ജെല്ലിക്കെട്ട് മുതൽ ബ്രോ ദി അവതാർ പോസ്റ്റർ വരെ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്

കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിനെയും സഹമന്ത്രി എസ്.പി സിങ് ബഘേലിനെയും മാറ്റിയതും ട്രെൻഡിംഗാണ്‌

Update: 2023-05-18 14:56 GMT
Advertising

ജെല്ലിക്കെട്ടിന് സുപ്രിംകോടതി ഭരണഘടന ബെഞ്ച് അനുമതി നൽകിയിരിക്കുകയാണ്. ഇതോടെ ജെല്ലിക്കെട്ട്, ഡിഎംകെ സേവ്‌സ് തമിൾപ്രൈഡ് തുടങ്ങിയ ഹാഷ്ടാഗുകൾ വൈറലാണ്. പവൻ കല്യാണിന്റെ ബ്രോ ദി അവതാർ മോഷൻ പോസ്റ്റർ, സത്യപ്രേം കി കഥ ടീസർ, മെഹങ്കായി റാഹത് 1 ക്രോർ, റിയൽമി നാർസോ എൻ. 53 ലോഞ്ച് ഡേ  തുടങ്ങിയവ ട്വിറ്ററിൽ വൈറലാണ്.

ജെല്ലിക്കെട്ട്, ഡി.എം.കെ

ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ജെല്ലിക്കെട്ടിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാൻ തമിഴ്‌നാട് പാസാക്കിയ നിയമത്തിനെതിരായ ഹരജികളിലായിരുന്നു വിധി. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അഭിവാജ്യഘടകമാണെന്നും കോടതി പറഞ്ഞു. നൂറ്റാണ്ടായുള്ള ആചാരത്തിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. തമിഴ്‌നാട് പാസാക്കിയ ജെല്ലിക്കെട്ട് നിയമം ശരിവച്ച സുപ്രീംകോടതി നിരോധിച്ചതിനെ മറികടക്കാനുള്ള നിയമമാണ് തമിഴ്‌നാട് പാസാക്കിയതെന്ന വാദം അംഗീകരിച്ചില്ല. കേന്ദ്രത്തിനു മാത്രമാണ് നിയമം പാസാക്കാൻ അധികാരമെന്ന വാദവും കോടതി അംഗീകരിച്ചില്ല.

കർണാടകയും മഹാരാഷ്ട്രയും ഇതുപോലുള്ള നിയമം പാസാക്കിയിട്ടുണ്ടെന്നു കോടതി പറഞ്ഞു. മൃഗങ്ങളോടുള്ളക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ ചുവട് പിടിച്ചാണ് 2014 ൽ സുപ്രിംകോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. 2017 ലെ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ ജെല്ലിക്കെട്ടിനു നിയമസാധുത നൽകി. ഇതിനെതിരെ മൃഗസ്‌നേഹികളുടെ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് ഉൾപ്പെടെയുള്ള സംഘടനകൾ 'പേട്ട ' നേരിട്ട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ വിധി പറയാൻ മാറ്റിയ ഹരജിയിലാണ് ഇന്നത്തെ വിധി.

ഹരജി പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷൻ ജസ്റ്റിസ് കെ.എം.ജോസഫ് വിരമിക്കാനിരിക്കെയാണ് വിധി പ്രഖ്യാപനം. 2014 ൽ മലയാളിയായ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് ആണ് ജെല്ലിക്കെട്ട് നിരോധിച്ചത്.

ബ്രോ ദി അവതാർ

പവൻ കല്യാണിന്റെയും സായ് ധറം തേജസിന്റെയും പുതിയ തെലുങ്ക് ചിത്രം ബ്രോ ദി അവതാറിന്റെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തുവന്നു. സീ സ്റ്റുഡിയോസ് യൂട്യൂബിൽ മോഷൻ പോസ്റ്റർ പുറത്തുവിട്ടു.

സത്യപ്രേം കി കഥ

കാർത്തിക് ആര്യനും കിയാദ അദ്വാനിയും അഭിനയിക്കുന്ന സത്യപ്രേം കി കഥയുടെ ടീസർ പുറത്തുവന്നു. സമീർ വിദ്വാനാണ് ചിത്രത്തിന്റെ സംവിധായകൻ.

റിയൽമി നാർസോ എൻ. 53 ലോഞ്ച് ഡേ

റിയൽമി നാർസോ എൻ. 53 ഇന്ന് ലോഞ്ച് ചെയ്യപ്പെട്ടിരിക്കുകയാണ്. 8,999 രൂപയാണ് മോഡലിന്റെ വില. 50 എം.പി, എട്ട് എം.പി ക്യാമറയും 5000 എം.എ.എച്ച് 33 വാട്ട് ബാറ്ററിയുമുണ്ട്. 6.74 എച്ച്.ഡി, ഐ.പി.എസ് 90 ഹെർട്‌സ് ഡിസ്‌പ്ലേയുമുണ്ടാകും.

കിരൺ റിജിജുവിനെയും സഹമന്ത്രി ബഘേലിനെയും മാറ്റി

കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിനെയും സഹമന്ത്രി എസ്.പി സിങ് ബഘേലിനെയും മാറ്റി. കിരൺ റിജിജുവിന് താരതമ്യേന അപ്രസക്തമായ എർത്ത് സയൻസ് വകുപ്പാണ് നൽകിയത്. അർജുൻ രാം മേഘ്വാൾ ആണ് പുതിയ നിയമമന്ത്രി.

എസ്.പി സിങ് ബഘേലിനെ ആരോഗ്യവകുപ്പ് സഹമന്ത്രിയായാണ് നിയമിച്ചത്. യു.പി സ്വദേശിയായ ബഘേൽ എസ്.പി, ബി.എസ്.പി തുടങ്ങിയ പാർട്ടികളുടെ നേതാവായിരുന്നു. 2017ലാണ് അദ്ദേഹം ബി.ജെ.പി അംഗമാവുന്നത്.കിരൺ റിജിജുവും ജുഡീഷ്യൽ സംവിധാനവും തമ്മിലുള്ള അഭിപ്രായ ഭിന്നത വലിയ ചർച്ചയായിരുന്നു. കൊളീജിയം സംവിധാനത്തിനെതിരെ മന്ത്രി പരസ്യമായി വിമർശനമുന്നയിച്ചത് സുപ്രിംകോടതിയേയും ചൊടിപ്പിച്ചിരുന്നു. 2021 ജൂലൈ ഏഴിനാണ് കിരൺ റിജിജു നിയമമന്ത്രിയായി അധികാരമേറ്റത്.

മെഹങ്കായി റാഹത് 1 ക്രോർ

രാജസ്ഥാനിലെ പാവങ്ങൾക്ക് വേണ്ടി അശോക് ഗെഹ്‌ലോട്ട് സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് മെഹങ്കായി റാഹത് 1 ക്രോർ. മെഹങ്കായി റാഹത് ക്യാമ്പുകൾ വഴി പണപ്പെരുപ്പം വഴി ജനങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് കോൺഗ്രസ് സർക്കാറിന്റെ പരിശ്രമം.

Today's Twitter Trends

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News