തുർക്കി ഭൂകമ്പം: ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി
ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ബെംഗളൂരു: തുർക്കി ഭൂകമ്പത്തിൽ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. വിജയകുമാർ (35) എന്ന യുവാവിന്റെ മൃതദേഹമാണ് കിഴക്കൻ അനാതോലിയ പ്രവിശ്യയിലെ മലാത്തിയ നഗരത്തിൽ ഭൂകമ്പത്തിൽ തകർന്ന 24 നിലയുള്ള ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് കണ്ടെത്തിയത്.
രക്ഷാപ്രവർത്തകർ അയച്ചുകൊടുത്ത ഫോട്ടോ പരിശോധിച്ച ബന്ധുക്കൾ മൃതദേഹം വിജയകുമാറിന്റേതാണെന്ന് സ്ഥിരീകരിച്ചതായി 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു. ഇയാളുടെ കയ്യിലുള്ള ടാറ്റൂ കണ്ടാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാർ ബെംഗളൂരുവിലെ ഓക്‌സിപ്ലാന്റ് ഇന്ത്യ എന്ന കമ്പനിയിൽ എഞ്ചിനീയറായിരുന്നു. ഗ്യാസ് പൈപ്പ്‌ലൈൻ പ്രൊജക്ടിന്റെ ഭാഗമായാണ് ഇയാൾ തുർക്കിയിലെത്തിയത്. ഭൂകമ്പമുണ്ടായ തിങ്കളാഴ്ച മുതൽ ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.
അവസാർ ഹോട്ടലിൽ ഇയാൾ താമസിച്ച മുറിയിൽനിന്ന് വെള്ളിയാഴ്ച പാസ്‌പോർട്ടും ബാഗും കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്താത്തതിനാൽ കുമാർ രക്ഷപ്പെട്ടിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. അതിനിടയിലാണ് ശനിയാഴ്ച രാവിലെ തകർന്നൂവീണ കെട്ടിടത്തിന്റെ സ്ലാബിനടിയിൽനിന്ന് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.