ശക്തിപ്രാപിച്ച് ബിപോർജോയ്, ആസാമിൽ ഭൂകമ്പം; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്
സോണിത്പൂരിൽ ഞായറാഴ്ച രാവിലെയാണ് 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്
മഹാരാഷ്ട്രയിൽ ടിപ്പു സുൽത്താൻ സ്മാരകം തകർത്ത് ഭരണകൂടം
മഹാരാഷ്ട്രയിൽ ടിപ്പു സുൽത്താൻ സ്മാരകം തകർത്ത് പ്രാദേശിക ഭരണകൂടം. ധൂലെയിലെ ട്രാഫിക് ജങ്ഷനിൽ സ്ഥാപിച്ചിരുന്ന സ്മാരകമാണ് തകർത്തത്. അനധികൃത നിർമാണം എന്നാരോപിച്ചായിരുന്നു നടപടി.ധൂലെ സിറ്റി എ.ഐ.എം.ഐ.എം എംഎൽഎ ഫാറൂഖ് ഷാ അൻവറാണ് വഡ്‌ജായി റോഡ് ജങ്ഷനിൽ സ്മാരകം നിർമിച്ചത്. വെള്ളിയാഴ്‌ച നഗരസഭയുടെ നേതൃത്വത്തിൽ പൊലീസ് സാന്നിധ്യത്തിലാണ് സ്മാരകം പൊളിച്ചത്.
'എംഎൽഎയോട് തന്നെ ഇത് നീക്കം ചെയ്യാൻ പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് ജില്ലാ കലക്ടറും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയ്‌ക്കൊടുവിൽ സ്‌മാരകം പൊളിക്കുകയായിരുന്നു'- ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശത്ത് സ്ഥിതിഗതികൾ സമാധാനപരമാണെന്നും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
സച്ചിന്‍ പൈലറ്റ്
രാജസ്ഥാനിലെ അഴിമതി അവസാനിപ്പിക്കാൻ ശക്തമായ നിയമം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ജനങ്ങൾക്ക് വേണ്ടിയുള്ള തന്‍റെ പോരാട്ടം തുടരും. ദൗസയിൽ പിതാവ് രാജേഷ് പൈലറ്റിന്റെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സച്ചിന്‍ പൈലറ്റ്.
രാജേഷ് പൈലറ്റിന്‍റെ ചരമ ദിനത്തിൽ സച്ചിൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമോയെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടായിരുന്നു. എന്നാൽ അശോക് ഗെഹ്‍ലോട്ടിനെയോ കോൺഗ്രസിനെയോ പ്രസംഗത്തിൽ സച്ചിൻ വിമർശിച്ചില്ല. അഴിമതിക്കെതിരെ തന്‍റെ പോരാട്ടം തുടരുമെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.
അതേസമയം തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ്, സച്ചിന്‍ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉറപ്പിച്ചു പറഞ്ഞു.
അരവിന്ദ് കെജ്‌രിവാൾ
ബി.ജെ.പി ഡൽഹിയിലെ ജനങ്ങളുടെ വോട്ടിന്റെ വിലയെ അപമാനിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അത് താൻ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി രാംലീല മൈതാനിയിൽ ആം ആദ്മി പാർട്ടി സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു കെജ്രിവാൾ. ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ കവരുന്ന രീതിയിൽ കേന്ദ്ര കൊണ്ടുവന്ന ഓർഡിനൻസിനെ ഇപ്പോൾ എതിർത്തില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിലും അത്തരം ഓർഡിനൻസുകൾ വരുമെന്നും കെജ് രിവാൾ പറഞ്ഞു.
രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാണ്. താൻ ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകി. അതേസമയം മോദി തന്റെ കോർപ്പറേറ്റ് സുഹൃത്തുക്കൾക്ക് എല്ലാം സൗജന്യമായി നൽകുകയായിരുന്നു. സുപ്രിംകോടതി ഉത്തരവിനെ മാനിക്കാത്ത ധാർഷ്ട്യക്കാരനാണ് പ്രധാനമന്ത്രി. സുപ്രിംകോടതിയിൽ പ്രധാനമന്ത്രിക്ക് വിശ്വാസമില്ല. ഏകാധിപത്യ ഭരണമാണ് രാജ്യത്ത് നടക്കുന്നത്. മോദി സർക്കാർ ജനജീവിതം ദുസ്സഹമാക്കി. എൽ.പി.ജി വില കുത്തനെ ഉയർന്നു. മോദി സർക്കാരിന് കീഴിൽ രാജ്യത്ത് വികസനം മുരടിച്ചെന്നും കെജ്‌രിവാൾ പറഞ്ഞു.
ഉത്തരാഖണ്ഡിൽ മുസ്‌ലിംകളുടെ കടകൾക്ക് നേരെ വിഎച്ച്പിയുടെ വ്യാപക ആക്രമണം
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മുസ്‌ലിംകളുടെ കടകൾക്ക് നേരെ സംഘ്പരിവാർ സംഘടനകളുടെ വ്യാപക ആക്രമണം. വിഎച്ച്പി- ബജ്റംഗ്ദൾ പ്രവർത്തകരാണ് അതിക്രമം നടത്തിയത്. പ്രതിഷേധവുമായി എത്തിയ സംഘ്പരിവാർ പ്രവർത്തകർ പുരോല നഗരത്തിലെ കടകൾ അടിച്ചുതകർത്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് സാന്നിധ്യത്തിലാണ് അതിക്രമം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.
ലവ് ജിഹാദ് ആരോപണത്തിന് പിന്നാലെയാണ് ആക്രമണം. മുസ്‌ലിംകൾ ഒഴിഞ്ഞുപോയില്ലെങ്കിൽ 20ന് റോഡ് ഉപരോധിക്കുമെന്ന് മുന്നറിയിപ്പ് നൽകി വിഎച്ച്പിയും ബജ്റംഗ്ദളും രംഗത്തെത്തിയിട്ടുണ്ട്. 15ാം തിയതിക്കുള്ളിൽ കടകൾ പൂട്ടി സ്ഥലം വിടണമെന്നാണ് ഭീഷണി. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മുസ്‌ലിംകളുടെ കടകളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു.
ആസാമിൽ ഭൂകമ്പം
ആസാമിൽ വീണ്ടും ഭൂകമ്പം. സോണിത്പൂരിൽ ഞായറാഴ്ച രാവിലെയാണ് 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തിൽ നാശനഷ്ടങ്ങളൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ബിപോർജോയ് അതിശക്തമായി
ബിപോർജോയി അതിശക്തമായ ചുഴലിക്കാറ്റായതോടെ കേരളത്തിൽ മഴ കനക്കും. അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന കടലാക്രമണത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ നിർദേശാനുസരണം ജനങ്ങൾ മാറിത്താമസിക്കണമെന്നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഓവലിൽ കങ്കാരു വിജയം
തുടർച്ചയായ രണ്ടാം ഫൈനലിലും പടിക്കൽ ഇടറിവീണ് ടീം ഇന്ത്യ. രണ്ടാം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം ആസ്‌ട്രേലിയയ്ക്ക്. കെന്നിങ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ 209 റൺസിന് തകർത്താണ് കങ്കാരുക്കൾ കിരീടം ചൂടിയത്.
ഒരു ദിവസവും ഏഴു വിക്കറ്റും പൂർണമായും കൈയിലിരിക്കെ അനായാസം 280 റൺസ് അടിച്ചെടുക്കാമെന്ന ഇന്ത്യൻ മോഹങ്ങൾ തല്ലിക്കെടുത്തുകയായിരുന്നു ഇന്ന് ഓസീസ് ബൗളർമാർ. നാലാം ദിനം ഓസീസ് ബൗളർമാരെ കുഴക്കി ക്രീസിൽ നിലയുറപ്പിച്ചു കളിച്ച വിരാട് കോഹ്ലിയെ പുറത്താക്കി സ്‌കോട്ട് ബോലൻഡ് ആണ് ഇന്ത്യൻ തകർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് ഇടവേളകളിൽ ഇന്ത്യയുടെ അവശേഷിക്കുന്ന വിക്കറ്റുകളെല്ലാം ഒന്നൊന്നായി കൊഴിയുകയായിരുന്നു.
