ബ്രിജ് ഭൂഷൺ സ്ഥിരം കുറ്റവാളിയെന്ന് കുറ്റപത്രം, ബംഗ്ലദേശിനെ തോൽപ്പിച്ച് ഇന്ത്യ, മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്‌

ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഒന്നിലേറെ തവണ ബ്രിജ്ഭൂഷൺ ആവർത്തിച്ചു എന്നാണ് ഡൽഹി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്

Update: 2023-07-11 14:51 GMT
Advertising

മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ

കനത്ത മഴ തുടരുന്ന ഉത്തരേന്ത്യയിൽ മരണം 42 ആയി. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഹിമാചൽ പ്രദേശിൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മണാലി, കുളു, എന്നിവിടങ്ങളിലെല്ലാം നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ആളുകൾ 24 മണിക്കൂർ നേരത്തേക്ക് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ഹിമാചലിലേക്ക് യാത്ര പോയ മലയാളി സംഘങ്ങൾ സുരക്ഷിതരാണെന്നും ഇവർക്ക് ഹോട്ടൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഹിമാചൽ സർക്കാർ അറിയിച്ചു.

ഹിമാചൽ പ്രദേശിലെ പല ജില്ലകളിലും ഇന്നും റെഡ്, ഓറഞ്ച് അലർട്ടുകൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 42 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഹരിയാനയിലും ഡല്‍ഹിയിലും പ്രളയസാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ തുടരുകയാണെങ്കിൽ ഡൽഹിയും മറ്റൊരു പ്രളയത്തെ നേരിടേണ്ടി വരുമെന്ന ആശങ്ക നിലനിൽക്കുന്നതായി കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി.

തൃണമൂൽ കോൺഗ്രസിന് വൻ മുന്നേറ്റം

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വൻ മുന്നേറ്റം. സി.പി.എം കോൺഗ്രസ് സഖ്യത്തിനും ബി.ജെ.പിക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ കണക്ക് പ്രകാരം തൃണമൂൽ 8232ഉം ബി.ജെ.പി 1714ഉം സി.പി.എം 599ഉം സീറ്റുകളിൽ വിജയിച്ചു. ബിഷ്ണുപൂരിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ അക്രമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ദേശീയപാത ഉപരോധിച്ചു.

സമാനതകളില്ലാത്ത മുന്നേറ്റമാണ് തൃണമൂൽ കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പിക്കെതിരായ ഏതൊരു വിജയവും പ്രതിപക്ഷ സഖ്യത്തിന്റെ മുന്നേറ്റത്തിന് കരുത്ത് പകരുമെന്ന് തൃണമൂൽ നേതാക്കൾ പറഞ്ഞു. വോട്ടെടുപ്പിനിടെ വ്യാപക അക്രമങ്ങൾ അരങ്ങേറിയത് തൃണമൂലിന് തിരിച്ചടിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് അസ്ഥാനത്താക്കിയാണ് തൃണമൂൽ കോൺഗ്രസിന്റെ മുന്നേറ്റം.

കഴിഞ്ഞ മാസം അവസാനം തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മുതൽ ഉണ്ടായ വിവിധ സംഘർഷങ്ങളിൽ 33 പേരാണ് കൊല്ലപ്പെട്ടത്. ജൂലൈ എട്ടിന് നടന്ന വോട്ടെടുപ്പിൽ 80.71% ആയിരുന്നു പോളിങ്.

ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കേസ്

സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനിരാജ ഉൾപ്പെടെയുള്ളവർക്കെതിരെ മണിപ്പൂർ പൊലീസ് രാജ്യദ്രോഹ കേസ് ചുമത്തി . മണിപ്പൂരിലെ സംഘർഷം സർക്കാർ സഹായത്തോടെയെന്ന പരാമര്‍ശത്തിനെതിരെ ബിജെപി പ്രവർത്തകൻ എൽ. ലിബൻ സിംഗ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ആനിരാജയുടെ സംഘത്തിലുണ്ടായിരുന്ന എൻ.എഫ്.ഐ.ഡബ്ല്യു നേതാവ് നിഷ സിദ്ധു, അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദീക്ഷ ദ്വിവേദിയുടെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞു. രാജ്യദ്രോഹം ഉൾപ്പെടെ ഒന്‍പത് കുറ്റങ്ങളാണ് ഇവർക്കെതിരെ ഇൻഫാലിൽ ചുമത്തിയിരിക്കുന്നത്. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺസ് നടത്തുന്ന വസ്തുതാന്വേഷണത്തിന്റെ ഭാഗമായാണ് മൂവരും മണിപ്പൂരിൽ സന്ദർശനം നടത്തി റിപ്പോർട്ട്‌ തയ്യാറാക്കിയത്.

