തമിഴകത്തെ രാഷ്ട്രീയ ദളപതി

തമിഴ്‌ രാഷ്ട്രീയത്തില്‍ കൈമോശം വന്ന ദ്രാവിഡ മൂല്യങ്ങളെ, ജാതി ഉന്മൂലന പോരാട്ടങ്ങളെ വീണ്ടും അടയാളപ്പെടുത്തുന്ന, ഹിന്ദുത്വശക്തികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന സ്റ്റാലിന്‍ യുഗം തമിഴ്നാടിന്റെ നാളെകളെ എങ്ങനെ സ്വാധീനിക്കും?

Update: 2021-11-14 16:41 GMT
Advertising

1953 മാർച്ച്‌ അഞ്ച്, അന്നായിരുന്നു സോവിയറ്റ് യൂണിയന്റെ പരമോന്നത നേതാവും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന ജോസഫ് സ്റ്റാലിൻ മരിക്കുന്നത്. ലോകത്താകമാനം കമ്മ്യൂണിസ്റ്റ്‌ അനുഗാമികൾ പ്രിയ നേതാവിന് അനുശോചനമറിയിക്കാൻ പലയിടങ്ങളിലും ഒത്തുകൂടി. ദ്രാവിഡ കഴകം തമിഴ് ജനതയിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങുന്ന നാളുകളായിരുന്നു അത്. വിമോചനത്തിന്റെ സ്വപ്നങ്ങൾ നെഞ്ചേറ്റുന്ന ദ്രാവിഡ കഴകവും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി വളരെ അടുപ്പമുളള കാലം. ഇരു പ്രസ്ഥാനങ്ങളും അന്ന് പരമാവധി വേദികൾ പങ്കിടുകയും ചെയ്തിട്ടുണ്ട്.

ജോസഫ് സ്റ്റാലിൻ മരിച്ച് തൊട്ടടുത്ത ദിവസം, അതായത് 1953 മാർച്ച്‌ ആറിന് തമിഴ്‌നാട്ടിലെ മധുരയിൽവച്ച് ഒരു അനുശോചന യോഗം നടന്നു. പിൽക്കാലത്ത് തമിഴ്‍നാട് മക്കൾ നെഞ്ചേറ്റിയ അരസിയൽ ബിംബങ്ങളിൽ പ്രമുഖനും, ദ്രാവിഡ കഴകത്തിന്റെ തീപ്പൊരി പ്രാസംഗികനുമായിരുന്ന മുത്തുവേൽ കരുണാനിധിയും അന്ന് രാത്രി യോഗത്തിലുണ്ടായിരുന്നു. ആ വേദിയിൽ വച്ചാണ് കലൈഞ്ചർ തന്റെ സഹപ്രവർത്തകനിലൂടെ ഒരു സന്തോഷ വാർത്ത അറിയുന്നത്. ''അയ്യവുക്ക് ഒരാമ്പുള പുള്ളൈ പുറന്തിർക്ക്'' എന്നെഴുതിയ ഒരു തുണ്ട് കടലാസ് പ്രവർത്തകരിലൊരാൾ കരുണാനിധിക്ക് കൈമാറുകയായിരുന്നു. കാലം 1950കളാണെന്ന് ഓർക്കണം. ഇന്നത്തെപോലെ മൊബൈലോ വാട്സാപ്പോ ഒന്നും ഇല്ല. മാർച്ച്‌ ഒന്നാം തീയതി ചെന്നൈയിൽ വച്ച് തന്റെ ഭാര്യ ഒരാൺകുഞ്ഞിന് ജന്മം നൽകി എന്നതാണ് കലൈഞ്ചർ അഞ്ച് ദിവസങ്ങൾക്കു ശേഷം അറിയുന്നത്.


