രാഹുൽ ഗാന്ധിയെ പരിഹസിച്ചതിന് അമിത് മാളവ്യക്കെതിരെ കേസ്, ഏകസിവിൽ കോഡും ആം ആദ്മി പാർട്ടിയും; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്
രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് അമിത് മാളവ്യ പോസ്റ്റ് ചെയ്ത ട്വീറ്റാണ് കേസിനാധാരം
രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും. ജൂൺ 29,30 തിയ്യതികളിലാണ് രാഹുൽ മണിപ്പൂരിലെത്തുക. ദുരിതാശ്വാസ ക്യാമ്പുകൾ രാഹുൽ ഗാന്ധി സന്ദർശിക്കും. ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും വിവിധ സംഘടനാ പ്രതിനിധികളുമായി അദ്ദേഹം സംവദിക്കും.
മണിപ്പൂർ കലാപം പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലും ഈ വിഷയം ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി മണിപ്പൂരിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല. അമിത് ഷാ മണിപ്പൂരിലെത്തി വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും ഇപ്പോഴും സംഘർഷം തുടരുകയാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നടത്തിയ കൂടിക്കാഴ്ചയിൽ മണിപ്പൂർ സംഘർഷം പ്രധാന ചർച്ചയായിരുന്നു.
കിംഗ് ഓഫ് കൊത്ത- ദുൽഖർ സൽമാൻ
കൊത്തയിലെ രാജാവിനെയും പ്രജകളെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയതിനു പിന്നാലെ കിംഗ് ഓഫ് കൊത്തയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ഒരു ദിവസമല്ല ഒരാഴ്ച വരെ ആസ്വദിക്കാൻ പറ്റുന്ന ടീസറായിരിക്കും കിംഗ് ഓഫ് കൊത്തയിലേതായി പുറത്തു വരുന്നതെന്ന് നിർമ്മാതാക്കൾ ട്വീറ്റ് ചെയ്തിരുന്നു. ദുൽഖറിന്റെ കരിയറിലെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അഭിനയ പാടവം സമ്മാനിക്കുന്ന ചിത്രം ഇതര അഭിനേതാക്കളുടെ ഗംഭീര പ്രകടനവും സാങ്കേതിക പ്രവർത്തകരുടെ മിന്നുന്ന പ്രകടനത്തിനും സാക്ഷ്യം വഹിക്കുന്ന മാസ്സ് ചിത്രമാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തെലുഗ് ടീസർ മഹേഷ് ബാബുവും തമിഴ് ടീസർ ചിമ്പുവും കന്നഡ ടീസർ രക്ഷിത് ഷെട്ടിയും മലയാളം ടീസർ മമ്മൂട്ടിയുമാണ് റിലീസ് ചെയ്തത്. ബിഗ് ബഡ്ജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തയുടെ നിർമ്മാണം സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ്. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ടീസർ പുറത്ത് ഇറങ്ങുന്നതിന് മുൻപേ ട്വിറ്ററിൽ കിംഗ് ഓഫ് കൊത്തയും ദുൽഖർ സൽമാനും ഇന്ത്യ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരുന്നു.
രാഹുൽ ഗാന്ധിയെ പരിഹസിച്ചു, മാളവ്യക്കെതിരെ കേസ്
ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യയ്ക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റിനാണ് കേസ്.കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് അമിത് മാളവ്യ പോസ്റ്റ് ചെയ്ത ട്വീറ്റാണ് കേസിനാധാരം. ഇന്ത്യൻ ശിക്ഷാനിയമം 153 എ, 120 ബി, 505(രണ്ട്), 34 വകുപ്പുകൾ പ്രകാരം ബംഗളൂരു ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനാണ് കേസെടുത്തത്.
ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റു. ഉത്തർപ്രദേശിലെ സഹറൻപൂരിൽ വെച്ചാണ് ആക്രമണമുണ്ടായത്. കാറിൽ സഞ്ചരിക്കവേയാണ് ആസാദിനു നേരെ അജ്ഞാതർ വെടിയുതിർത്തത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ചന്ദ്രശേഖർ ആസാദ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.ബഹുജൻ മിഷൻ മൂവ്മെന്റുമായി ബന്ധപ്പെട്ട ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ബുധനാഴ്ച ഉച്ചയോടെ ആക്രമണം ഉണ്ടായത്. ആസാദിന്റെ കാറിന് നേരെ അക്രമികൾ നാല് റൗണ്ട് വെടിയുതിർത്തു. കാറിൻറെ ഡോറിലും സീറ്റിലും വെടിയുണ്ട തറച്ചു. ആസാദിനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെർസോവ-ബാന്ദ്ര കടൽപ്പാലത്തിന് സവർക്കറുടെ പേര് നൽകി മഹാരാഷ്ട്ര സർക്കാർ
മുംബൈയിലെ വെർസോവ-ബാന്ദ്ര കടൽപ്പാലത്തിന് സവർക്കറുടെ പേര് നൽകി മഹാരാഷ്ട്ര സർക്കാർ. വീർ സവർക്കർ സേതു എന്നാണ് പുതിയ പേര്. മുംബൈ ട്രാൻസ്ഹാർബർ ലിങ്ക് റോഡിന്റെ പേര് നവ സേവ അടൽ സേതു എന്നും പുനർനാമകരണം ചെയ്തിട്ടുണ്ട്.
ഇന്ന് മുംബൈയിൽ നടന്ന കാബിനറ്റ് മീറ്റിംഗിലാണ് പാലം നാമകരണം ചെയ്തത്. കടൽപ്പാലത്തിന് സവർക്കറുടെ പേര് നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. സവർക്കർ ജയന്തി ദിനമായ മെയ് 28നായിരുന്നു പ്രഖ്യാപനം.
ഏകസിവിൽ കോഡും ആം ആദ്മി പാർട്ടിയും
ഏകീകൃത സിവിൽ കോഡിനെ തത്വത്തിൽ പിന്തുണയ്ക്കുന്നുവെന്ന് ആം ആദ്മി പാർട്ടി. മത-രാഷ്ട്രീയ സംഘടനകളുമായി ചർച്ച നടത്തണം. വിഷയത്തിൽ സമവായമുണ്ടാക്കണമെന്നും എ.എ.പി ആവശ്യപ്പെട്ടു.'ഭരണഘടനയുടെ ആർട്ടിക്കിൾ 44ൽ രാജ്യത്ത് ഏക സിവിൽ കോഡ് നിർദേശിക്കുന്നുണ്ട്. ഞങ്ങളിതിനെ തത്വത്തിൽ പിന്തുണയ്ക്കുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും മതങ്ങളുമായും സംഘടനകളുമായും വിപുലമായ കൂടിയാലോചന നടത്തുകയും സമവായമുണ്ടാക്കുകയും വേണം'- എ.എ.പി നേതാവ് സന്ദീപ് പഥക് പറഞ്ഞു.
റെക്കോർഡ് തകർത്ത് സെൻസെക്‌സ്
ചരിത്രത്തിലാദ്യമായി ബിഎസ്ഇ സെൻസെക്‌സ് 64000ഉം നിഫ്റ്റി 19,000ഉം കടന്നു. 2.2ലക്ഷം കോടി രൂപയിലേറെ വർധനവാണ് നിക്ഷേപകരുടെ സമ്പത്തിലുണ്ടായത്. ജൂൺ 21ന് കുറിച്ച 63, 523 പോയിന്റിന്റെ റെക്കോർഡ് ആണ് സെൻസെക്‌സ് തിരുത്തിയത്. വലിയ പെരുന്നാൾ പ്രമാണിച്ച് ഓഹരി വിപണിക്ക് നാളെ അവധിയാണ്.