മണിപ്പൂരിൽ ഭീകരാക്രമണം: കമാൻഡിങ് ഓഫീസറും കുടുംബവും കൊല്ലപ്പെട്ടു; അഞ്ച് സൈനികർക്ക് വീരമൃത്യു
കമാൻഡിങ് ഓഫീസർ കേണൽ വിപ്ലപ് ത്രിപാഠിയും ഭാര്യയും കുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മറ്റു നിരവധി സൈനികർക്കും പരിക്കേറ്റതായാണ് വിവരം.
മണിപ്പൂരിലെ ചുരാചാന്ദ്പൂർ ജില്ലയിൽ അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കമാൻഡിങ് ഓഫീസറും കുടുംബവും കൊല്ലപ്പെട്ടു. അഞ്ച് സൈനികരും ആക്രമണത്തിൽ വീരമൃത്യു വരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് ആക്രമണമുണ്ടായത്.
കമാൻഡിങ് ഓഫീസർ കേണൽ വിപ്ലപ് ത്രിപാഠിയും ഭാര്യയും കുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മറ്റു നിരവധി സൈനികർക്കും പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തലസ്ഥാനമായ ഇംഫാലിൽ നിന്ന് 100 കിലോ മീറ്ററോളം വടക്ക് മ്യാൻമർ അതിർത്തിയിലെ ഗ്രാമത്തിലാണ് ആക്രമണം നടന്നത്.
മണിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദസംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തിൽ കമാൻഡിങ് ഓഫീസറും കുടുംബവും കൊല്ലപ്പെട്ടെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് സ്ഥിരീകരിച്ചു. സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.