17കാരൻ ഓടിച്ച പോർഷെ കാറിടിച്ച് രണ്ട് പേർ മരിച്ച സംഭവം; മുങ്ങാൻ ശ്രമിച്ച പിതാവും ബാറുടമകളും അറസ്റ്റിൽ

കേസെടുത്തതിന് പിന്നാലെ ഇയാൾ രക്ഷപെടാനുള്ള നീക്കമാരംഭിച്ചിരുന്നു.

Update: 2024-05-21 12:24 GMT
Advertising

പൂനെ: 17കാരൻ മദ്യപിച്ച് അമിതവേ​ഗത്തിൽ ഓടിച്ച പോർഷെ കാറിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതിയായ കൗമാരക്കാരന്റെ പിതാവ് അറസ്റ്റിൽ. കാറിന്റെ ഉടമയും പ്രമുഖ ബിൽഡറും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ വിഷാൽ അ​ഗർവാളാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ ഔറംഗബാദിലെ ഛത്രപതി സംഭാജിനഗർ പ്രദേശത്തു നിന്നാണ് പൂനെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാൾക്കൊപ്പം, കൗമാരക്കാരന് മദ്യം വിളമ്പിയ രണ്ട് ബാറുകളുടെ ഉടമകളും പിടിയിലായി. വിദ്യാർഥി ഓടിച്ച അത്യാഡംബര കാർ ബൈക്കിലിടിപ്പിച്ച് ടെക്കികളായ രണ്ട് പേർ മരിച്ച സംഭവത്തിൽ പിതാവിനും ബാറുടമകൾക്കുമെതിരെ കേസെടുത്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75, 77 എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്ത്. കേസെടുത്തതിന് പിന്നാലെ അ​ഗർവാൾ രക്ഷപെടാനുള്ള നീക്കമാരംഭിച്ചു.

പിടിക്കപ്പെടാതിരിക്കാൻ തന്റെ സ്ഥിരം കാറിൽ അഗർവാൾ ആദ്യം ഡ്രൈവർക്കൊപ്പം മുംബൈയിലേക്ക് പോയി. അതേസമയം അധികാരികളെ തെറ്റിദ്ധരിപ്പിക്കാൻ മറ്റൊരു കാർ ഗോവയിലേക്കും കോലാപ്പൂരിലേക്കും അയച്ചു. പ്രധാന ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും പൊലീസ് ട്രാക്ക് ചെയ്യുന്നത് ഒഴിവാക്കാൻ പുതിയ നമ്പർ ഉപയോഗിക്കുകയും ചെയ്തു. തുടർന്ന് മുംബൈയിൽ നിന്ന് സുഹൃത്തിന്റെ കാറിലായിരുന്നു പിന്നീടുള്ള യാത്ര.

ദൗണ്ടിലെ ഫാം ഹൗസും പൂനെയിലെ മറ്റു സ്ഥലങ്ങളും ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് ഇയാൾ സഞ്ചരിച്ചിരുന്ന സുഹൃത്തിൻ്റെ കാറിൻ്റെ ജിപിഎസ് വഴിയാണ് പിന്നീടുള്ള നീക്കങ്ങൾ പൂനെ ക്രൈംബ്രാഞ്ച് സംഘം മനസിലാക്കിയത്. സിസിടിവി ദൃശ്യങ്ങളും ഇയാൾ കുടുംബത്തിന് അയച്ച സന്ദേശങ്ങളും സംഘം പരിശോധിച്ചു. ഒടുവിൽ, സാംഭാജിനഗറിലെ ഒരു ചെറിയ ലോഡ്ജിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞദിവസമാണ് 17കാരൻ ഓടിച്ച അത്യാഡംബര കാറിടിച്ച് ടെക്കികളായ യുവതിക്കും യുവാവിനും ജീവൻ നഷ്ടമായത്. ബൈക്ക് യാത്രികരായ അനീഷ് അവാധ്യ, അശ്വിനി കോഷ്ട എന്നിവരാണ് മരിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ അശ്വിനി സംഭവസ്ഥലത്തും അവാധ്യ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പൂനെയിൽ ജോലി ചെയ്യുന്ന ഇരുവരും മധ്യപ്രദേശ് സ്വദേശികളും എൻജിനീയർമാരുമാണ്. പുലർച്ചെ 2.15നാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു.

