മഹാരാഷ്ട്രയില്‍ 'അടി' മുറുകുന്നു; വൈറലായി യോഗിക്കെതിരായ ഉദ്ധവ് താക്കറെയുടെ വാക്കുകള്‍

ശിവസേനയേയും ഉദ്ധവിനെയും കപടരെന്നു വിളിച്ച് സംഘ് പ്രൊഫൈലുകള്‍.

Update: 2021-08-26 03:29 GMT
Editor : Suhail | By : Web Desk
Advertising

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അടിക്കണമെന്ന പ്രസ്താവന മൂലം പൊലീസ് കസ്റ്റഡിയിലായ കേന്ദ്രമന്ത്രി നാരായണ്‍ റാണെക്ക് പിന്നാലെ വിവാദം പുകയുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഉദ്ധവ് താക്കറെ നടത്തിയ പഴയ വാക്കുകള്‍ ഉയര്‍ത്തിപിടിച്ചാണ് രാഷ്ട്രീയ എതിരാളികളിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

2018 ലായിരുന്നു യോഗി ആദിത്യനാഥിനെതിരെ ഉദ്ധവ് ആഞ്ഞടിച്ചത്. യോഗിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം എങ്ങനെ ഒരു മുഖ്യമന്ത്രിയായി ഇരിക്കാനാണ് എന്നു ചോദിച്ച ഉദ്ധവ്, യോഗിയെ ചെരിപ്പൂരി അടിക്കണമെന്നും പറഞ്ഞിരുന്നു.

ശിവജി അനുസ്മരണ ചടങ്ങിനായി മഹാരാഷ്ട്രയില്‍ എത്തിയപ്പോഴായിരുന്നു ഉദ്ധവ് യോഗിക്കെതിരെ ആഞ്ഞടിച്ചത്.

അദ്ദേഹം സ്വയം ഒരു യോഗിയാണെന്നാണ് പറയുന്നത്. ഗുഹയില്‍ പോയി തപസ്സിരിക്കുന്നതിന് പകരം അദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ കയറിയിരിക്കുകയാണ്. യു.പിയും മഹാരാഷ്ട്രയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അദ്ദേഹം നന്നായി മസ്സിലാക്കണം.

ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണ് യോഗി മഹാരാഷ്ട്രയില്‍ എത്തിയത്. ചെരിപ്പ് ധരിച്ചുകൊണ്ടാണ് യോഗി ശിവജിക്ക് ഹാരം ചാര്‍ത്താന്‍ കയറിയത്. ആ ചെരിപ്പ് എടുത്ത് അടിക്കാനാണ് തനിക്ക് തോന്നിയതെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ, ശിവജിയുടെ മുന്നില്‍ നില്‍ക്കാന്‍ എന്തു യോഗ്യതയാണ് അയാള്‍ക്കുള്ളതെന്നും ചോദിച്ചു.

ഉദ്ധവ് താക്കറെയെ അടിക്കണമെന്ന് പറഞ്ഞ നാരായണ്‍ റാണെക്കെതിരെ നടപടിയെടുത്ത മഹാരാഷ്ട്ര പൊലീസിനോട്, ഉദ്ധവ് മൂന്നുവര്‍ഷം മുന്‍പ് പറഞ്ഞതും കൂടെ ഓര്‍മിപ്പിക്കുകയാണ് വലതുപക്ഷ സൈബര്‍ പോരാളികള്‍. ശിവസേനയേയും ഉദ്ധവിനെയും കപടരെന്നു വിളിച്ച സംഘ് പ്രൊഫൈലുകള്‍, താക്കറെക്കെതിരെ കേസെടുക്കണമെന്നും യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ നാക്കുപിഴച്ച ഉദ്ധവ് താക്കറെയെ, താന്‍ സ്ഥലത്തുണ്ടായിരുന്നെങ്കില്‍ പോയി അടിക്കുമായിരുന്നു എന്നാണ് കേന്ദ്രമന്ത്രി നാരായണ്‍ റാണെ പറഞ്ഞത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി ശിവസേന രംഗത്തെത്തുകയും, റാണെയെ പൊലീസ് കസ്റ്റഡിയെടുക്കുകയും ചെയ്തിരുന്നു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News