ജോസഫ് സ്റ്റാലിനെ സംബന്ധിച്ച കഥകളും ചരിത്ര സംഭവങ്ങളും എല്ലാം ചേർത്ത് ഗംഭീര പ്രസംഗത്തിലൂടെ തന്നെ ശ്രവിക്കാനെത്തിയ ജന നിബിഡത്തെ കയ്യിലെടുത്ത കരുണാനിധി, മകൻ പിറന്ന സന്തോഷ വാർത്തയും അവരെ അറിയിച്ചു. തനിക്കേറെ ആദരവുള്ള നേതാവിന്റെ ഓർമയ്ക്കായി "ഇതേ മേടയിലെ എൻ ആൺ കൊഴന്തയ്ക്ക് നാൻ സ്റ്റാലിൻ എൻ‌ട്ര് പേർ വെക്കിറേൻ" എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. 

തമിഴ്നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കസേരയിലെത്തിയ മുത്തുവേൽ കരുണാനിധി സ്റ്റാലിൻ, അഥവാ എം കെ സ്റ്റാലിൻ പെട്ടെന്നൊരു ദിവസം അവരോധിക്കപ്പെട്ട നേതാവല്ല. 1967ൽ തന്റെ 13ആം വയസുമുതൽ ഡിഎംകെ വേദികളിൽ സ്റ്റാലിൻ സജീവമായിരുന്നു. സിഎൻ അണ്ണാധുരൈ, കരുണാനിധി എന്നിവർ നയിച്ച 1967 ലെ തെരഞ്ഞെടുപ്പിൽ കുട്ടിപ്രസംഗങ്ങളും മറ്റുമായി 'യങ് അട്രാക്ഷ'നായിരുന്നു സ്റ്റാലിൻ. പിന്നീട് തന്റെ യൗവ്വനകാലത്ത് സഹപാഠികളോടൊപ്പം ചേർന്ന് 'ഇലൈഞ്ജർ' അഥവ യുവ ഡിഎംകെ എന്ന സംഘടനയ്ക്ക് രൂപം നൽകുകയും രാഷ്ട്രീയ സാമൂഹ്യ പ്രക്ഷോഭങ്ങളിൽ സജീവമാകുകയും ചെയ്തു.


1973ലാണ് ഡിഎംകെയുടെ ജനറൽ കമ്മിറ്റിയിൽ സ്റ്റാലിൻ അംഗമാകുന്നത്. 75ൽ അടിയന്തരാവസ്ഥ കാലത്തെ ജയിൽവാസമാണ് സ്റ്റാലിനെ രാഷ്ട്രീയത്തിൽ കൃത്യമായി അടയാളപ്പെടുത്തിയതെന്ന് പറയാം.1984 ഓടെ സ്റ്റാലിൻ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. ഇപ്പോൾ തൊസന്റ് ലൈറ്റ്സ് എന്നറിയപ്പെടുന്ന ആയിരവിളക്ക് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും തോറ്റു. അന്ന് 234ൽ 195 സീറ്റുകളും എം ജി ആർ പ്രഭാവത്തിൽ തമിഴ് മക്കളെ സ്വാധീനിച്ച എഐഎഡിഎംകെ സ്വന്തമാക്കി. എന്നാൽ 1989ലെ തെരഞ്ഞെടുപ്പിൽ സ്റ്റാലിൻ തൗസന്റ് ലൈറ്റ്സ് പിടിച്ചെടുത്തു. ഇതിനൊപ്പം തന്നെ പാർട്ടിക്കുളളിൽ സ്റ്റാലിനെക്കാൾ പിന്തുണ വൈ. ഗോപാൽസ്വാമിയെന്ന വൈകോയ്ക്ക് കിട്ടി. പിന്നീട് വൈക്കോ ഡ‍ിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും സ്റ്റാലിന് അനുകൂലമായിരുന്നില്ല ജനാഭിപ്രായങ്ങൾ.

