കൊല്‍ക്കത്തയില്‍ അധ്യാപികയും മകനും ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍; ദുരൂഹത
ഇരുവരെയും അടുക്കളയില്‍ ഉപയോഗിക്കുന്ന വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒന്നിലധികം പേര്‍ കൃത്യത്തില്‍ പങ്കാളികളായതായും പൊലീസ് സംശയിക്കുന്നു.
കൊല്‍ക്കത്തയില്‍ അധ്യാപികയേയും 14 വയസുകാരനായ മകനെയും ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ പര്‍ണശ്രീ ഏരിയയിലെ ഫ്‌ളാറ്റില്‍ ഇവരുടെ ഭര്‍ത്താവ് തന്നെയാണ് മൃതദേഹങ്ങള്‍ കണ്ടത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഇരുവരും മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നാണ് അദ്ദേഹം പൊലീസിനോട് പറഞ്ഞത്.
മകന്റെ മൃതദേഹം സ്‌കൂള്‍ യൂണിഫോം ധരിച്ച നിലയില്‍ ബെഡ്ഡിലായിരുന്നു. ബെഡില്‍ രക്തം തളംകെട്ടി കിടന്നിരുന്നു. ഭാര്യയുടെ മൃതദേഹം തറയിലായിരുന്നു. താന്‍ വരുമ്പോള്‍ വാതില്‍ തുറന്നുകിടക്കുകയായിരുന്നു എന്നാണ് ഭര്‍ത്താവ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
ഇരുവരെയും അടുക്കളയില്‍ ഉപയോഗിക്കുന്ന വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒന്നിലധികം പേര്‍ കൃത്യത്തില്‍ പങ്കാളികളായതായും പൊലീസ് സംശയിക്കുന്നു. അധ്യാപികയുടെ ഭര്‍ത്താവിനെയും കുട്ടിയുടെ ട്യൂഷന്‍ ടീച്ചറേയും പൊലീസ് ചോദ്യം ചെയ്തു. താന്‍ അഞ്ച് മണിയോടെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു എന്നാണ് ട്യൂഷന്‍ ടീച്ചറുടെ മൊഴി. ലൈറ്റുകള്‍ ഓഫാക്കിയിരുന്നു. വീട്ടില്‍ ആരുമില്ലെന്ന് കരുതി താന്‍ മടങ്ങിപ്പോയെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
വീട്ടില്‍ നിന്ന് അസാധാരണമായൊന്നും കേട്ടില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. വാതിലുകള്‍ക്കോ ജനലുകള്‍ക്കോ കേടുപാടുകളില്ല. പരിചയമുള്ള ആളായതുകൊണ്ട് കൊല്ലപ്പെട്ടവരില്‍ ആരെങ്കിലും തന്നെ വാതില്‍ തുറന്നുകൊടുത്തതാവാം എന്നാണ് പൊലീസ് നിഗമനം. അതുകൊണ്ട് കൊല്ലപ്പെട്ടവരുടെ പരിചയക്കാരെയും ബന്ധുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. അധ്യാപികയുടെ ഫോണ്‍ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.