തോൽവിക്ക് പിന്നാലെ പ്രതികരിച്ച് രോഹിത് ശർമ
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് തോൽവിക്കു പിന്നാലെ പ്രതികരിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. രണ്ട് ഫൈനലുകൾ കളിക്കാൻ കഴിഞ്ഞത് ടീമിന് വലിയ നേട്ടമാണെന്ന് താരം പറഞ്ഞു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിട്ടും നല്ല രീതിയിൽ ബാറ്റ് ചെയ്യാനായില്ലെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. ശുഭ്മൻ ഗില്ലിന്റെ വിവാദ ഔട്ടിനെക്കുറിച്ചും രോഹിത് പ്രതികരിച്ചു.
പരമ്പരകൾ വിജയിക്കുന്നതിനെക്കാളും പ്രധാനമാണ് ചാംപ്യൻഷിപ്പുകൾ ജയിക്കുന്നതെന്ന് രോഹിത് പറഞ്ഞു. അതുകൊണ്ട് ഈ തോൽവി എന്ന നിരാശപ്പെടുത്തുന്നു. രണ്ടു വർഷത്തെ കഠിനാധ്വാനത്തിനുശേഷം ഫൈനലിൽ മൂന്ന് മത്സരങ്ങളുണ്ടാകണമെന്നാണ് എന്റെ നിലപാട്. അടുത്ത തവണ ഫൈനൽ അങ്ങനെയാണെങ്കിൽ കൂടുതൽ ഉചിതമാകുമെന്നും താരം അഭിപ്രായപ്പെട്ടു.
റെക്കോർഡ് നേടി ഷാരൂഖിന്റെ സിഗ്നേച്ചർ പോസ്
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ തന്റെ ആരാധകരെ അഭിവാദ്യം ചെയ്യുന്നതിന് തിരഞ്ഞെടുക്കുന്നത് സ്വന്തം വീട് തന്നെയാണ്. താരത്തിന്റെ ജന്മദിനത്തിലും മറ്റ് വിശേഷാവസരങ്ങളിലും ആരാധകരുടെ ഒഴുക്കാണ് മന്നത്തിലേക്ക്. എപ്പോഴും ആരാധകരുടെ മനസ്സറിഞ്ഞെന്ന വണ്ണം തന്റെ ഐക്കോണിക്ക് പോസും കാട്ടിയാണ് ഷാരൂഖ് മടങ്ങുക. ഇപ്പോഴിതാ ഈ പോസിന് ഒരു റെക്കോർഡും ലഭിച്ചു.
താരത്തിന്റെ പോസ് ഏറ്റവും കൂടുതലാളുകൾ ഒരേ സമയം ചെയ്തു എന്നതാണ് റെക്കോർഡ്. 300ഓളം ആരാധകരാണ് ഷാരൂഖിന്റെ സിഗ്നേച്ചർ പോസ് പുനരാവിഷ്‌കരിച്ചത്. ഇവർക്കൊപ്പം ഷാരൂഖും ചേർന്നു. തന്റെ ഏറ്റവും പുതിയ ഹിറ്റ് ചിത്രം പഠാന്റെ ടെലിവിഷൻ പ്രീമിയറിനോടനുബന്ധിച്ച് മന്നത്തിന്റെ ബാൽക്കണിയിൽ താരം പ്രത്യക്ഷപ്പെട്ടപ്പോഴായിരുന്നു റെക്കോർഡിട്ട പ്രകടനം.