1996ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സമയത്ത് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ മദ്രാസ് കോർപറേഷന്റെ മേയറായും സ്റ്റാലിൻ എത്തി. ഈ പദവിയിലിരിക്കെയാണ് സ്റ്റാലിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനശ്രദ്ധ നേടുന്നത്. ഇന്ന് ചെന്നൈയുടെ ആകര്‍ഷക കേന്ദ്രങ്ങളായ ഫ്ളൈ ഓവറുകളും പൊതു ഉദ്യാനങ്ങളുമുണ്ടായത് അക്കാലത്താണ്. കോര്‍പ്പറേഷന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മുഖം നല്‍കുകയും ചെയ്തു സ്റ്റാലിന്‍.


കരുണാനിധിയുടെ പുത്രന്‍, പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്നിങ്ങനെയുള്ള ലേബലുകളില്‍ നിന്ന് മാറി കാര്യപ്രാപ്തിയുള്ള ഒരു ഭരണാധികാരിയായി സ്റ്റാലിന്‍ അടയാളപ്പെടുത്തപ്പെട്ടത് ഇക്കാലത്താണ്. രണ്ടാം തവണയും മേയർ സ്ഥാനത്തേക്ക് സ്റ്റാലിൻ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ജയലളിത അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ, 2002 ൽ ഇരട്ട പദവി പാടില്ലെന്ന ചട്ടം കൊണ്ടുവന്നു. അങ്ങനെ സ്റ്റാലിൻ മേയർ പദവി ഉപേക്ഷിക്കുകയും എംഎൽഎ എന്ന നിലയിൽ തുടരുകയുമായിരുന്നു.

1967 മുതൽ പാർട്ടി പ്രവർത്തനങ്ങളുടെ ഭാഗമായ സ്റ്റാലിൻ നീണ്ട 39 വർഷങ്ങൾക്ക് ശേഷം 2006ലാണ് ആദ്യമായി മന്ത്രിയാകുന്നത്. 2009ൽ കരുണാനിധിയെ ഭരണത്തിൽ സഹായിക്കാൻ തമിഴ്നാടിന്റെ ആദ്യ ഉപ മുഖ്യമന്ത്രിയുമായി. കരുണാനിധിയുടെ സൈന്യാധിപൻ എന്ന അർത്ഥത്തിൽ രാഷ്ട്രീയ ദളപതി എന്ന വിളിപ്പേരും അദ്ദേഹത്തിന് ചാർത്തികിട്ടി. കാവേരി ബോർഡ് വിഷയം, തൂത്തുകുടി സ്റ്റെർലൈറ്റ് വെടിവെപ്പ് സംഭവം, കർഷക സമരങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ സ്റ്റാലിന്റെ മാതൃകപരമായ ഇടപെടൽ ഡിഎംകെ ക്യാമ്പുകളെ പ്രകമ്പനം കൊള്ളിച്ചു.


റേഷൻ കാർഡ് ഒന്നിന് നാലായിരം രൂപ കൊവിഡ് കാല സാഹായം, സ്ത്രീകൾക്ക് സിറ്റി ബസുകളിൽ സൗജന്യ യാത്ര, അവിൻ പാലിന്റെ വില 3രൂപ കുറക്കുന്നു, മുഖ്യമന്ത്രി നിങ്ങളുടെ മണ്ഡലത്തിൽ പദ്ധതി, സർക്കാർ ഇൻഷുറൻസ് ഉപയോഗിച്ച് തന്നെ സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ഇങ്ങനെ അഞ്ച് ജനപ്രിയ പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ടായിരുന്നു തമിഴ്നാടിന്റെ മുതൽ അമയ്ച്ചർ മു ക സ്റ്റാലിൻ 2021 മെയ്‌ ഏഴിന് ഭരണത്തിലേറുന്നത്.