പ്ലസ്ടു വിജയം ആഘോഷിക്കാൻ കൗമാരക്കാരൻ സുഹൃത്തുക്കളോടൊപ്പം രാത്രി 9.30 മുതൽ 12 വരെ ആദ്യം കോസി ബാറിലും പിന്നീട് ബ്ലാക്ക് ബാറിലും പാർട്ടി നടത്തുകയായിരുന്നു. പാർട്ടി ഞായറാഴ്ച പുലർച്ചെ ഒരു മണി വരെ നീണ്ടു. തുടർന്ന് കാറുമെടുത്ത് പായുമ്പോഴായിരുന്നു അപകടം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഓടിച്ച പോർഷെ കാർ 24കാരായ അനീഷ് അവാധ്യയും അശ്വിനിയും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അശ്വിനി 20 അടി ഉയരത്തിലേക്കും അനീഷ് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിനു മുകളിലേക്കും തെറിച്ചുപോയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

പോർഷെയിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നും എന്നാൽ അപകട ശേഷം ഇവരിൽ ഒരാൾ ഓടി രക്ഷപ്പെട്ടതായും ദൃക്‌സാക്ഷികളിലൊരാൾ പറഞ്ഞു. കാറിലുണ്ടായിരുന്ന മൂന്ന് പേരും മദ്യപിച്ചിരുന്നതായും ദൃക്‌സാക്ഷികൾ വ്യക്തമാക്കി. സംഭവത്തിൽ ഐപിസി, മോട്ടോർ വെഹിക്കിൾ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം അമിതവേ​ഗം, അശ്രദ്ധ മൂലം മരണം ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി യെരവാഡ പൊലീസാണ് 17കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അറസ്റ്റ് ചെയ്തു.

എന്നാൽ, 14 മണിക്കൂറിനിടെ പ്രതിക്ക് ജുവനൈൽ കോടതി ജാമ്യം നൽകി. വിചിത്ര ഉപാധികളോെടയായിരുന്നു ജാമ്യം. അപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതുക, 15 ദിവസം യെരവാഡയിലെ ട്രാഫിക് പൊലീസിനൊപ്പം നിൽക്കുക, മദ്യപാനം ഉപേക്ഷിക്കാൻ ചികിത്സ നേടുക, മാനസികാരോഗ്യ കൗൺസിലിങ്ങിന് വിധേയമാവുക എന്നിവയായിരുന്നു കൗമാരക്കാരൻ്റെ ജാമ്യ വ്യവസ്ഥകൾ. ജാമ്യം നിഷേധിക്കാൻ പര്യാപ്തമായ കുറ്റകൃത്യമല്ലെന്ന് കണ്ടെത്തിയാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്. അപകടമുണ്ടാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ച 17കാരന് പിസയും ബർഗറും ബിരിയാണിയും വാങ്ങി നൽകിയെന്നാണ് ആരോപണം. രണ്ടുപേരെ കാറിടിച്ച് കൊലപ്പെടുത്തിയിട്ടും 14 മണിക്കൂറിനുള്ളിൽ കൗമാരക്കാരന് ജാമ്യം ലഭിച്ചതിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിൽ വെച്ച് കൗമാരക്കാരന് ഭക്ഷണം പിസയും ബർഗറും വാങ്ങി നൽകിയെന്ന ആരോപണം പ്രതിപക്ഷനേതാക്കൾ ഉന്നയിച്ചത്.





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News