ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ്‌ ഫൈസലിന്റെ ഹരജി നാളെ പരിഗണിക്കും

വധശ്രമക്കേസിൽ കവരത്തി സെഷൻസ് കോടതി ശിക്ഷിച്ചതിനെ തുടർന്ന് ജനുവരി 11മുതലാണ് ഫൈസലിനെ ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്

Update: 2023-03-27 08:35 GMT
Advertising

ന്യൂഡൽഹി: ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ്‌ ഫൈസലിന്റെ ഹരജി നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി. തന്നെ അയോഗ്യനാക്കിയ വിജ്ഞാപനം പിൻവലിക്കാത്ത ലോക്‌സഭാ സെക്രട്ടേറിയറ്റിനെതിരെ മുഹമ്മദ്‌ ഫൈസൽ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹരജി പരാമർശിച്ചു. കേസിൽ ലോക്സഭാ സെക്രട്ടറിയേറ്റാണ് എതിർകക്ഷി. 10 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും പാർലമെന്റ് അംഗ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ വിജ്ഞാപനം പിൻവലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫൈസലിന്റെ നീക്കം.

വധശ്രമക്കേസിൽ കവരത്തി സെഷൻസ് കോടതി ശിക്ഷിച്ചതിനെ തുടർന്ന് ജനുവരി 11മുതലാണ് ഫൈസലിനെ ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് ജനുവരി 13ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. തന്റെ ശിക്ഷ ജനുവരി 25ന് ഹൈക്കോടതി സ്റ്റേ ചെയ്‌തിട്ടും വിജ്ഞാപനം പിൻവലിക്കാൻ ലോക്സഭാ സെക്രട്ടേറിയറ്റ് തയാറായിട്ടില്ലെന്ന് അഭിഭാഷകൻ കെ.ആർ ശശിപ്രഭു മുഖേന സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഫൈസൽ പറഞ്ഞു.

ലക്ഷദ്വീപ് മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗത്വത്തിൽ നിന്ന് ഹരജിക്കാരനെ അയോഗ്യനാക്കിയ 2023 ജനുവരി 13ലെ വിജ്ഞാപനം പിൻവലിക്കാത്ത ലോക്‌സഭാ സെക്രട്ടറി ജനറലിന്റെ നിയമവിരുദ്ധമായ ഉദാസീനതയ്ക്കെതിരെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഇടപെടാൻ കോടതിയോട് അഭ്യർഥിക്കുന്നതായി ഹരജിയിൽ പറയുന്നു.

ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യതാ വിജ്ഞാപനം അസാധുവാക്കിയില്ലെന്ന് മാത്രമല്ല, പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലും ഇപ്പോൾ നടക്കുന്ന സമ്മേളനത്തിലും പങ്കെടുക്കാൻ ഫൈസലിന് അനുമതി നിഷേധിച്ചെന്നും ഹരജിയിൽ പറയുന്നു. ജനുവരി 11നാണ് വിചാരണ കോടതി ഫൈസലിനെ 10 വർഷം തടവിന് ശിക്ഷിച്ചത്. പിന്നീട്, ഈ വിധിക്കെതിരായ ഫൈസലിന്റെ അപ്പീൽ പരി​ഗണിച്ച ഹൈക്കോടതി ശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു.

തുടർന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രിംകോടതിയിൽ അപ്പീൽ നൽകി. ഇത് പരി​ഗണിച്ച കോടതി, ഫെബ്രുവരി 20ന് ഫൈസലിന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. ലോക്സഭയിലെ അംഗത്വം തിരികെ ലഭിക്കാൻ കോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ഫൈസൽ വ്യക്തമാക്കിയിരുന്നു.

ശിക്ഷയ്ക്ക് സ്റ്റേ ലഭിച്ചിട്ട് രണ്ട് മാസമായിട്ടും എം.പിയായി അംഗീകരിക്കുന്നില്ലെന്നും രാഷ്‌ട്രപതി ലക്ഷദ്വീപ് സന്ദർശിച്ചപ്പോൾ തന്നെ ക്ഷണിച്ചില്ലെന്നും ഫൈസൽ പറഞ്ഞു. രാഹുൽ ഗാന്ധിക്കും തനിക്കും ഒരേ അനുഭവമാണെന്നും എൻസിപി നേതാവായ ഫൈസൽ വ്യക്തമാക്കി. പലതവണ ലോക്സഭയിൽ ചെന്ന് സ്പീക്കറെ കണ്ടെങ്കിലും യാതൊരുവിധ നടപടി ഉണ്ടായില്ല.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News