ആഗോള പ്രശസ്തരായ സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി സാമ്പത്തിക ഉപദേശക സമിതി രൂപീകരിച്ചു, പെട്രോൾ വില കുറച്ചു, കോവിഡ് പ്രതിസന്ധി മറികടക്കാൻ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 7.5 ശതമാനം റിസര്‍വേഷന്‍ നടപ്പിലാക്കി, ക്ഷേത്രങ്ങളിൽ ബ്രാഹ്മണേതര പൂജാരികളെ നിയമിച്ചു, പാഠ പുസ്തകങ്ങളില്‍നിന്ന് പ്രശസ്തരായവരുടെ പേരുകള്‍ക്ക് ഒപ്പം ചേര്‍ത്ത ജാതിവാല്‍ ഒഴിവാക്കി...അങ്ങനെ അങ്ങനെ സ്റ്റാലിനെ പരാമർശിക്കാതെ കടന്നുപോകുന്ന വാർത്താ ദിനങ്ങൾ അപൂർവമായി.

ഇതിലേറ്റവും പ്രധാനപ്പെട്ട മറ്റൊരു നീക്കം കേന്ദ്രസർക്കാരിനെ വിശേഷിപ്പിക്കാൻ ഒന്‍ഡ്രിയ അരസ് അഥവാ യൂണിയൻ ഗവൺമെന്റ് എന്ന വാക്ക് തിരികെ കൊണ്ടുവന്നതാണ്. നേരത്തെ മാത്തിയ അരസ് അഥവാ കേന്ദ്രസർക്കാർ എന്ന പദമായിരുന്നു തമിഴ്നാട് ഉപയോഗിച്ചിരുന്നത്. ഭാഷാ പ്രയോഗങ്ങളുടെ രാഷ്ട്രീയത്തിൽ ആവേശം കൊളളുന്ന ദ്രാവിഡ ജനതയുടെ മനസ് അറിഞ്ഞുളള നീക്കമായിരുന്നു ഇത്.

സൂര്യ ചിത്രം ജയ് ഭീമിന് പിന്നാലെ നരിക്കുറവ, ഇരുള സമുദായാംഗങ്ങൾക്കായി പ്രത്യേക സഹായ പദ്ധതികൾ പ്രഖ്യാപിച്ചതും ക്ഷേത്രത്തിൽ ഭക്ഷണം നിഷേധിക്കപ്പെട്ട ആദിവർഗ നരിക്കുറവ വിഭാഗത്തിലെ അശ്വിനിയെന്ന യുവതിക്കുവേണ്ടി ഇടപെട്ടതും മഴക്കെടുതിയിൽ വലഞ്ഞ ജനത്തെ നേരിട്ടെത്തി സമാശ്വസിപ്പിച്ചതുമൊക്കെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ തമിഴ് സ്റ്റാലിനിസം നിറഞ്ഞു നിന്ന വാർത്തകൾ.


തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കൈമോശം വന്ന ദ്രാവിഡ രാഷ്ട്രീയമൂല്യങ്ങളെ, ജാതി ഉന്മൂലന പോരാട്ടങ്ങളെ വീണ്ടും അടയാളപ്പെടുത്താനാണ് സ്റ്റാലിൻ ശ്രമിക്കുന്നത്, അതിന് ഹിന്ദുത്വശക്തികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുക എന്ന വിശാലമായ ലക്ഷ്യവുമുണ്ട്. അതേസമയം ജനപ്രിയ പദ്ധതികൾ പി ആർ വർക്കിന്റെ ഭാഗമാണെന്ന മറുവാദങ്ങളും ശക്തമാണ്...പക്ഷെ അപ്പോഴും പറയാം സ്റ്റാലിൻ യുഗം തമിഴ്നാടിന്റെ നാളെകളെ സ്വാധീനിക്കുമെന്ന്. സ്റ്റാലിന്‍ താന്‍ വര്‍റാര്, വിടിയലൈത്താന്‍ തര്‍റാര്' എന്ന ഡി എം കെ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമാണ് ഇവിടെ യഥാർഥ്യമാകുന്നത്. അതെ, സ്റ്റാലിൻ തമിഴ് മക്കളിലേക്ക് പരക്കുന്ന പുലരൊളി തന്നെ.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

Contributor - ഹരിഷ്മ വടക്കിനകത്ത്

contributor

Similar News