മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കിയാൽ ഭീകരവാദവും നക്സലിസവും അവസാനിപ്പിക്കും: അമിത് ഷാ
ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കുമെന്നും അമിത് ഷാ
പോർബന്ദർ: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിലെത്തിയാൽ ഭീകരവാദവും നക്സലിസവും അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പി സ്ഥാനാർഥി മൻസൂഖ് മാണ്ഡവ്യക്ക് വേണ്ടി ഗുജറാത്തിലെ പോർബന്ദറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അതിനെ എതിർത്തു. ഇത് കശ്മീരിൽ രക്തപ്പുഴ ഒഴുകാൻ കാരണമാകുമെന്ന് പറഞ്ഞു. എന്നാൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അവിടെ ഒരു കല്ലെറിയാൻ പോലും ആരും ധൈര്യപ്പെട്ടില്ല. രാജ്യത്ത് ഭീകരവാദവും നക്സലിസവും അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തിച്ചു. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ പാകിസ്ഥാനിൽ നിന്ന് ആർക്കും ഇന്ത്യയിലേക്ക് കടന്ന് ബോംബ് സ്ഫോടനം നടത്താമായിരുന്നു' -അമിത് ഷാ പറഞ്ഞു.
'പുൽവാമയിലും ഉറിയിലും ഭീകരാക്രമണം നടന്നപ്പോൾ മോദിയായിരുന്നു പ്രധാനമന്ത്രിയെന്ന് അവർ മറന്നു. പത്ത് ദിവസത്തിനുള്ളിൽ പാകിസ്ഥാൻ മണ്ണിലെ ഭീകരരെ തുരത്താൻ മോദി സർജിക്കൽ സ്ട്രൈക്ക് നടത്തി. രാജ്യത്തെ സുരക്ഷിതമാക്കാനും സമൃദ്ധമാക്കാനും മോദി പ്രവർത്തിച്ചു.
പത്ത് വർഷത്തെ കോൺഗ്രസ് ഭരണത്തിനു ശേഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പതിനൊന്നാം സ്ഥാനത്തായിരുന്നു. പത്ത് വർഷത്തെ മോദി ഭരണത്തിൽ ഇത് അഞ്ചാം സ്ഥാനത്തെത്തി. അദ്ദേഹത്തെ മൂന്നാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കിയാൽ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കും' -അമിത് ഷാ കൂട്ടിച്ചേർത്തു.