിനായി സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി സ്റ്റാലിന്റെ വിലയിരുത്തിയതായി അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.
''ഇന്ത്യൻ പാസ്‌പോർട്ടിന്റെ ഉടസ്ഥരായ മുഴുവനാളുകളെയും രക്ഷിക്കേണ്ടത് ഇന്ത്യൻ സർക്കാരിന്റെ ബാധ്യതയാണ്. പ്രധാനമന്ത്രി അനാവശ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് മന്ത്രിമാരെ വിലക്കുകയും മുഴുവൻ ഇന്ത്യക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും വേണം''-സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നാല് മന്ത്രിമാരെ യുക്രൈനിന്റെ സമീപ രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്. മന്ത്രിമാരായ ഹർദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജ്ജു, വി.കെ സിങ് എന്നിവരാണ് കേന്ദ്രസർക്കാർ പ്രതിനിധികൾ.
റൊമേനിയ, മൾഡോവ എന്നീ രാജ്യങ്ങളുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്കാണ്. കിരൺ റിജ്ജുവിന് സ്ലൊവേക്യയുടെയും ഹർദീപ് പുരിക്ക് ഹംഗറിയുടെയും വി.കെ സിങ്ങിന് പോളണ്ടിന്റെയും ചുമതലയാണ് നൽകിയിരിക്കുന്നത്.