നമോ ഭാരത് റാപ്പിഡ് ട്രെയിൻ, ആസ്‌ത്രേലിയക്കെതിരെ പാക് പട; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ...
'നമോ സ്‌റ്റേഡിയത്തിന് ശേഷം നമോ ട്രെയിനുകൾ, സ്വന്തം ആസക്തിക്ക് അന്ത്യമില്ല'; കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സിൽ കുറിച്ചു
നമേ ഭാരതെന്ന പേരിലുള്ള രാജ്യത്തെ ആദ്യ റാപ്പിഡ് എക്‌സ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഉത്തർപ്രദേശിലെ സാഹിബാബാദ് -ദുഹായി ഡിപ്പോട് സ്‌റ്റേഷനുകൾക്കിയിലാണ് സെമി ഹൈ സ്പീഡ് റീജ്യണൽ റെയിൽ സർവീസ് നടക്കുക. ഇന്ത്യയിലെ റീജ്യണൽ റാപ്പിഡ് ട്രെയിൻ സർവീസിന്റെ തുടക്കം കൂടിയാണിത്. ഉദ്ഘാടന ശേഷം പ്രധാനമന്ത്രി സ്‌കൂൾ വിദ്യാർഥികൾക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്തു. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങിലെ വിവിധ പ്രദേശങ്ങളെ ആർആർടിഎസ് ആദ്യ ഘട്ടത്തിൽ ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി മുതൽ മീററ്റ് വരെയുള്ള 82 കിലോമീറ്റർ ഭാഗം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും പറഞ്ഞു. ഡൽഹി-ഗാസിയാബാദ്-മീററ്റ് സെക്ഷനിൽ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട 17 കിലോമീറ്ററുള്ള ആർആർടിഎസ് കോറിഡോർ നാളെ മുതൽ തുറന്ന് നൽകും. സാഹിബാബാദ്, ഗാസിയാബാദ്, ഗുൽധർ, ദുഹായ്, ദുഹായ് ഡിപ്പോട് എന്നിങ്ങനെ സ്‌റ്റേഷനുകളാണ് ഇതിനിടയിലുള്ളത്.
പ്രാദേശിക ഗതാഗതം ലക്ഷ്യമിട്ടുള്ള ഈ ട്രെയിൻ ഗതാഗതം എക്‌സിലും ചർച്ചയാണ്. നമോ ഭാരതെന്ന ഹാഷ്ടാഗിൽ പലരും ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചു. 'നമോ സ്‌റ്റേഡിയത്തിന് ശേഷം നമോ ട്രെയിനുകൾ, സ്വന്തം ആസക്തിക്ക് അന്ത്യമില്ല'; കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സിൽ കുറിച്ചു. അഹമ്മദാബാദിലെ സ്‌റ്റേഡിയത്തിനാണ് മോദിയുടെ പേരിട്ടത്.
പാകിസ്താൻ - ഓസീസ് പോരാട്ടം
പാകിസ്താൻ ഇന്ത്യയിൽ ലോകകപ്പ് കളിക്കാനെത്തുന്നത് തന്നെ സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു. ഒക്‌ടോബർ 14ന് അഹമ്മദാബാദിൽ വെച്ച് ഇന്ത്യയ്‌ക്കെതിരെ കളിച്ച മത്സരത്തിന് മുമ്പും ശേഷവും വലിയ ചർച്ചയായി. ഇന്ന് ആസ്‌ത്രേലിയക്കെതിരെ പാക് ടീം കളിക്കുമ്പോൾ ട്വിറ്റർ ട്രെൻഡിംഗിൽ ഒന്നാമതാണ് വിഷയം. ഓസ്‌വേഴ്‌സസ്പാക് എന്ന ഹാഷ്ടാഗിൽ നിരവധി ട്വീറ്റുകളാണ് എക്‌സിലുള്ളത്. സെഞ്ച്വറി നേടിയ ശേഷമുള്ള ഡേവിഡ് വാർണറുടെ 'തഗ്ഗദെ ലെ' സ്‌റ്റെൽ ആഘോഷം പലരും പങ്കുവെച്ചു. ഓപ്പണർമാരിലൂടെ ഓസീസ് റൺമല തീർത്ത ശേഷം അഫ്രീദിയിലൂടെ പാകിസ്താൻ തിരിച്ചെത്തിയത് മറ്റു ചിലർ ആഘോഷമാക്കി.
പാകിസ്താനെതിരെ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 367 റൺസാണ് ഓസീസ് നേടിയത്. സെഞ്ച്വറി നേടിയ ഓപ്പണർമാരാണ് റൺമല തീർക്കാൻ കംഗാരുപ്പടയെ സഹായിച്ചത്. ഡേവിഡ് വാർണർ ഒമ്പത് സിക്സറും 14 ഫോറുമടക്കം 163 റൺസടിച്ചുകൂട്ടി. ഒമ്പത് സിക്സറും പത്ത് ഫോറുമായി മിച്ചൽ മാർഷും മോശമാക്കിയില്ല. എന്നാൽ മറ്റു ബാറ്റർമാർ കാര്യമായി സംഭാവന നൽകിയില്ല. പാക് ബൗളിംഗിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി ഷഹീൻ അഫ്രീദി തിളങ്ങി. 54 റൺസ് വിട്ടുകൊടുത്താണ് നേട്ടം.
ആസ്‌ത്രേലിയ -പാക് മത്സരവുമായി ബന്ധപ്പെട്ട് വാർണർ, മാക്‌സ്‌വെൽ, ഹാരിസ് റഊഫ്, ദിൽ ദിൽ പാകിസ്താൻ, മാർഷ്, ചിന്നസ്വാമി, ഉസാമമിർ, ഷഹ്ദാബ്, പുഷ്പ, ഷഹീൻ, ഓസീസ് തുടങ്ങിയ ഹാഷ്ടാഗുകളും വൈറലാണ്.
നത്തിംഗ് ഫോൺ ക്രോമയ്‌ക്കൊപ്പം
നത്തിംഗ് ഫോൺ ഇന്ത്യയിൽ ക്രോമയ്‌ക്കൊപ്പം പങ്കാളിത്തം പ്രഖ്യാപിച്ചു. നത്തിംഗ് ഫോൺ 2, ഫോൺ 1, ഇയർ ലൈനപ്പ്, സിഎംഎഫ്- നത്തിംഗ് ഉത്പ്പന്നങ്ങൾ ക്രോമ സ്‌റ്റോറുകളിൽ ലഭ്യമാകും.
വേർ ഈസ് അനിൽ കപൂർ?
സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ബോളിവുഡ് നടൻ അനിൽ കപൂർ. എന്നാൽ ഈയിടെ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിലെ പ്രൊഫൈൽ ചിത്രമടക്കം എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഒക്‌ടോബർ 20നാണ് പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായാണ് സംശയം. എന്നാൽ വരാനിരിക്കുന്ന 'അനിമൽ' സിനിമയുടെ പ്രചരണ തന്ത്രമാണെന്ന് സംശയിക്കുന്നവരുമുണ്ട്. ഇതോടെ എക്‌സിൽ വേർ ഈസ് അനിൽ കപൂർ എന്ന ഹാഷ്ടാഗ് വൈറലാണ്.
Namo Bharat Rapid Train, Pakistan World Cup Match Against Australia; Today's Twitter Trends…