ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് മാറ്റി; നടപടി ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെ തുടർന്ന്
ഫൈസൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സസ്‌പെൻഡ് ചെയ്തിരുന്നു
ഡൽഹി: ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. വധശ്രമക്കേസിൽ ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് മുഹമ്മദ് ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെ തുടർന്നാണ് നടപടി.
ഫൈസൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സസ്‌പെൻഡ് ചെയ്തിരുന്നു. ശിക്ഷാവിധിയും കോടതി സസ്‌പെൻഡ് ചെയ്തു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻറെതായിരുന്നു ഉത്തരവ്. ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിട്ടില്ലെന്നും സാക്ഷിമൊഴികളിൽ വൈരുധ്യമുണ്ടെന്നുമാണ് ഫൈസലിൻറെയും കൂട്ടുപ്രതികളുടെയും വാദം. കേസിലെ സാക്ഷിമൊഴികളിൽ വൈരുധ്യമില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. ആയുധങ്ങൾ കണ്ടെടുത്തില്ലെങ്കിലും പ്രതികൾക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ 10 വർഷത്തെ തടവു ശിക്ഷയായിരുന്നു ലഭിച്ചത്.
2009ലെ പൊതു തിരഞ്ഞെടുപ്പ് ദിനത്തിൽ കോൺഗ്രസ് പ്രവർത്തകനും മുൻ കേന്ദ്രമന്ത്രി പി.എം. സഈദിന്റെ മകളുടെ ഭർത്താവുമായ മുഹമ്മദ് സാലിഹിനെതിരെ നടത്തിയ വധശ്രമത്തിന്റെ പേരിലാണ് മുഹമ്മദ് ഫൈസലും മറ്റ് മൂന്ന് പേരെയും കവരത്തി ജില്ലാ കോടതി ശിക്ഷിച്ച് കണ്ണൂർ ജയിലിൽ അടച്ചത്.
ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഫൈസലിൻറെ എം.പി സ്ഥാനം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഫെബ്രുവരി 27ന് ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.