മുൻ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു
കേണൽ റാവത്തിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി മുൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെ അനുസ്മരിച്ചു
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായ ജനറൽ ബിപിൻ റാവത്തിന്റെ സഹോദരൻ കേണൽ വിജയ് റാവത്ത് ബിജെപിയിൽ ചേർന്നു. ഉത്തരാഖണ്ഡ് സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. 'എന്റെ പിതാവ് (ജനറൽ ലക്ഷ്മൺ സിംഗ് റാവത്ത്) സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ബി.ജെ.പിക്കൊപ്പമായിരുന്നു. ഇപ്പോൾ എനിക്കൊരു അവസരം ലഭിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സവിശേഷമാണ്. അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ഈ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ്. അതാണ് ബി.ജെ.പിയിൽ ചേരാൻ എന്നെ പ്രേരിപ്പിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ സാന്നിധ്യത്തിൽ അദ്ദേഹം വ്യക്തമാക്കി.
കേണൽ റാവത്തിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി മുൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെ അനുസ്മരിച്ചു. 'ജനറൽ റാവത്തിന് ഉത്തരാഖണ്ഡിൽ കൂടുതൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ ഞങ്ങളോടൊപ്പം ചേർന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞാനും ഒരു സൈനികന്റെ മകനായതിനാൽ കൂടുതൽ സന്തോഷവാനാണ്. ജനറൽ റാവത്തിനെ നഷ്ടപ്പെട്ടത് മുതൽ ഞങ്ങൾക്ക് ഒരു ശൂന്യത അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ സഹോദരൻ ഇപ്പോൾ ഞങ്ങളോടൊപ്പമുണ്ട്. പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. കേണൽ വിജയ് റാവത്തിന്റെ മകനും കരസേനയിൽ സേവനമനുഷ്ഠിക്കുകയീാണ്. 34 വർഷത്തെ സേവനത്തിനിടയിൽ ഇന്ത്യയിലുടനീളം നിരവധി പോസ്റ്റിംഗുകളിൽ പ്രവർത്തിച്ചയാളാണ് വിജയ് റാവത്ത്. അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂന്ന് തലമുറകൾ ഇന്ത്യൻ സേനയ്ക്കു വേണ്ടി പ്രവർത്തിച്ചു.
ഉത്തരാഖണ്ഡിൽ ജനിച്ച ജനറൽ ബിപിൻ റാവത്തും ഭാര്യയും മറ്റ് 12 സൈനികരും കഴിഞ്ഞ മാസം തമിഴ്നാട്ടിലെ കോണൂരിൽ ഹെലികോപ്റ്റർ ദുരന്തത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. താഴ്വരയിലെ പ്രതികൂലമായ കാലാവസ്ഥയാണ് ഹെലിക്കോപ്പ്റ്റർ ദുരന്തത്തിന് കാരണമായതെന്ന് അന്വേഷണ സംഘം കണ്ടെത്തി. മൂന്ന് വർഷം മുമ്പ് അദ്ദേഹം കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ചിരുന്നു. ഉത്തരാഖണ്ഡിൽ ഫെബ്രുവരി 14 നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.