മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം, ഏകസിവിൽ കോഡിനെതിരല്ലെന്ന് മായാവതി, മണിപ്പൂരിൽ വീണ്ടും സംഘർഷം: ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്
ഏക സിവിൽ കോഡ് നടപ്പിലാക്കാന്‍ ബി.ജെ.പി അവലംബിക്കുന്ന രീതിയെ പിന്തുണയ്ക്കുന്നില്ലെന്ന് മായാവതി
മഹാരാഷ്ട്രയിലെ രാഷ്ട്രീയനാടകം
രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിച്ച് പുതിയ രാഷ്ട്രീയ നാടകങ്ങൾക്കാണ് ഇപ്പോൾ മഹാരാഷ്ട്ര സാക്ഷിയാകുന്നത്. നിരവധി എം.എൽ.എമാരെ കൂടെക്കൂട്ടി മറുകണ്ടം ചാടിയിരിക്കുന്നത് പ്രതിപക്ഷത്തെ പ്രധാന നേതാവായ അജിത് പവാറാണ്. പ്രതിപക്ഷ നേതാവായിരുന്ന പവാർ കൂടുമാറ്റത്തിനുപിന്നാലെ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു.
40ലേറെ എം.എൽ.എമാരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് റിപ്പോർട്ട്. ഇക്കാര്യം മഹാരാഷ്ട്ര വനം മന്ത്രി സുധീർ മുൻഗാന്റിവാറും അവകാശപ്പെട്ടിട്ടുണ്ട്. എൻ.സി.പി ഒന്നാകെ സർക്കാരിനൊപ്പം ചേരുമെന്നാണ് മന്ത്രിയുടെ പ്രസ്താവന. ഓരോരുത്തർക്കുമുള്ള വകുപ്പുകൾ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വീതംവച്ചു നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറുകണ്ടം ചാടി അജിത് പവാർ
മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയനാടകം. പ്രധാന പ്രതിപക്ഷ കക്ഷിയായ എൻ.സി.പി പിളർന്നു. പ്രതിപക്ഷ നേതാവ് അജിത് പവാറിന്റെ നേതൃത്വത്തിൽ നിരവധി എൻ.സി.പി എം.എൽ.എമാർ മറുകണ്ടം ചാടി. പിന്നാലെ പവാര്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു.
അജിത് പവാറിനൊപ്പം ഒന്‍പത് എന്‍.സി.പി എം.എല്‍.എമാരും മന്ത്രിസഭയിലെത്തുമെന്നാണ് വിവരം. പാര്‍ട്ടി തലവന്‍ ശരദ് പവാറിന്‍റെ വിശ്വസ്തരടക്കം കൂറുമാറിയ കൂട്ടത്തിലുണ്ട്. 29 എൻ.സി.പി എം.എൽ.എമാർ അജിത് പവാറിനൊപ്പമുണ്ടെന്നും റിപ്പോർട്ടുണ്ട്.പ്രതിപക്ഷസ്ഥാനം ഒഴിയുമെന്ന് അജിത് പവാർ സൂചന നൽകി ദിവസങ്ങൾക്കകമാണ് മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയനാടകം അരങ്ങേറുന്നത്.
ഇന്നു രാവിലെ മുംബൈയിലെ അജിത് പവാറിന്റെ വസതിയിൽ എൻ.സി.പി എം.എൽ.എമാർ യോഗം ചേർന്നിരുന്നു. പാർട്ടി വർക്കിങ് പ്രസിഡന്റ് സുപ്രിയ സൂലെയും മുതിർന്ന നേതാവ് ഛഗൻ ഭുജ്പാലും യോഗത്തിൽ സംബന്ധിച്ചിരുന്നു. സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീലിന്റെ അഭാവത്തിലായിരുന്നു യോഗം
ഏക സിവിൽ കോഡിന് എതിരല്ലെന്ന് മായാവതി
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് ബി.എസ്.പി എതിരല്ലെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷ മായാവതി. എന്നാല്‍ ഏക സിവിൽ കോഡ് നടപ്പിലാക്കാന്‍ ബി.ജെ.പി അവലംബിക്കുന്ന രീതിയെ പിന്തുണയ്ക്കുന്നില്ലെന്ന് മായാവതി പറഞ്ഞു.
"യൂണിഫോം സിവിൽ കോഡ് ഭരണഘടനയിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ അത് അടിച്ചേൽപ്പിക്കുന്നതിനെ ഭരണഘടന പിന്തുണയ്ക്കുന്നില്ല. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട എല്ലാ മാനങ്ങളും ബി.ജെ.പി പരിഗണിക്കേണ്ടതായിരുന്നു"- മായാവതി പറഞ്ഞു.എല്ലാ കാര്യത്തിലും ഒരേ നിയമം എല്ലാ മതസ്ഥർക്കും ബാധകമാണെങ്കിൽ അത് രാജ്യത്തെ ശക്തിപ്പെടുത്തുകയേയുള്ളൂവെന്ന് മായാവതി പറഞ്ഞു.
