തെലങ്കാനയും വോട്ടിട്ടു, എക്‌സിറ്റ് പോൾ പ്രവചനമെത്തി, ബിജെപി എവിടെയും ജയിക്കില്ലെന്ന് ഗെഹ്‌ലോട്ട്; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്
അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഗെഹ്ലോട്ട്
എക്‌സിറ്റ് പോൾ
വോട്ടെടുപ്പ് കഴിഞ്ഞതോടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ അഭിപ്രായ സർവേ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. പല സംസ്ഥാനങ്ങളിലും സമ്മിശ്ര പ്രതികരണം തന്നെയാണ് എക്സിറ്റ് പോളിൽ. രാജസ്ഥാനിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗവിന്റെ എക്സിറ്റ് പോൾ...
മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് ന്യൂസ് 18 പറയുന്നു... റിപ്പബ്ലിക് ടിവി എക്സിറ്റ് പോൾ പ്രകാരം മധ്യപ്രദേശിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തും.. ചത്തീസ്ഗഡിൽ കോൺഗ്രസ് തുടരുമെന്നാണ് ഇൻഡ്യ ടുഡേയുടെയും എബിപിയുടെയും പ്രവചനം.
അല്ലു അർജുൻ
തന്റെ കുഞ്ഞിനെ നോക്കുന്ന പെൺകുട്ടിക്ക് ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനെ കൂട്ടാനായി വിഡിയോ റെക്കോർഡ് ചെയ്ത് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുൻ. താരത്തിന്റെ കുട്ടിയെ പരിചരിക്കുന്ന അശ്വനി എന്ന പെൺകുട്ടിയാണ് തന്നെ സഹായിക്കണമെന്ന് പറഞ്ഞ് അല്ലുവിനെ സമീപിക്കുന്നത്.
തന്റെ ഇൻസ്റ്റാഗ്രാം ചാനലിന് ഫോളോവേഴ്സ് കുറവാണെന്നും സഹായിക്കണമെന്നും പെൺകുട്ടി വീഡിയോയിൽ പറയുന്നുന്നുണ്ട്. ഇപ്പോൾ എത്ര ഫോളോവേഴ്സ് ഉണ്ടെന്ന് അല്ലു അർജുൻ ചോദിക്കുന്നു. അപ്പോൾ 13000 എന്നാണ് പെൺകുട്ടിയുടെ മറുപടി. എത്ര ഫോളോവേഴ്സ് വേണമെന്നാണ് ആഗ്രഹം.
30000 എന്ന് പെൺകുട്ടി പറയുമ്പോൾ ഈ വീഡിയോ ഷെയർ ചെയതാൽ ഫോളോവേഴ്സ് കൂടുമെന്ന് ഉറപ്പുണ്ടോയെന്ന് അല്ലു അർജുൻ തിരിച്ചു ചോദിക്കുന്നു. ഉറപ്പായും എന്നാണ് പെൺകുട്ടി പെൺകുട്ടി പറയുന്നത്. എങ്കിൽ നമുക്ക് നോക്കാമെന്ന് അല്ലു അർജുനും പറയുന്നു. ഏതായാലും വീഡിയോ പങ്കുവെച്ച ശേഷം അശ്വനിയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ കൂടി. 13000 പേരുണ്ടായിരുന്ന അശ്വനിയുടെ അക്കൗണ്ട് ഫോളോ ചെയ്യുന്നത് ഇപ്പോൾ 20000 ആളുകളാണ്.
വിജയകാന്ത്
നടൻ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. താരത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. കടുത്ത ജലദോഷവും ചുമയും മൂലം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തെലങ്കാന
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ 63.94 ശതമാനം പോളിങ്. ബി ആർ എസും കോൺഗ്രസും തമ്മിൽ വാശിയേറിയ പോരാട്ടം നടന്ന തെലങ്കാനയിൽ കഴിഞ്ഞ തവണത്തെക്കാൾ 10 ശതമാനത്തോളം പോളിങ് കുറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ ശക്തമായ പോളിങ് നടന്നപ്പോൾ നഗരപ്രദേശങ്ങളാണ് പ്രതീക്ഷ തെറ്റിച്ചത്. സിനിമാതാരങ്ങളടക്കം പ്രമുഖർ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
അശോക് ഗെഹ്‌ലോട്ട്
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. എക്സിറ്റ്പോൾ ഫലങ്ങൾക്ക് പ്രസക്തിയില്ല. രാജസ്ഥാനിൽ കോൺഗ്രസ് ഭരണം നിലനിർത്തും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
കമൽനാഥ്
മോദിയുടെയും കമൽനാഥിന്റെയും ഡീപ്പ്‌ഫേക്ക് വീഡിയോ നിർമിച്ചതിന് മധ്യപ്രദേശിൽ നാല് കേസ്. കനാഡിയ പൊലീസ് സ്റ്റേഷൻ, ഇൻഡോർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോൺഗ്രസ് നേതാവ് കമൽനാഥിന്റെ പ്രതിച്ഛായ തകർക്കാൻ അദ്ദേഹത്തിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായാണ് കോൺഗ്രസ് വക്താവും പരാതിക്കാരനായ രാകേഷ് യാദവ് അറിയിച്ചിരിക്കുന്നത്.
എയർ ഇന്ത്യ
എയർ ഇന്ത്യ വിമാനത്തിൽ ചോർച്ചയുണ്ടായതായി പരാതി. വിമാനത്തിലെ ഓവർഹെഡ് ബിൻ ചോർന്ന് യാത്രക്കാരുടെ മേലും സീറ്റിലും വെള്ളം വീണതായാണ് വിവരം. സംഭവത്തിന്റെ വീഡിയോ ട്വിറ്ററിലടക്കം വ്യാപകമായാണ് പ്രചരിക്കുന്നത്. സംഭവത്തോട് എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആടുജീവിതം
കാത്തിരിപ്പിന് വിരാമമിട്ട് പൃഥ്വിരാജ് നായകനായ ചിത്രം 'ആടുജീവിതം' 2024 ഏപ്രിൽ 10-ന് തിയറ്ററുകളിലേക്ക്.ബെന്യാമിന്റെ അവാർഡ് വിന്നിങ്ങ് നോവലായ 'ആടുജീവിത'ത്തെ ആസ്പദമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രം ഒട്ടേറെ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ചർച്ചാവിഷയമായിരുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.
കേരളത്തിലെ സുഖസൗകര്യങ്ങളിൽനിന്ന് ഭാഗ്യം തേടി വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ആടുജീവിതം പറയുന്നത്.