'ദൈവത്തിന് പ്രത്യേക സ്ഥലം ആവശ്യമില്ല, പൊതു സ്ഥലത്ത് ക്ഷേത്രം അനുവദിക്കില്ല'- മദ്രാസ് ഹൈകോടതി
ദൈവം എല്ലായിടത്തുമുണ്ടെന്നും ദൈവത്തിന് തന്‍റെ ദൈവിക സാന്നിധ്യത്തിന് ഒരു പ്രത്യേക സ്ഥലം ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു
ദേശീയ പാതയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ക്ഷേത്രം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് മദ്രാസ് ഹൈകോടതി. തമിഴ്‌നാട്ടിലെ പെരമ്പലൂർ ജില്ലയിലെ വേപ്പൻതട്ടയിലെ ക്ഷേത്രം നീക്കം ചെയ്യുന്നതിനായി ദേശീയപാത വിഭാഗം നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ് പെരിയസാമി നൽകിയ ഹരജിയിലാണ് മദ്രാസ് ഹൈകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ് വൈദ്യനാഥന്‍, ഡി ഭാരത ചക്രവര്‍ത്തി എന്നിവടങ്ങുന്ന ബെഞ്ചാണ് സര്‍ക്കാര്‍ ഭൂമിയില്‍ ക്ഷേത്രം സ്ഥാപിക്കുന്നതിനെ എതിര്‍ത്ത് വിധി പുറപ്പെടുവിപ്പിച്ചത്.
ദൈവം എല്ലായിടത്തുമുണ്ടെന്നും ദൈവത്തിന് തന്‍റെ ദൈവിക സാന്നിധ്യത്തിന് ഒരു പ്രത്യേക സ്ഥലം ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. മതത്തിന്‍റെ പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്നതിന് പിന്നില്‍ മതഭ്രാന്താണെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊതു സ്ഥലത്ത് അനധികൃതമായി പണിത ക്ഷേത്രം നീക്കം ചെയ്യാനുള്ള കോടതി ഉത്തരവിനെതിരെയാണ് പരാതിക്കാരൻ ഹരജിയുമായി എത്തിയത്. മൂന്ന് പതിറ്റാണ്ടിലേറെയായി മന്ദിരം അവിടെയുണ്ടെന്നും പൊതുജനങ്ങൾക്ക് യാതൊരു വിധ തടസ്സങ്ങളുണ്ടായിട്ടില്ലെന്നും നിരവധി ഭക്തജനങ്ങൾ ആരാധനക്കായി അവിടെ എത്താറുണ്ടെന്നും ഹരജിയിൽ പറഞ്ഞു.
എന്നാല്‍ ഭൂമി ക്ഷേത്രത്തിന്‍റേതാണെന്ന് പറയുന്ന ഹരജിക്കാരന് എന്തുകൊണ്ട് അത് വ്യക്തമാക്കുന്ന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. ഹരജിക്കാരന്‍റെ വാദം അംഗീകരിച്ച് പൊതു ഭൂമി ക്ഷേത്രത്തിനായി വിട്ടുകൊടുത്താല്‍ പിന്നീട് പൊതുസ്ഥലം കൈയ്യേറി സകലരും ഇത്തരം വാദമുഖം കോടതിയില്‍ തീര്‍ക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അനധികൃതമായി ഭൂമി കൈയ്യേറാന്‍ ആരെയും അനുവദിക്കില്ലെന്നും കോടതി അറിയിച്ചു.