"നമ്മുടെ താല്‍പര്യങ്ങളേക്കാളും വലുത് രാജ്യത്തിന്‍റെ ഭാവി", 2024 ലോക്‍സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമാകണമെന്ന് സോണിയ ഗാന്ധി
മമത ബാനര്‍ജി, ശരത് പവാര്‍, എം.കെ.സ്റ്റാലിൻ, തേജസ്വി യാദവ്, ഉദ്ദവ് താക്കറെ, സീതാറാം യെച്ചൂരി, ഡി.രാജ തുടങ്ങി 19 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അത്യന്തികമായ ലക്ഷ്യമായിരിക്കണമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. അതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും പാർലമെന്റിന് പുറത്തും പ്രതിപക്ഷം യോജിച്ച് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. പാർടി താല്പര്യത്തിന് അതീതമായി രാജ്യതാൽപ്പര്യത്തിന് പ്രാധാന്യം നൽകിയുള്ള നീക്കങ്ങളുണ്ടാകണം. പ്രതിപക്ഷ പാർട്ടികളുമായി നടത്തിയ വെർച്വൽ യോഗത്തിലാണ് സോണിയയുടെ നിർദേശം. തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, ഡി.എം.കെ, ശിവസേന, സി.പി.ഐ, സിപിഎം ഉൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്.
'നമുക്കെല്ലാം ഒരോ ആഗ്രഹങ്ങളും നിർബന്ധങ്ങളും ഉണ്ടാവും. എന്നാൽ അവയെക്കാളൊക്കെ ഉയരണമെന്ന് നമ്മുടെ രാജ്യം ആവശ്യപ്പെടുന്ന ഒരു സമയം വന്നിരിക്കുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പാണ് നമ്മുടെ പ്രധാന ലക്ഷ്യം. ഇതൊരു വെല്ലുവിളിയാണ്. എന്നാൽ നമുക്ക് ഒരുമിച്ച് അതു നേരിടാം, കാരണം ഒരുമിച്ചു പ്രവർത്തിക്കുന്നതിന് ഒരു ബദലുമില്ല.'– സോണിയ ഗാന്ധി പറഞ്ഞു.
കൊവിഡ് മഹാമാരിക്കിടെ സോണിയാഗാന്ധി വിളിക്കുന്ന രണ്ടാമത്തെ പ്രതിപക്ഷ യോഗമാണ് ഇന്നത്തേത്. പെഗാസസ് ഫോണ്‍ ചോര്‍ത്തൽ, കര്‍ഷക സമരം, ഇന്ധന വിലക്കയറ്റം ഉൾപ്പടെ സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭങ്ങൾക്കുള്ള തീരുമാനം യോഗത്തിലുണ്ടാകും. നേരത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളന സമയത്ത് മുമ്പൊന്നുമില്ലാത്ത രീതിയിൽ പ്രതിപക്ഷത്ത് യോജിപ്പ് പ്രകടമായിരുന്നു. ഈ രീതിയിൽ മുന്നോട്ട് പോകണമെന്നാണ് സോണിയയുടെ നിർദ്ദേശം. മമത ബാനര്‍ജി,ശരത് പവാര്‍, എം.കെ.സ്റ്റാലിൻ, തേജസ്വി യാദവ്, ഉദ്ദവ് താക്കറെ, സീതാറാം യെച്ചൂരി, ഡി.രാജ തുടങ്ങി നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.