ട്രെയിൻ വിദ്വേഷക്കൊലയുടെ ഇര സൈഫുദ്ദീന്റെ ഭാര്യയ്ക്ക് ഫ്‌ളാറ്റും സർക്കാർ ജോലിയും നൽകി തെലങ്കാന

തെലങ്കാന ആഭ്യന്തര മന്ത്രിയും ഐ.ടി മന്ത്രിയും ചേർന്ന് സൈഫുദ്ദീന്റെ ഭാര്യ അൻജുമിന് നിയമന ഉത്തരവും ആറു ലക്ഷം രൂപയുടെ ചെക്കും കൈമാറി

Update: 2023-08-06 14:30 GMT
Editor : Shaheer | By : Web Desk

കൊല്ലപ്പെട്ട സൈഫുദ്ദീന്‍റെ ഭാര്യ അന്‍ജുമിന് മന്ത്രിമാര്‍ നിയമന ഉത്തരവ് കൈമാറുന്നു

Advertising

ഹൈദരാബാദ്: ജയ്പൂർ-മുംബൈ എക്‌സ്പ്രസിൽ പൊലീസ് കോൺസ്റ്റബിളിന്റെ വെടിവയ്പ്പിൽ കൊല്ലപ്പെട്ട സയ്യിദ് സൈഫുദ്ദീന്റെ കുടുംബത്തിനു നഷ്ടപരിഹാരവുമായി തെലങ്കാന. ഹൈദരാബാദിലെ ബാസാർഘട്ട് സ്വദേശിയായ സയ്യിദ് സൈഫുദ്ദീന്റെ വിധവയ്ക്കു ഫ്‌ളാറ്റും സർക്കാർ ജോലിയുമാണ് സർക്കാർ നൽകിയത്. വിധവാ പെൻഷനും അനുവദിച്ചിട്ടുണ്ട്.

സൈഫുദ്ദീന്റെ കുടുംബത്തിന് ഫ്‌ളാറ്റും സർക്കാർ ജോലിയും നൽകുമെന്ന് കഴിഞ്ഞ ദിവസം തെലങ്കാന ഐ.ടി മന്ത്രി കെ.ടി രാമറാവുവും എ.ഐ.എം.ഐ.എം നിയമസഭാ കക്ഷി നേതാവ് അക്ബറുദ്ദീൻ ഉവൈസിയും ഉറപ്പുനൽകിയിരുന്നു. ഇപ്പോൾ സൈഫുദ്ദീന്റെ ഭാര്യ അൻജും ഷാഹീന്റെ പേരിൽ സിയാഗുഡയിൽ രണ്ടു കിടപ്പുമുറിയും ഒരു ഹാളും അടങ്ങുന്ന ഫ്‌ളാറ്റ് അനുവദിച്ച് ഉത്തരവായത്. അൻജുമിനു സർക്കാർ ജോലിയും 2016ലെ ആശര പെൻഷൻ പദ്ധതി പ്രകാരം വിധവാ പെൻഷനും നൽകാനും തീരുമാനമായിട്ടുണ്ട്.

ഖുലി ഖുതുബ്ഷാ നഗരവികസന അതോറിറ്റിയിൽ ഓഫിസറായാണ് നിയമനം. നിയമന ഉത്തരവും കുടുംബത്തിനുള്ള ധനസഹായവും തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ് അലിയും മന്ത്രി രാമറാവുവും ഇവരുടെ വീട്ടിലെത്തി കൈമാറി. ആറു ലക്ഷം രൂപയുടെ ചെക്കുമാണു നൽകിയത്. അക്ബറുദ്ദീൻ ഉവൈസി അടക്കമുള്ള നേതാക്കളും സന്നിഹിതരായിരുന്നു.

ഹൈദരാബാദിൽ മൊബൈൽ ഫോൺ ടെക്‌നീഷ്യനായിരുന്നു കൊല്ലപ്പെട്ട സൈഫുദ്ദീൻ. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി അക്ബറുദ്ദീൻ ഉവൈസിയാണ് സർക്കാർ ജോലിയും മറ്റു സഹായങ്ങളും നൽകണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടത്.

ജൂലൈ 31നു പുലർച്ചെ മഹാരാഷ്ട്രയിലെ പാൽഗഢ് റെയിൽവേ സ്റ്റേഷനു സമീപത്താണു രാജ്യത്തെ നടുക്കിയ ട്രെയിൻ വെടിവയ്പ്പ് നടന്നത്. പുലർച്ചെ അഞ്ചോടെ വാപി റെയിൽവേ സ്റ്റേഷനിൽനിന്ന് വിട്ട സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് വൈതർണ സ്റ്റേഷനോട് അടുക്കുമ്പോഴായിരുന്നു ഞെട്ടിക്കുന്ന സംഭവം. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ ടിക്കാറാം മീണയെയാണ് ആദ്യം സർവീസ് തോക്ക് ഉപയോഗിച്ച് ചേതൻ സിങ് വെടിവച്ചത്. പിന്നാലെ ബോഗിയിലുണ്ടായിരുന്ന അസ്ഗർ അബ്ബാസ് അലി, അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈൻ, സയ്യിദ് സൈഫുദ്ദീൻ എന്നീ യാത്രക്കാർക്കുനേരെയും നിറയൊഴിച്ചു. ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും വോട്ട് ചെയ്‌തോളണമെന്ന് മൃതദേഹങ്ങൾക്ക് അരികിൽനിന്ന് ചേതൻ സിങ് വിളിച്ചുപറയുന്ന വിഡിയോയും പുറത്തുവന്നിരുന്നു.

Summary: The Telangana government grants 2BHK flat, a government job and widow’s pension for the wife of slain Hyderabad resident, Syed Saifuddin, who killed in Jaipur-Mumbai express shooting of RPF constable

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News