എ.സി കോച്ചില്‍ സീറ്റ് വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ടി.ടി. ഇ അറസ്റ്റില്‍, രണ്ടാമനെ തിരയുന്നു
ലിങ്ക് എക്സ്പ്രസില്‍ ജനുവരി 16നാണ് സംഭവം
സംഭാല്‍: ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രയിനില്‍ വച്ച് 32കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ടി.ടി.ഇ(ട്രാവലിംഗ് ടിക്കറ്റ് എക്സാമിനര്‍) അറസ്റ്റില്‍. കേസിലുള്‍പ്പെട്ട രണ്ടാമനെ പൊലീസ് തിരയുകയാണ്. ലിങ്ക് എക്സ്പ്രസില്‍ ജനുവരി 16നാണ് സംഭവം. എ.സി കോച്ചില്‍ സീറ്റ് വാഗ്ദാനം ചെയ്താണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.
രണ്ടു വയസുള്ള മകനും യുവതിക്കൊപ്പമുണ്ടായിരുന്നുവെന്നും പ്രതിയെ പരിചയമുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ശനിയാഴ്ച സംഭാൽ ജില്ലയിലെ ഗവൺമെന്‍റ് റെയിൽവെ പൊലീസ് (ജിആർപി) സ്റ്റേഷനിൽ യുവതി നൽകിയ പരാതിയെ തുടർന്ന് ടി.ടി.ഇ രാജു സിങിനെ (40) സസ്‌പെൻഡ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ടിടിഇയെ റെയിൽവേ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി കസ്റ്റഡിയിൽ വിട്ടു.ജനുവരി 16ന് രാത്രി ലിങ്ക് എക്സ്പ്രസില്‍ ചന്ദൗസിയില്‍ നിന്നും പ്രയാഗ് രാജിലെ സുബേദാര്‍ഗഞ്ചിലേക്ക് പോകാനാണ് യുവതി റെയില്‍വെ സ്റ്റേഷനിലെത്തിയത്. ട്രയിനിനായി കാത്തിരിക്കുമ്പോഴാണ് ടി.ടി.ഇയെ കാണുന്നതും ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ പോകാനിരുന്ന യുവതിയെ എ.സി കോച്ചില്‍ കയറ്റുന്നതും. രാജു സിങിനെ കഴിഞ്ഞ നാലു വര്‍ഷമായി യുവതിക്ക് അറിയാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാത്രി 9.30 ഓടെ ടി.ടി.ഇയും മറ്റൊരാളും കോച്ചിൽ വന്ന് ഭക്ഷണം കഴിക്കാൻ അവളോട് ആവശ്യപ്പെട്ടെങ്കിലും യുവതി നിരസിച്ചു. തുടർന്ന് ടി.ടി.ഇ കുടിവെള്ളം നല്‍കുകയും അത് കഴിച്ചതോടെ യുവതി ബോധരഹിതയായി വീഴുകയുമായിരുന്നു. ടി.ടി.ഇയും മറ്റൊരാളും കൂടി തന്നെ മാനഭംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. നല്ല ഉറക്കത്തിലായിരുന്ന മകനെ മറ്റൊരു ബര്‍ത്തിലേക്ക് മാറ്റിയായിരുന്നു പീഡനം. ''ബലാത്സംഗം നടക്കുമ്പോൾ ഞാൻ നിലവിളിക്കാൻ ശ്രമിച്ചു, പക്ഷേ മയക്കമരുന്നിന്‍റെ ശക്തിയാല്‍ എനിക്ക് ശബ്ദം നഷ്ടപ്പെട്ടു" യുവതി പറഞ്ഞു.
ജനുവരി 17ന് രാവിലെ യുവതി സുബേദാര്‍ഗഞ്ചിലെത്തിയെങ്കിലും സംഭവം ആരോടും പറഞ്ഞില്ല.ജനുവരി 20 ന് ഭര്‍ത്താവിനോട് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയും അവർ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറിൽ പരാതി നൽകുകയും തുടർന്ന് ടി.ടി.ഇക്കും കൂട്ടാളിക്കുമെതിരെ ശനിയാഴ്ച റെയിൽവെ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ എസ്പി (റെയിൽവേ) അപർണ ഗുപ്ത യുവതിയുടെ മൊഴി രേഖപ്പെടുത്തി.സംഭവത്തെക്കുറിച്ച് അവർ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരെയും അറിയിച്ചു.ശനിയാഴ്ച ജിആർപി സംഘം ടിടിഇയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു.
"ടിടിഇയെ അറസ്റ്റ് ചെയ്തു, സ്ത്രീയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി, അതിന്‍റെ റിപ്പോർട്ട് ഇനിയും വരാനുണ്ട്," അപർണ ഗുപ്ത പറഞ്ഞു.ടിടിഇ രാജു സിങിന് സംഭവത്തിൽ പങ്കുള്ളതായി വ്യക്തമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതായി ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ (ഡിസിഎം) സുധീർ സിംഗ് പറഞ്ഞു. കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജി.ആര്‍.പി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.