ഇൻസ്റ്റഗ്രാം റീലെടുക്കാൻ 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടി; 18-കാരന് ദാരുണാന്ത്യം
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല
സാഹിബ്ഗഞ്ച് (ജാർഖണ്ഡ്): ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കുന്നതിനായി 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ 18 കാരൻ മുങ്ങി മരിച്ചു. ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് തൗസിഫ് എന്ന കൗമാരക്കാരൻ 100 അടിയോളം ഉയരത്തിൽ നിന്ന് ക്വാറി തടാകത്തിലേക്ക് ചാടിയത്.
വെള്ളത്തിൽ ചാടിയ യുവാവ് ഉടനെ മുങ്ങിപ്പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സുഹൃത്തുക്കൾ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.
കൂട്ടുകാരാണ് ക്വാറിക്ക് മുകളിൽ നിന്ന് വീഡിയോ ചിത്രീകരിക്കുന്നത്. വെള്ളത്തിലേക്ക് ചാടിയ യുവാവ് അൽപസമയം നീന്തുന്നതും പിന്നീട് മുങ്ങിപ്പോകുന്നതും വീഡിയോയിൽ കാണാം. വെള്ളത്തിലുണ്ടായിരുന്ന സുഹൃത്തുക്കൾ യുവാവിനെ രക്ഷപ്പെടുത്താനായി ശ്രമം നടത്തുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്. 100 അടി ഉയരത്തിൽ നിന്ന് ചാടിയതിന്റെ ആഘാതത്തിൽ യുവാവിന് നിയന്ത്രണം നഷ്ടമാകുകയും മുങ്ങിപ്പോകുകയുമായിരുന്നെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് വിജയ് കുമാർ കുശ്വാഹയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.