പാർട്ടിക്ക് അധികാരമുള്ളതുകൊണ്ട് മാത്രം നോൺ വെജ് ഭക്ഷണശാലകളെ നശിപ്പിക്കരുത്; രൂക്ഷവിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി
നോൺ വെജ് ഭക്ഷണവിൽപനക്കെതിരെയല്ല നടപടിയെന്നും റോഡ് കയ്യേറിയ കച്ചവടക്കാർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്നും മുൻസിപ്പൽ കോർപറേഷന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
തെരുവിൽ നോൺ വെജ് ഭക്ഷണശാലകൾ പ്രവർത്തിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയ അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷനെതിരെ രൂക്ഷ വിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി. ഏതാനും തെരുവ് കച്ചവടക്കാർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ബിരേൻ വൈഷ്ണവ് മുൻസിപ്പൽ കോർപറേഷൻ നടപടിയെ വിമർശിച്ചത്. പാർട്ടിക്ക് അധികാരമുള്ളതുകൊണ്ടോ അല്ലെങ്കിൽ ഏതാനും പേരുടെ ഈഗോയുടെ പേരിലോ നോൺ വെജ് ഭക്ഷണശാലകളെ ഇല്ലാതാക്കരുത്-ജസ്റ്റിസ് ബിരേൻ വൈഷ്ണവ് പറഞ്ഞു.
''ഞങ്ങൾ എന്ത് കഴിക്കണമെന്ന് നിങ്ങളാണോ തീരുമാനിക്കുക? അധികാരത്തിലിരിക്കുന്ന ഒരാൾക്ക് തങ്ങൾ ഇതാണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്ന് തോന്നിയതുകൊണ്ടാണോ? നാളെ എന്റെ വീടിന് പുറത്ത് ഞാൻ എന്താണ് കഴിക്കേണ്ടത് എന്നും നിങ്ങൾ തീരുമാനിക്കുമോ? നാളെ നിങ്ങളെന്നോട് കരിമ്പ് ജ്യൂസ് കുടിക്കരുത് അത് ഡയബറ്റിസിന് കാരണമാവും, അല്ലെങ്കിൽ ആ കാപ്പി കുടിക്കരുത് എന്റെ ആരോഗ്യത്തിന് ഹാനികരമാണ് എന്നൊക്കെ പറയില്ലേ?''- ജസ്റ്റിസ് ബിരേൻ വൈഷ്ണവ് ചോദിച്ചു.
എന്നാൽ നോൺ വെജ് ഭക്ഷണവിൽപനക്കെതിരെയല്ല നടപടിയെന്നും റോഡ് കയ്യേറിയ കച്ചവടക്കാർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്നും മുൻസിപ്പൽ കോർപറേഷന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഏതെങ്കിലും ഒരു വിഭാഗം കച്ചവടക്കാർക്കെതിരെ മാത്രമല്ല നടപടി സ്വീകരിച്ചത്. നോൺ വെജ് കച്ചവടക്കാർക്കെതിരെ മാത്രമായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. റോഡ് കയ്യേറിയ കച്ചവടക്കാർക്കെതിരെയാണ് നടപടി സ്വകരിച്ചത്. ഇത് വിവിധ കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ചെയ്തത്. നിയമത്തിന്റെ പിൻബലത്തിലാണ് കോർപറേഷൻ നടപടിയെന്നും മുൻസിപ്പൽ കോർപറേഷൻ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
ഗുജറാത്തിലെ രാജ്‌കോട്ട്, അഹമ്മദാബാദ് കോർപറേഷനുകളാണ് നോൺ വെജ് ഭക്ഷണശാലകൾക്കെതിരെ നടപടി സ്വീകരിച്ചത്. പരസ്യമായി മാംസാഹാരം വിൽക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാരോപിച്ചായിരുന്നു നടപടി. നിയമപരമായി മുന്നറിയിപ്പ് നൽകാതെ ഏകപക്ഷീയമായി കച്ചവടക്കാരെ ഒഴിപ്പിക്കുകയായിരുന്നു.