ബ്രിജ് ഭൂഷൺ സ്ഥിരം കുറ്റവാളിയെന്ന് കുറ്റപത്രം

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ സിങ് സ്ഥിരം കുറ്റവാളിയെന്ന് ഡൽഹി പൊലീസിന്‍റെ കുറ്റപത്രം. ബ്രിജ്ഭൂഷൻ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതി കുറ്റങ്ങൾ ആവർത്തിച്ചു എന്നും ഡൽഹി പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഒന്നിലേറെ തവണ ബ്രിജ്ഭൂഷൺ ആവർത്തിച്ചു എന്നാണ് ഡൽഹി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. നിരന്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രകൃതമാണ് ബ്രിജ്ഭൂഷണ് ഉള്ളതെന്നും വിചാരണ നേരിടാൻ ബ്രിജ്ഭൂഷൺ ബാധ്യസ്ഥനാണെന്നും ജൂൺ 13 ന് ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഉണ്ട്. ആറ് ഗുസ്തി താരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലെ വിവരങ്ങളാണ് ഇപ്പൊൾ പുറത്ത് വന്നിട്ടുള്ളത്. ഗുസ്തി താരങ്ങൾ, പരിശീലകർ എന്നിവരുൾപ്പെടെ 108 പേരുടെ സാക്ഷി മൊഴികളാണ് പൊലീസ് ഇതുവരെ ശേഖരിച്ചത്.

ഇതിൽ 15 മൊഴികൾ താരങ്ങൾ ഉന്നയിച്ച ആരോപണം ശരി വെക്കുന്നുണ്ട്. ശ്വാസോച്ഛാസം പരിശോധിക്കാനെന്ന വ്യാജേനയും ഫോട്ടോ എടുക്കാൻ എന്ന വ്യാജേനയും തങ്ങളെ ബ്രിജ്ഭൂഷൺ കടന്നു പിടിച്ചെന്നു പൊലീസിൽ താരങ്ങൾ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ശരി വയ്ക്കുന്ന തരത്തിൽ അന്താരാഷ്ട്ര ഗുസ്തി മത്സരങ്ങൾ നിയന്ത്രിക്കുന്ന റഫറിയും രംഗത്ത് എത്തിയിരുന്നു. ബ്രിജ്ഭൂഷണ് എതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞാൽ 3 മുതൽ 5 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കും.

നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നു

നേപ്പാളിൽ ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് മരണം.മൗണ്ട് എവറസ്റ്റിൽ നിന്ന് കാഠ്മ്ണ്ഡുവിലേക്ക് പുറപ്പെട്ട ഹെലികോപ്ടര്‍ മരത്തിലിടിച്ച് തകർന്നാണ് അപകടമുണ്ടായത്. അഞ്ച് മെക്സിക്കൻ പൗരൻമാരും പൈലറ്റുമടക്കം ആറ് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സോലുംഖുംബിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ 9N-AMV(AS 50 ) എന്ന ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഹെലികോപ്റ്റര്‍‌ കണ്ടെത്തിയത്. ലിഖുപികെ റൂറൽ മുനിസിപ്പാലിറ്റിയിലെ ലംജുര മേഖലയിലാണ് മനാംഗ് എയർ ഹെലികോപ്റ്റര്‍‌ തകർന്നതെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ കാഠ്മണ്ഡുവിലേക്ക് മടങ്ങേണ്ട ഹെലികോപ്റ്റര്‍‌ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് റൂട്ട് മാറ്റുകയായിരുന്നെന്ന് എയർപോർട്ട് ഉദ്യോഗസ്ഥൻ സാഗർ കേഡലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.

ബംഗ്ലദേശിനെ തോൽപ്പിച്ച് ഇന്ത്യ

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്. രണ്ടാം മത്സരത്തിന്റെ അവസാന ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ വനിതകൾ എട്ടു റൺസിന്റെ നാടകീയ ജയമാണ് പിടിച്ചെടുത്തത്. രണ്ട് വിക്കറ്റുമായി മലയാളി താരം മിന്നു മണിയും തിളങ്ങി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ (2-0) സ്വന്തമാക്കി.

96 റൺസായിരുന്നു ബംഗ്ലാദേശിന്റെ ലക്ഷ്യം. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 95 റൺസ് നേടിയത്. 19 റൺസ് നേടിയ ഓപ്പണർ ഷഫാലി വർമയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ. അവസാന ഓവറിൽ നാല് വിക്കറ്റ് ശേഷിക്കെ ബംഗ്ലാദേശിന് വേണ്ടത് പത്ത് റൺസ് മാത്രം. പക്ഷേ ഷെഫാലി വര്‍മ എറിഞ്ഞ ഓവറിൽ ഒറ്റ റൺസ് മാത്രം വിട്ടുകൊടുത്ത് അവസാന നാല് വിക്കറ്റും പിഴുത് ഇന്ത്യൻ വനിതകൾ ജയം അവിസ്മരണീയമാക്കുകയായിരുന്നു.