ജൂലൈ മൂന്നിന് ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചർച്ച നടക്കാനിരിക്കെയാണ് മായാവതിയുടെ പരാമര്‍ശം. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ ഏകീകൃത സിവിൽ കോഡ് ബിൽ സർക്കാര്‍ അവതരിപ്പിച്ചേക്കും.
മണിപ്പൂരിൽ വീണ്ടും സംഘർഷം
മണിപ്പൂരിൽ വീണ്ടും സംഘർഷം. വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മെയ്‌തെയ് വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ചത്.
ബിഷ്ണുപുരിലായിരുന്നു വെടിവെയ്പ്പ്. ആത്യാധുനിക തോക്കുകളുമായെത്തിയ അക്രമികൾ ഗ്രാമവാസികൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. കുക്കികളാണ് ആക്രമണം നടത്തിയത് എന്നാണ് ആരോപണം.
ഏകസിവിൽ കോഡ് ആയുധമാക്കൊനാരുങ്ങി ബിജെപി
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏകീകൃത സിവിൽകോഡ് മുഖ്യ പ്രചാരണ ആയുധമാക്കാനൊരുങ്ങി ബി.ജെ.പി. പ്രധാനമന്ത്രിയുടെ സന്ദർശനം പൂർത്തിയായതിന് പിന്നാലെ ബൂത്ത് തലത്തിൽ പ്രചാരണം ആരംഭിക്കാനാണ് പ്രവർത്തകർക്ക് മധ്യപ്രദേശിലെ ബി.ജെ.പി നേതൃത്വം നൽകിയിരിക്കുന്ന നിർദേശം.
ഗോത്ര മേഖലകളിൽ ഇന്ന് മുതൽ പ്രാദേശിക ബി.ജെ.പി നേതൃത്വം ഗൃഹസന്ദർശന പരിപാടികൾ ആരംഭിക്കും. അതിനിടെ ബി.ജെ.പി വിട്ട് നേതാക്കളും പ്രവർത്തകരും കോൺഗ്രസിലേക്ക് എത്തുന്നത് തുടരുകയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ജോതിരാധിത്യ സിന്ധ്യയുടെ വിശ്വസ്തരായ മൂന്ന് നേതാക്കളാണ് കോൺഗ്രസിൽ ചേർന്നത്.
നാഹിൽ കൊലപാതകം: ഫ്രാൻസിൽ പ്രതിഷേധം ശക്തം
നാഹിൽ എന്ന പതിനേഴുകാരനെ പൊലീസ് വെടിവെച്ചു കൊന്നതോടെ ഫ്രാൻസിൽ ഉടലെടുത്ത പ്രതിഷേധം നിയന്ത്രിക്കാൻ വൻസുരക്ഷാ വിന്യാസം. 700ലേറെ പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി മേയറുടെ വസതിയിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർ കാർ ഇടിച്ചുകയറ്റുകയായിരുന്നു. എന്നാൽ രാജ്യത്തെ സ്ഥിതിഗതികൾ ശാന്തമായിവരികയാണ്. ശനിയാഴ്ച നാഹിലിന്റെ സംസ്‌കാരം നടത്തിയിരുന്നു.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാന്ററെയിലെ മോണ്ട് വലേറിയൻ പള്ളിയിൽ നടത്തിയ ശവസംസ്‌കാര ശുശ്രൂഷയ്ക്കായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി. കൗമാരക്കാരന്റെ ശവസംസ്‌കാരത്തെ തുടർന്ന് ശനിയാഴ്ച നാൻറേയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. കനത്ത സുരക്ഷാ സന്നാഹമാണ് പള്ളിക്ക് ചുറ്റും ഒരുക്കിയിരുന്നത്. ഇതിന് പുറമേ വിവിധ നഗരങ്ങളിൽ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിച്ചു.
ആർഐപി ട്വിറ്റർ: ട്വീറ്റുകൾക്ക് പരിധി നിശ്ചയിച്ച് മസ്‌ക്
ഉപയോക്താക്കൾക്ക് ഒരു ദിവസം വായിക്കാൻ കഴിയുന്ന ട്വീറ്റുകളുടെ പരിധി നിശ്ചയിച്ച് ഇലോൺ മസ്‌ക്. വേരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് ദിവസം 600 പോസ്റ്റുകൾ മാത്രം കഴിയുന്ന തരത്തിലാണ് പരിമിതി. പുതിയ വേരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് 300 പോസ്റ്റുകളാവും വായിക്കാനാവുക. വേരിഫൈഡ് സ്റ്റാറ്റസുള്ള അക്കൗണ്ടുകൾക്ക് ഒരു ദിവസം 6000 പോസ്റ്റുകൾ കാണാം. ഇതോടെ ആർഐപി ട്വിറ്റർ എന്ന ഹാഷ്ടാഗുകൾ ട്വിറ്ററിൽ സജീവമായി.