'ജോലി സമ്മർദം നേരിടാൻ വീട്ടിൽനിന്ന് പഠിപ്പിക്കണം'; മലയാളി ജീവനക്കാരിയുടെ മരണത്തിൽ വിചിത്രവാദവുമായി നിർമല സീതാരാമൻ

അന്നയുടെ മരണം അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു എന്നിരിക്കെയാണ് വിചിത്ര നിലപാടുമായി കേന്ദ്ര ധനമന്ത്രി രം​ഗത്തെത്തിയത്.

Update: 2024-09-22 13:18 GMT
Advertising

ചെന്നൈ: ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് പൂനെയിലെ ഇ.വൈ ബഹുരാഷ്ട്ര കമ്പനിയിലെ മലയാളി ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ വിചിത്രവാദവുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമൻ. ജോലി സമ്മർദം എങ്ങനെ നേരിടണമെന്ന് വീടുകളിൽ നിന്ന് പഠിപ്പിക്കണമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. അന്നയുടെ മരണം അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു എന്നിരിക്കെയാണ് വിചിത്ര നിലപാടുമായി കേന്ദ്ര ധനമന്ത്രി രം​ഗത്തെത്തിയത്.

ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ എന്നും നിർമല സീതാരാമൻ പറഞ്ഞു. ചെന്നൈയിലെ സ്വകാര്യ കോളജിൽ നടന്ന പരിപാടിയിലായിരുന്നു പരാമർശം. കൊച്ചി സ്വദേശിനിയായ 26കാരി അന്ന സെബാസ്റ്റ്യൻ ജൂലൈ 21നാണ് കുഴഞ്ഞുവീണ് മരിച്ചത്. അമിത ജോലിഭാരവും സമ്മർദവും വിശ്രമമില്ലായ്മയും മൂലമാണ് അന്ന മരിച്ചതെന്ന് കുടുംബം പറഞ്ഞിരുന്നു.

അന്നയുടെ മരണത്തിൽ കേന്ദ്ര സർക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തോടാണ് കമ്മീഷൻ വിശദമായ പ്രതികരണം തേടിയത്. കേസിൽ നടക്കുന്ന അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ ഉൾപ്പെടെ സമഗ്രമായ റിപ്പോർട്ട് നൽകാനാണ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം മന്ത്രാലയം പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ സ്ഥിരീകരിച്ചു.

അന്നയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ മനുഷ്യാവകാശ കമ്മീഷൻ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ഓരോ തൊഴിലുടമയ്ക്കും അവരുടെ ജീവനക്കാർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാനുള്ള ഉത്തരവാദിത്തമുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

അന്നയുടെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്ദ്ലാജെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 12 ദിവസം മുമ്പ് അന്നയുടെ അമ്മ കമ്പനി ചെയർമാനയച്ച കത്ത് പുറത്തുവന്നതോടെയാണ് വിഷയത്തിൽ പ്രതിഷേധം ശക്തമായത്. തൊഴിൽ സമ്മർദത്തെ തുടർന്നാണ് അന്നയുടെ മരണമെന്ന് കുടുംബം കത്തിൽ ആരോപിച്ചു. ജോലിഭാരം കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും കുടുംബം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

രാത്രി വളരെ വൈകിയും ഓഡിറ്റ് അടക്കമുള്ള ജോലികൾ ഉണ്ടായിരുന്നു. ഷെഡ്യൂൾ ചെയ്തതിനുമപ്പുറം ജോലി ചെയ്യേണ്ടിവന്നു. ഉറക്കമൊഴിച്ചും ജോലി ചെയ്യേണ്ടിവന്നെന്നും ഇതൊക്കെയാണ് മകളുടെ മരണത്തിനു കാരണമായതെന്നും കുടുംബം വ്യക്തമാക്കി. അതേസമയം, മെയിൽ കഴിഞ്ഞദിവസമാണ് കണ്ടതെന്നും നടപടിയുണ്ടാവുമെന്ന് ചെയർമാൻ പറഞ്ഞതായും കുടുംബം പ്രതികരിച്ചിരുന്നു.

മകളുടെ മരണാനന്തര ചടങ്ങിൽ കമ്പനി പ്രതിനിധികൾ പങ്കെടുത്തിരുന്നില്ലെന്നും വീട്ടുകാർ പറഞ്ഞു. ഇനിയിത്തരമൊരു അനുഭവം മറ്റാർക്കും ഉണ്ടാവരുതെന്നും അതിനുവേണ്ടിയാണ് തങ്ങളിപ്പോൾ ഈ വിവരം പുറത്തുവിട്ടതെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് അന്ന ഇ.വൈ കമ്പനിയിൽ ജോലിക്ക് കയറിയത്. ഏറെ ഉത്സാഹത്തിലും സന്തോഷത്തിലും ജോലി ചെയ്തിരുന്ന അന്നയ്ക്ക് പിന്നീടങ്ങോട്ട് ജോലിഭാരം കൂടുകയായിരുന്നെന്നും കുടുംബം വിശദമാക്കി.




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News