‘ക്ഷമിക്കണം മമ്മി, പപ്പാ. ഇതാണ് എനിക്ക് ഉള്ള അവസാന ഓപ്ഷൻ’ മത്സര പരീക്ഷക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥിനി മരിച്ച നിലയിൽ
ഈ മാസം രണ്ടാമത്തെ മരണമാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു
കോട്ട: മത്സര പരീക്ഷക്ക് തയാറടുത്തിരുന്ന വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ജോയിൻ്റ് എൻട്രൻസ് പരീക്ഷയ്‌ക്ക് (ജെഇഇ) തയ്യാറെടുക്കുന്നതിനിടെയാണ് 18 കാരിയായ നിഹാരിക സിങിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാനിലെ കോട്ടയിലാണ് മത്സര പരീക്ഷയുടെ സമ്മർദ്ദം താങ്ങാനാകാതെ വിദ്യാർഥി മരണം തെരഞ്ഞെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഈ മാസം രണ്ടാമത്തെ വിദ്യാർഥിയുടെ മരണമാണ് പ്രദേശത്തെന്നും പൊലീസ് പറഞ്ഞു.
ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ മകളെ രക്ഷിതാക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണം തിരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കിയ കത്ത് നിഹാരികയുടെ മുറിയിൽ നിന്ന് പൊലീസ് കണ്ടെത്തി.
‘മമ്മീ, പപ്പാ, എനിക്ക് ജെഇഇ പരീക്ഷ കടക്കാൻ കഴിയില്ല. അതിനാൽ ഞാൻ പോകുന്നു.ഞാൻ തോറ്റവളാണ്. ഏറ്റവും മോശമായ മകളാണ് ഞാൻ. ക്ഷമിക്കണം മമ്മി, പപ്പാ. ഇതാണ് എനിക്ക് ഉള്ള അവസാന ഓപ്ഷൻ’ എന്നാണ് കത്തിലുള്ളത്.
ബാങ്ക് ഉദ്യോഗസ്ഥനാണ് നിഹാരികയുടെ പിതാവ്. മത്സര പരീക്ഷകളുടെ കടുത്ത സമ്മർദ്ദവും അവൾക്കുണ്ടായിരുന്നു. പ്ലസ് ടു റിപ്പീറ്റ് ചെയ്യുന്നതിന്റെ ഭാഗമായുള്ള കോച്ചിങ്ങിലായിരുന്നു. ദിവസേന ഏഴ് മുതൽ എട്ട് മണിക്കൂർ വരെ പഠനത്തിനായി അവൾ ചെലവഴിച്ചിരുന്നു പൊലീസ് പറഞ്ഞു.
കോട്ടയിൽ തന്നെ കഴിഞ്ഞയാഴ്ച മറ്റൊരു മറ്റൊരു വിദ്യാർത്ഥിയും ജീവനൊടുക്കിയിരുന്നു. കഴിഞ്ഞ വർഷം മത്സര പരീക്ഷക്ക് തയാടെുത്തിരുന്ന ജീവനൊടുക്കിയ വിദ്യാർഥികളുടെ എണ്ണം കുത്തനെ ഉയർന്നതിനെ തുടർന്ന് കോച്ചിംഗ് സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നു.
വിദ്യാർത്ഥികൾക്ക് മുകളിൽ കോച്ചിംഗ് സെന്ററുകളും രക്ഷിതാക്കളും ചെലുത്തുന്ന സമ്മർദ്ദത്തിൽ സമഗ്രമായ പരിഷ്‌ക്കരണം ആവശ്യമാണെന്ന് കോട്ട മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ ഭരത് സിംഗ് ഷെഖാവത്ത് പറഞ്ഞു.