ദളപതി രാഷ്ട്രീയത്തിലേക്ക്?

ആരാധക സംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ (ടി.വി.എം.ഐ.) ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ചുമതലക്കാരുമായുള്ള നടൻ വിജയ്‍യുടെ ആലോചനായോഗം ഇന്ന് (ജൂലൈ 11) നടക്കും. ചെന്നൈയ്ക്ക് സമീപം പനയൂരിലുള്ള വിജയ്‍യുടെ ഫാം ഹൗസിലാണ് യോഗം നടക്കുക. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെയും ടി. വി. എം. ഐ. യുടെ ചുമതലക്കാർ പങ്കെടുക്കും. താരത്തിന്‍റെ രാഷ്ട്രീയപ്രവേശവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇത് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി താരം സിനിമയില്‍ നിന്നും രണ്ടു വര്‍ഷത്തെ ഇടവേള എടുക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനിടയില്‍ വിജയ് ആരാധകരെ പല തവണ കാണുകയും ഉച്ചഭക്ഷണം പങ്കിടുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം വിജയ് മക്കള്‍ ഇയക്കം പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചിരുന്നു. 234 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിപാടി നടന്നത്.പരിപാടിയില്‍ വോട്ടിനെ കുറിച്ചും രാഷ്ട്രീയത്തിലെ മോശം പ്രവണതകളെ കുറിച്ചുമെല്ലാം വിജയ് സംസാരിച്ചിരുന്നു.

ലിയോ പായ്ക്ക് അപ്പ്

ലോകേഷ് കനകരാജ് സംവിധാനത്തിൽ ദളപതി വിജയ് നായകനായെത്തുന്ന ലിയോയുടെ ചിത്രീകരണം പൂർത്തിയായി. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 19ന് തിയേറ്ററുകളിലേക്കെത്തും. ചുരുങ്ങിയ കാലം കൊണ്ട് ഗംഭീര ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിച്ച യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം വിക്രം കേരളത്തിലും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയിരുന്നു. ദളപതിയും ലോകേഷും ഒന്നിക്കുന്ന "ലിയോ" എന്ന ചിത്രത്തിന്മേൽ വമ്പൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്.

ദളപതി വിജയിക്ക് പുറമേ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. ദളപതിയുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ഫസ്റ്റ് ലുക്കിനും ഞാൻ റെഡി താ സോങിനും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത് . റെക്കോർഡ് തുകക്ക് കേരളത്തിൽ വിതരണവാകാശം ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കിയ ബ്രഹ്‌മാണ്ഡ ചിത്രം ലിയോയുടെ വരവിനായി കാത്തിരിക്കാം.

മിന്നി മിന്നി മിന്നു മണി

അരങ്ങേറ്റ ടി20 മത്സരത്തിൽ തന്നെ വിക്കറ്റ്. രണ്ടാം മത്സരത്തിലും വിക്കറ്റ്, അതും രണ്ടെണ്ണം, വിട്ടുകൊടുത്തതോ ഒമ്പത് റൺസ്. അതിൽ ഒരു മെയ്ഡൻ ഓവറും. ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ മലയാളിതാരം മിന്നുമണി തകർക്കുകയാണ്. വയനാട്ടിൽ നിന്ന് ടീം ഇന്ത്യയിലേക്ക് വിളി വന്നപ്പോൾ ആരാരും പ്രതീക്ഷിച്ചിരുന്നില്ല, മിന്നുമണിയിൽ നിന്ന് ഇങ്ങനെയാരു ഫോം.

കന്നി വനിതാ പ്രീമിയർ ലീഗിലെ പ്രകടനമാണ് മിന്നുമണിയെ ഇന്ത്യൻ ടീമിലെത്തിച്ചത്. എന്നാൽ ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20പരമ്പരയിൽ അവസരം കിട്ടുമോ എന്നൊന്നും ഉറപ്പില്ലായിരുന്നു. എന്നാൽ ഇന്ത്യൻ ടീമും നായകന്‍ ഹർമൻപ്രീത് കൗറും മിന്നു മണിയിൽ വിശ്വാസമർപ്പിച്ചു. ആദ്യ മത്സരത്തിൽ തന്നെ അവസരം കൊടുത്തു. എറിഞ്ഞ ആദ്യ ഓവറിൽ വിക്കറ്റ് വീഴ്ത്തിയ മിന്നുമണി, ഇന്ത്യൻ ടീമിൽ തന്നെ എടുത്തതിലുള്ള നന്ദി പ്രകാശിപ്പിച്ചു. മൂന്ന് ഓവറിൽ 22 റൺസ് വിട്ടുകൊടുത്തായിരുന്നു മിന്നുമണിയുടെ പ്രകടനം. എന്നാല്‍ ആദ്യ മത്സരത്തിൽ മിന്നുമണിക്ക് ബാറ്റിങിന് അവസരം ലഭിച്ചില്ല.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News