ലഖിംപൂര്‍ ഖേരിയിലെത്തിയാല്‍ രാഹുല്‍ ഗാന്ധിയെ തടയുമെന്ന് ജില്ലാ ഭരണകൂടം
എന്നാല്‍ ലഖിംപൂർ സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. കർഷകർക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു
ലഖിംപൂര്‍ ഖേരിയിലെത്തിയാല്‍ രാഹുല്‍ ഗാന്ധിയെ തടയുമെന്ന് ജില്ലാ ഭരണകൂടം. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ലഖിംപൂരിലേക്ക് ആരേയും പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് യുപി പോലീസ് അറിയിച്ചു. എന്നാല്‍ ലഖിംപൂർ സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം.
കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാൻ ലഖിംപൂരിലേക്ക് പോകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പറഞ്ഞു. കർഷകർക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലഖിംപൂർ ഖേരിയിലേക്കുള്ള യാത്രയ്ക്ക് അനുമതി നിഷേധിക്കപ്പെട്ട ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
'സർക്കാർ കർഷകരെ അപമാനിക്കുകയും കൊല്ലുകയുമാണ്. അവർക്ക് കർഷകരുടെ ശക്തി മനസ്സിലായിട്ടില്ല. ലഖിംപൂരിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു പേർക്ക് അവിടെ പോകാനേ നിരോധമുള്ളൂ. മൂന്നു പേർ അവിടേക്ക് പോകും'- രാഹുൽ ഗാന്ധി പറഞ്ഞു. മന്ത്രിക്കും മകനുമെതിരെ ഇതുവരെ നടപടിയെടുത്തില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ബുധനാഴ്ച ഉച്ചയോടെ വിമാന മാർഗം ലഖ്നൗവിൽ എത്തുന്ന രാഹുൽ ഗാന്ധി റോഡ് മാർഗം ലഖിംപൂർ ഖേരിയിൽ പോകാൻ ആണ് ഉദ്ദേശിക്കുന്നത്. ഇതിന് മുൻമ്പ് ലഖ്‌നൗവിൽ വരാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കൾക്കും സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചിരുന്നു.
അതേസമയം 48 മണിക്കൂറിലേറെയായി കരുതൽ തടങ്കലിൽ കഴിയുന്ന പ്രിയങ്ക ഗാന്ധിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. പ്രിയങ്കയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ആണ് സീതാപൂർ പോലീസ് കേന്ദ്രത്തിന് മുൻപിൽ നടക്കുന്നത്.