'അംബാനി കുടുംബത്തിന്റെ സുരക്ഷയിൽ നിങ്ങൾക്ക് എന്താണ് കാര്യം'; സുരക്ഷ ചോദ്യം ചെയ്തുള്ള ഹരജി തള്ളി സുപ്രിംകോടതി

അംബാനിക്ക് സെഡ് പ്ലസ് കാറ്റഗറിയിലും നിതാ അംബാനിക്ക് വൈ കാറ്റഗറിയിലുമാണ് സുരക്ഷ നൽകുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരടക്കം ചുരുക്കം ചിലർക്കാണ് സെഡ് പ്ലസ് സുരക്ഷ നൽകുന്നത്

Update: 2022-07-23 01:25 GMT
Advertising

ന്യൂഡൽഹി: വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും കേന്ദ്രസർക്കാർ സുരക്ഷ നൽകുന്നത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രിംകോടതി തള്ളി. ഇത് സംബന്ധിച്ച് ത്രിപുര ഹൈക്കോടതിയിലെ തുടർ നടപടികൾ സുപ്രിംകോടതി മരവിപ്പിക്കുകയും ചെയ്തു. മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും നൽകുന്ന സുരക്ഷ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും അവസാനിപ്പിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിടുകയായിരുന്നു. ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമാ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. അംബാനി കുടുംബത്തിന്റെ സുരക്ഷയിൽ ഹരജിക്കാരനായ ബികാഷ് സാഹക്ക് എന്താണ് കാര്യമെന്ന് കോടതി ചോദിച്ചു.

ബികാഷ് സാഹ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിൽ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ നേരത്തെ ത്രിപുര ഹൈക്കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് നിർദേശിച്ചിരുന്നു. കേന്ദ്ര സുരക്ഷയ്ക്ക് അംബാനി കുടുംബം കേന്ദ്രസർക്കാരിന് പണം നൽകുന്നുണ്ടെന്നു മുകേഷ് അംബാനിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു. മുകേഷ് അംബാനിയെ കൂടാതെ നിത അംബാനി, മക്കളായ ആകാശ്, അനന്ത്, ഇഷ എന്നിവർക്കും സുരക്ഷയുണ്ട്. സർക്കാരിൽ പണമടച്ച ബില്ലുകളും കോടതിയിൽ ഹാജരാക്കി. തൃപുരയിലുള്ള പരാതിക്കാരന് മുംബൈയിലുള്ള അംബാനി കുടുംബത്തിന്റെ സുരക്ഷയിൽ ഒരു കാര്യവുമില്ലെന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേത്തയും പറഞ്ഞു.

മുംബൈയിൽ നൽകുന്ന സുരക്ഷയിൽ ത്രിപുര ഹൈക്കോടതി കേസെടുത്തതിലെ സാംഗത്യവും സുപ്രിംകോടതി ചോദ്യം ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ കമ്പനിയുടെ ഉടമയും അഞ്ച് ദശലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്ന ആളുമാണ് മുകേഷ് അംബാനി. ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

അംബാനിക്ക് സെഡ് പ്ലസ് കാറ്റഗറിയിലും നിതാ അംബാനിക്ക് വൈ കാറ്റഗറിയിലുമാണ് സുരക്ഷ നൽകുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരടക്കം ചുരുക്കം ചിലർക്കാണ് സെഡ് പ്ലസ് സുരക്ഷ നൽകുന്നത്. ആയുധ ധാരികളായ 50-55 സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് അംഗങ്ങളാണ് ഈ കാറ്റഗറിയിൽപ്പെടുന്നവർക്ക് മുഴുവൻ സമയ സുരക്ഷ നൽകുക. ബുള്ളറ്റ് പ്രൂഫ് കാർ, മൂന്ന് ഷിഫ്റ്റുകളിൽ എസ്‌കോർട്ട്, ആവശ്യമുള്ളപ്പോൾ അധിക സുരക്ഷ എന്നിവയും ലഭിക്കും. ആവശ്യമെങ്കിൽ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) കമാൻഡോകളുടെ അധിക പരിരക്ഷയും നൽകാം.

അംബാനി മുംബൈയിലോ രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ നീങ്ങുമ്പോഴെല്ലാം അത്യാധുനിക ആയുധങ്ങളുമായി കമാൻഡോകളുള്ള ഒരു പൈലറ്റും ഫോളോ-ഓൺ വാഹനങ്ങളും എപ്പോഴും ഒപ്പമുണ്ടാകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇൻറലിജൻറ്‌സ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ കാറ്റഗറി തീരുമാനിക്കുക.


Full View

The Supreme Court rejected the petition questioning the security of the Ambani family

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News