രാഹുൽ ഗാന്ധിയെ അയോഗ്യനാക്കൽ: നാളെ കോൺഗ്രസിന്റെ രാജ്യവ്യാപക സത്യഗ്രഹം

പ്രതിഷേധത്തിൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.

Update: 2023-03-25 17:35 GMT
Advertising

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭാ എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിനെതിരെ നാളെ കോൺഗ്രസിന്റെ രാജ്യവ്യാപക സത്യഗ്രഹം. രാജ്ഘട്ടിൽ രാവിലെ 10 മുതൽ കോൺഗ്രസ് നേതാക്കൾ സത്യഗ്രഹം ഇരിക്കും.

പ്രതിഷേധത്തിൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. ഇതു കൂടാതെ സംസ്ഥാന ആസ്ഥാനങ്ങളിലും നേതാക്കൾ സത്യഗ്രഹമിരിക്കും. അതതു സംസ്ഥാനങ്ങളിലെ നേതാക്കൾ ഈ സത്യ​ഗ്രഹങ്ങളിൽ പങ്കെടുക്കും.

ഇന്നലെയും ഇന്നുമായി കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ വൻ പ്രതിഷേധമാണ് കോൺ​ഗ്രസ് നടത്തിയത്. പലയിടത്തും പ്രതിഷേധം തുടരുകയാണ്. ഈ പ്രതിഷേധം സത്യാഗ്രഹമാക്കി മാറ്റാനാണ് കോൺഗ്രസ് തീരുമാനം. തിങ്കളാഴ്ച മുതൽ മറ്റ് പ്രത്യക്ഷ സമരങ്ങളിലേക്കും നീങ്ങുമെന്നാണ് കോൺ​ഗ്രസ് അറിയിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ രാജ്യമൊട്ടാകെ വലിയ രീതിയിലുള്ള പ്രതിഷേധത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. അയോഗ്യതയ്ക്ക് പിന്നിലെ രാഷ്ട്രീയ നീക്കങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് കോൺഗ്രസ് ലക്ഷ്യം.

തന്നെ അയോ​ഗ്യനാക്കിയ നടപടിയിൽ രൂക്ഷ വിമർശനവുമായി ഇന്ന് രാഹുൽ ​ഗാന്ധി രം​ഗത്തെത്തിയിരുന്നു. ഒന്നിന്റെ മുന്നിലും ഭയപ്പെടില്ലെന്നും ചോദ്യം ചോദിക്കുന്നത് തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. ജനാധിപത്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം തുടരും. ജയിലിലിട്ട് തന്നെ നിശബ്ദനാക്കാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു.

മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് താൻ ചോദിച്ചത്. അദാനിയുടെ ഷേൽ കമ്പനിയിൽ 20,000 കോടി നിക്ഷേപിച്ചതാരാണ്? മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത് മുതൽ അദാനിയുമായി ബന്ധമുണ്ട്. അദാനിയുടെ കമ്പനിയിൽ നിക്ഷേപം നടത്തിയതിൽ ഒരു ചൈനീസ് പൗരൻ ഉണ്ടെന്നും രാഹുൽ ആരോപിച്ചു.

മാപ്പ് പറയാൻ തന്‍റെ പേര് സവർക്കർ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും ഗാന്ധി മാപ്പ് ചോദിക്കില്ലെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. തനിക്ക് അംഗത്വം തിരിച്ച് ലഭിക്കുന്നതും ലഭിക്കാത്തതും വിഷയമല്ലെന്നും പാർലമെൻ്റിനു അകത്തോ പുറത്തോ തൻ്റെ പോരാട്ടം തുടരും, സ്ഥിരമായി അംഗത്വം റദ്ദാക്കിയാൽ പോലും തൻ്റെ കടമ നിർവഹിക്കുമെന്നും രാഹുൽ വ്യക്തമാക്കി.

ഇന്നലെയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുൽ ​ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോ​ഗ്യനാക്കിയത്. രാഹുൽ 2019ൽ കർണാടകയിൽ നടത്തിയ പ്രസം​ഗത്തിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ​ഗുജറാത്തിലെ സൂറത്ത് ജില്ലാ കോടതി അദ്ദേഹത്തെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെയാണ് വരുന്നതെന്നായിരുന്നു രാഹുൽ ചോദിച്ചത്. നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെയെല്ലാം പേരിനൊപ്പം മോദി എന്ന പേര് വന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസം​ഗം.

ഇത്, മോദി സമുദാ​യത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണെന്ന് ആരോപിച്ച് ഗുജറാത്ത് മുൻ മന്ത്രിയും ബി.ജെ.പി എംഎൽഎയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്. രണ്ട് വർഷം തടവിന് ശിക്ഷിച്ചെങ്കിലും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

അപ്പീൽ നൽകാൻ 30 ദിവസത്തേക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ ഇന്ന് ലോക്സഭാ സെക്രട്ടേറിയറ്റാണ് അദ്ദേഹത്തെ അയോ​ഗ്യനാക്കിയത്. ഇനി ആറ് വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ സാധിക്കില്ല.





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News