മഹാരാഷ്ട്രയിലെ 'വിമതന്മാരെ' നേരത്തെ ഒതുക്കാൻ കോൺഗ്രസ്; ഹരിയാന ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ

കോൺഗ്രസിന് എന്നും തലവേദനയാണ് വിമതന്മാർ. വെറും 90 അംഗങ്ങളുള്ള ഹരിയാനയിൽ വിമതന്മാർ പണിപറ്റിച്ചപ്പോൾ വലിയ സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഇത്തരത്തിലുള്ള ഭീഷണികൾ ഉണ്ടാകും എന്ന് ഉറപ്പാണ്

Update: 2024-10-21 07:22 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡൽഹി: ഹരിയാനയിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ മഹാരാഷ്ട്രയിലെ 'വിമതന്മാരെ' നേരത്തെ ഒതുക്കാൻ പദ്ധതിയുമായി കോൺഗ്രസ്. സംസ്ഥാനത്തിന്റെ ഓരോ മേഖലയിലേക്കും മുതിർന്ന നേതാക്കളെ നിരീക്ഷകരായി നിയമിച്ചാണ് വിമതന്മാർ തലപൊക്കും മുമ്പെ വീഴ്ത്താൻ ഒരുങ്ങുന്നത്.

കോൺഗ്രസിന് എന്നും തീരാതലവേദനയാണ് വിമതന്മാർ. വെറും 90 അംഗങ്ങളുള്ള ഹരിയാന നിയമസഭയിൽ വിമതന്മാർ പണിപറ്റിച്ചപ്പോൾ വലിയ സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഇത്തരത്തിലുള്ള ഭീഷണികൾ ഉണ്ടാകും എന്ന് ഉറപ്പാണ്. ഇക്കാര്യം മുന്നിൽകണ്ടാണ് സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്നെ ഇവരെ ഒതുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. വിമതന്മാരുമായി സംസാരിക്കാന്‍ നിരീക്ഷകർ പ്രത്യേകം ശ്രദ്ധിക്കും. ഇവര്‍ സ്വതന്ത്രരായി മത്സരിക്കുന്നില്ലെന്ന് ഉറപ്പാക്കും. അതൊഴിവാക്കാനുള്ള വാഗ്ദാനങ്ങളം നല്‍കും. 

എല്ലാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പ്രത്യേക നിരീക്ഷകരെ നിയമിക്കാറുണ്ടെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയിൽ നിയമിച്ചിരിക്കുന്നവർ വിപുലമായ അനുഭവസമ്പത്തുള്ളവരാണ്. കൂടാതെ, അഞ്ച് മേഖലകള്‍ക്ക് ഒന്നില്‍കൂടുതല്‍ നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്.

അശോക് ഗെഹ്‌ലോട്ട്, കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര എന്നിവരെ മുംബൈ-കൊങ്കൺ മേഖലയ്ക്കും മുൻ മുഖ്യമന്ത്രിമാരായ ഭൂപേഷ് ബാഗേല്‍, ചരൺജിത് സിംഗ് ചന്നി, മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഉമംഗ് സിംഗ്ഹാര്‍ എന്നിവരെ വിദര്‍ഭ മേഖലയിലേക്കും സച്ചിൻ പൈലറ്റ്, മുതിർന്ന തെലങ്കാന മന്ത്രി ഉത്തം റെഡ്ഡി എന്നിവരെ മറാത്ത്‌വാഡ മേഖലയിലേക്കുമാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രാദേശിക വേരുകളുള്ള എഐസിസി ഭാരവാഹികളായ മുകുൾ വാസ്‌നിക്, അവിനാഷ് പാണ്ഡെ എന്നിവരെ സീനിയർ കോർഡിനേറ്റർമാരായും പാർട്ടി നിയമിച്ചിട്ടുണ്ട്. 

വിമതരാകുന്നവരെ എതിർ ടീം ചാക്കിലാക്കുന്നതും വോട്ടുകൾ വിഭജിക്കാൻ പ്രേരിപ്പിക്കുന്നതും  കോൺഗ്രസ് നിസാരമായി കാണില്ല. ഹരിയാന ഇനിയൊരിക്കലും സംഭവിക്കരുത് എന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന മുൻതൂക്കം ഹരിയാന തോൽവിയോടെ കോൺഗ്രസിന് നഷ്ടമായിട്ടുണ്ട്. തോല്‍വിക്ക് പിന്നാലെ സഖ്യകക്ഷികള്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇനി മഹാരാഷ്ട്ര കൂടി കൈവിടുന്നത് കോൺഗ്രസിന് ചിന്തിക്കാൻ പോലും പറ്റില്ല.

ഹരിയാനയിലെ പ്രധാന മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാർത്ഥികളുടെ സാധ്യതകളെ വിമതർ തകർത്തുവെന്ന് കോൺഗ്രസ് കണ്ടെത്തിയിരുന്നു. 

അതേസമയം മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ സീറ്റ് വിഭജന തർക്കങ്ങൾ ഏറക്കുറെ പൂർത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകാതെ പ്രഖ്യപനം വരും. 288ല്‍ 119 സീറ്റുകളിൽ കോൺഗ്രസും, 86 സീറ്റുകളിൽ ഉദ്ധവ് താക്കറെ വിഭാഗവും, 75 സീറ്റുകളിൽ എൻസിപി ശരത് പവർ പക്ഷവും മത്സരിക്കുമെന്നാണ് സൂചന. തര്‍ക്കമുള്ള ഏതാനും സീറ്റുകളിലും ഉടന്‍ പരിഹാരംവരും. അതേസമയം 99 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ബിജെപി കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍നിന്ന് ജനവിധി തേടും.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News