പാകിസ്താനിൽ വിവാഹത്തിന് പോയ കുടുംബത്തിന് തിരിച്ചുവരാനാകുന്നില്ല; കേന്ദ്ര സർക്കാർ സഹായം തേടി ബന്ധുക്കൾ

മൂന്ന് മാസത്തെ വിസയാണ് ഇവർക്ക് അനുവദിച്ചിരുന്നത്

Update: 2024-08-11 02:56 GMT
uttar pradesh family at pakistan
AddThis Website Tools
Advertising

ന്യൂഡൽഹി: പാകിസ്താനിൽ ബന്ധുവിന്റെ വിവാഹചടങ്ങിൽ പ​ങ്കെടുക്കാൻ പോയ ഉത്തർ ​പ്രദേശിലെ കുടുംബത്തിന് രണ്ട് വർഷമായിട്ടും തിരിച്ചുവരാനാകുന്നില്ല. ഉത്തർ പ്രദേശിലെ രാംപുറിലുള്ള മജീദ് ഹുസൈനും കുടുംബവുമാണ് പാകിസ്താനിൽ കുടുങ്ങിയത്. വിസയുമായി ബന്ധപ്പെട്ട നൂലാമാലകളാണ് തിരിച്ചടിയാകുന്നത്. കുടുംബത്തെ തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

മജീദ് ഹുസൈൻ 2007ലാണ് പാകിസ്താനിയായ താഹിർ ജബീനെ വിവാഹം കഴിക്കുന്നത്. കല്യാണശേഷം കുടുംബസമേതം രാംപുറിലായിരുന്നു താമസം. 2022ലാണ് ഇരുവരും മൂന്ന് മക്കളോ​ടൊപ്പം താഹിർ ജബീന്റെ സഹോദരന്റെ വിവാഹത്തിൽ പ​ങ്കെടുക്കാനായി പാകിസ്താനിലേക്ക് പോകുന്നത്.

മൂന്ന് മാസത്തെ വിസയാണ് ഇവർക്ക് അനുവദിച്ചിരുന്നത്. എന്നാൽ, അപ്രതീക്ഷിത കാരണങ്ങളാൽ ഇവർക്ക് രണ്ട് ദിവസം അധികം പാകിസ്താനിൽ തങ്ങേണ്ടി വന്നു. ഇതോടെ വിസയുടെ കാലാവധി തീർന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു.

പാകിസ്താൻ അധികൃതർക്ക് മുന്നിൽ ആവശ്യമായ രേഖകൾ എല്ലാം നൽകിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് മജീദിന്റെ മാതാവ് ഫമിദ പറഞ്ഞു. മജീദിനും കുട്ടികൾക്കും വിസ ലഭിക്കാൻ അർഹതയുണ്ടെന്നും എന്നാൽ, താഹിറിന്റെ വിസ അപേക്ഷ നിരന്തരം നിരസിക്കുകയാണെന്നും ഇവരുടെ ബന്ധു ഷാക്കിർ അലി പറഞ്ഞു. കുടുംബത്തെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News