ഐ.എം.എയുടേതുൾപ്പെടെ മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു; 'ഇലോൺ മസ്‌ക്' എന്ന് പേരുമാറ്റി

ഹാക്ക് ചെയ്യപ്പെട്ടതിനു പിന്നാലെ ക്രിപ്റ്റോകറൻസിയെ പ്രോത്സാഹിപ്പിക്കുന്ന ചില ട്വീറ്റുകളാണ് അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടത്.

Update: 2022-01-03 03:16 GMT
Advertising

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ), ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ് (ഐ.സി.ഡബ്ള്യു.എ), മൈക്രോ ഫിനാന്‍സ് ബാങ്കായ മൻ ദേശി മഹിളാ ബാങ്ക് എന്നിവയുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് സംഭവം. ഹാക്കർമാർ ഹാൻഡിൽ 'ഇലോൺ മസ്‌ക്' എന്ന് പുനർനാമകരണം ചെയ്‌തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹാക്ക് ചെയ്യപ്പെട്ടതിനു പിന്നാലെ ക്രിപ്‌റ്റോകറൻസിയെ പ്രോത്സാഹിപ്പിക്കുന്ന ചില ട്വീറ്റുകളാണ് അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടപ്പോഴും സമാന രീതിയിലുള്ള ട്വീറ്റുകളാണ് പോസ്റ്റ് ചെയ്തിരുന്നത്. 


ഐ.സി.ഡബ്ള്യു.എയുടെ ട്വിറ്റർ അക്കൗണ്ട് വീണ്ടെടുത്തെങ്കിലും ഐ.എം.എയുടെയും മൻ ദേശി മഹിളാ ബാങ്കിന്റെയും ട്വിറ്റർ ഹാൻഡിലുകളിൽ ഹാക്കർമാർ പോസ്‌റ്റ് ചെയ്‌ത ട്വീറ്റുകൾ ഇപ്പോഴും ദൃശ്യമാണ്. അക്കൗണ്ട് ഉടമകളുടെ പാസ്‌വേഡ് മോഷ്‌ടിക്കപ്പെട്ടതോ, ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്തതോ ആകാം ഹാക്ക് ചെയ്യപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഐ.ടി സെക്യൂരിറ്റി ഗ്രൂപ്പാണ് ഇക്കാര്യം പരിശോധിക്കുന്നത്. 


പ്രധാനമന്ത്രിയുടെ @narendramodi എന്ന അക്കൗണ്ടാണ് ഡിസംബര്‍ 12ന് ഹാക്ക് ചെയ്യപ്പെട്ടത്. തുടര്‍ന്ന്, ഇന്ത്യയില്‍ ബിറ്റ്‌കോയിന്‍ നിയമാനുസൃതമാക്കിയെന്നും സര്‍ക്കാര്‍ 500 ബിറ്റ്‌കോയിന്‍ വാങ്ങി ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണെന്നുമുള്ള ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. ട്വിറ്ററിന് ഔദ്യോഗിക പരാതി നല്‍കിയാണ് അക്കൗണ്ട് തിരിച്ചുപിടിച്ചത്. ഉടനെ വിവാദ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. വ്യക്തിഗത അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പിന്നീട് മോദി തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News