പല മണ്ഡലങ്ങളിലും ത്രികോണ മത്സരം; ത്രിപുര നാളെ പോളിങ് ബൂത്തിലേക്ക്
ഭരണം നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. എന്നാൽ പുതിയ രാഷ്ട്രീയ സഖ്യത്തിലൂടെ വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എമ്മും കോൺഗ്രസും
അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ന് നിശബ്ദ പ്രചരണം. ഭരണം നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. എന്നാൽ പുതിയ രാഷ്ട്രീയ സഖ്യത്തിലൂടെ വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എമ്മും കോൺഗ്രസും. നാളെയാണ് വോട്ടെടുപ്പ്.
പ്രാദേശിക പാർട്ടിയായ ത്രിപ്ര മോദ പ്രവർത്തനം ശക്തമാക്കിയതോടെ ത്രിപുരയിലെ തെരഞ്ഞെടുപ്പ് പോരാട്ടം കടുപ്പമായി. പല മണ്ഡലങ്ങളിലും ത്രികോണ പോരാട്ടമാണ്. ഏഴ് മാസങ്ങൾക്ക് മുമ്പ് ബിപ്ലവ്കുമാറിനെ മാറ്റി മാണിക് സാഹയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ഭരണ വിരുദ്ധ വികാരം മറികടന്നതായി ബി.ജെ.പി വിശ്വസിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് പ്രചാരണം നയിച്ചത്.
60 സീറ്റുകളുള്ള നിയമസഭയിലേക്കുള്ള മത്സരം എന്നതിന് ഉപരി അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം എന്ന നിലയിലാണ് ബി.ജെ.പി ത്രിപുരയെ സമീപിക്കുന്നത്. പാഴായ തെരഞ്ഞെപ്പ് പ്രഖ്യാപനങ്ങളും തൊഴിലില്ലായ്മയും ഉയർത്തിക്കാട്ടിയാണ് സി.പി.എം - കോൺഗ്രസ് മുന്നണി വോട്ട് ചോദിക്കുന്നത്. ജനസംഖ്യയുടെ അഞ്ചിലൊന്നു സർക്കാർ ജീവനക്കാരായതിനാൽ പഴയ പെൻഷൻ രീതിയിലേക്ക് മടങ്ങി പോകുമെന്നതടക്കമുള്ള പ്രഖ്യാപനം ഗുണം ചെയ്യുമെന്നാണ് സി.പി.എം - കോൺഗ്രസ് മുന്നണി കണക്കുകൂട്ടുന്നത്. ത്രിപുര ബൂത്തിലേക്ക് എത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അവസാന വട്ടം കൂടി വോട്ടുറപ്പിക്കുന്ന തിരക്കിലാണ് മുന്നണികൾ.