ധോണിക്ക് ആശംസാപ്രവാഹം, മെറ്റയ്‌ക്കെതിരെ ഇലോൺ മസ്‌ക്, ബ്രിട്ടീഷ് ഹെരാൾഡിലെ 'വാ മൂടിക്കെട്ടിയ മോദി'; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്‌

ത്രെഡ്‌സിലൂടെ ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗിന് ട്വിറ്റർ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.

Update: 2023-07-07 17:48 GMT
Editor : anjala | By : Web Desk
Advertising

'തല'യുടെ ജന്മ‍ദിനം ആഘോഷമാക്കി ആരാധകർ; ധോണിക്ക് ആശംസാപ്രവാഹം

ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഇതിഹാസ നായകൻ എം എസ് ധോണിക്ക് 42-ാം പിറന്നാള്‍ ദിനത്തിൽ കായികലോകത്തിന്റെയും ആരാധകരുടെയും ആശംസാപ്രവാഹം. ഐസിസിയുടെ എല്ലാ കിരീടവും നേടിയ ഏക ഇന്ത്യന്‍ നായകനാണ് ധോണി. 1981 ജൂലൈ ഏഴിനാണ് ധോണി ജനിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രശസ്തരടക്കം നിരവധി പേരാണ് ആശംസ അറിയിച്ചും പുകഴ്ത്തിയും രം​ഗത്ത് എത്തിയത്.

എംഎസ് ധോണിയുടെ വെടിക്കെട്ട് പ്രകടനങ്ങളുടെ ഹൈലൈറ്റുമായാണ് ബിസിസിഐ ആശംസ നേർന്നത്. 'ക്യാപ്റ്റൻ, ലീഡർ, ലജൻറ്... ക്രിക്കറ്റ് ഇതുവരെ കണ്ട മികച്ച താരങ്ങളിലൊരാളായ മുൻ ഇന്ത്യൻ ടീം നായകന് സന്തോഷകരമായ ജന്മദിനാശംസകൾ നേരുന്നു' എന്ന കുറിപ്പും ബിസിസിഐ പങ്കുവെച്ചു.

ഐപിഎല്ലിലും ഐഎസ്എല്ലിലുമുള്ള വിവിധ ടീമുകളും ധോണിയ്ക്ക് ആശംസ അറിയിച്ചു. ധോണിയുടെ ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സ്, ആർ.സി.ബി, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്‌സ്, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, ഒഡീഷ എഫ്‌സി തുടങ്ങിയ ടീമുകൾ ആശംസകൾ നേർന്നു.

ഗ്വാളിയോറിലെ റസ്റ്റോറന്‍റ് സന്ദര്‍ശിച്ച് ജ്യോതിരാദിത്യ സിന്ധ്യ; രാഹുലില്‍ നിന്നും പഠിച്ചതാണോ എന്ന് സോഷ്യല്‍മീഡിയ

ഗ്വാളിയോര്‍: കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഒരു റസ്റ്റോറന്റിലെത്തി ഭക്ഷണവും സ്ഥലവും സംബന്ധിച്ച് ജീവനക്കാരുമായി ആശയവിനിമയം നടത്തി. സന്ദര്‍ശനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയില്‍ നിന്നും പഠിച്ചതാണോ എന്ന ചോദ്യമുയരുകയും ചെയ്തു.

"സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം പാചകക്കാരെ കാണേണ്ടത് പ്രധാനമാണ്. ഇന്ന്, ഗ്വാളിയോർ സന്ദർശന വേളയിൽ, ഞാൻ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരെ കാണുകയും ഭക്ഷണവും പ്രാദേശിക പ്രശ്നങ്ങളും ചർച്ച ചെയ്യുകയും ചെയ്തു," അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.

രാഹുൽ ഗാന്ധി നടത്തിയ 'ഭാരത് ജോഡോ യാത്ര'യിൽ പൊതുപ്രവർത്തനം തുടരുന്ന ട്രക്ക് ഡ്രൈവർമാർ കാർ മെക്കാനിക്കുകൾ പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ബംഗളൂരുവിലെ ഒരു ഡെലിവറി ഏജന്റിന്റെ ബൈക്കിൽ രാഹുൽ സഞ്ചാരം നടത്തിയിരുന്നു. 

മെറ്റയ്‌ക്കെതിരെ ഇലോൺ മസ്‌ക്

മെറ്റ അവതരിപ്പിച്ച പുതിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ 'ത്രെഡ്‌സ്' വൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ പ്രതിയോഗിയായി വിലയിരുത്തപ്പെടുന്ന ആപ്പ് ലോഞ്ച് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴേക്കും കോടിയിലേറെ പേർ സൈൻ അപ്പ് ചെയ്തിട്ടുണ്ട്. അൻപത് ലക്ഷത്തിലേറെ പേർ മൊബൈലിൽ ആപ്പ് ഡൗൺലോഡും ചെയ്തു. ഇപ്പോഴിതാ മെറ്റയ്‌ക്കെതിരെ കേസിനൊരുങ്ങുകയാണ് ട്വിറ്റർ തലവൻ ഇലോൺ മസ്‌ക്.

ത്രെഡ്‌സിലൂടെ ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗിന് ട്വിറ്റർ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. സ്വന്തം അഭിഭാഷകൻ അലെക്‌സ് സ്പിറോ വഴിയാണ് ട്വിറ്റർ സി.ഇ.ഒ മസ്‌ക് നോട്ടിസ് നൽകിയത്. തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം ട്വിറ്റർ കർശനമായി നടപ്പാക്കാൻ പോകുകയാണ് പുറത്തുവന്ന നോട്ടിസില്‍ പറയുന്നു.

തക്കാളി വില / മക്‌ഡൊണാൾഡ്‌സ്

ബർഗറും റാപ്പും അടക്കമുള്ള ഭക്ഷ്യോത്പന്നങ്ങളിൽ നിന്ന് തക്കാളി ഒഴിവാക്കുകയാണെന്ന് പ്രശസ്ത ഫാസ്റ്റ് ഫൂഡ് ശൃംഖലയായ മക്ഡൊണാൾഡ്സ്. രാജ്യത്ത് തക്കാളി വില റെക്കോർഡിലെത്തിയതോടെയാണ് തീരുമാനം. രാജ്യത്ത് വിവിധയിടങ്ങളിലുള്ള മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റുകളിൽ ഇതിനോടകം തന്നെ തീരുമാനം നടപ്പിലാക്കിയിട്ടുണ്ട്.

"എത്ര ശ്രമിച്ചിട്ടും ഗുണനിലവാരമുള്ള തക്കാളികൾ ആവശ്യാനുസരണം കിട്ടാനില്ല. അതുകൊണ്ട് തക്കാളിയില്ലാതെ ഭക്ഷ്യോത്പന്നങ്ങൾ ഉണ്ടാക്കേണ്ടി വരികയാണ്. സഹകരിക്കുക". മക്ഡൊണാൾഡ്സ് ന്യൂഡൽഹിയിലെ രണ്ട് ഔട്ട്ലെറ്റുകളിൽ പതിപ്പിച്ച നോട്ടീസിൽ പറയുന്നു.

കിലോയ്ക്ക് 140 രൂപയാണ് ന്യൂഡൽഹിയിൽ തക്കാളിയുടെ വില. തക്കാളിയുടെ നിലവാരത്തിനും ഇനത്തിനുമനുസരിച്ച് വിലയിൽ മാറ്റമുണ്ടെങ്കിലും നൂറിനടുത്താണ് പലയിടത്തും വില.

ഓൺലൈൻ വിതരണക്കാരായ ഒടിപൈ നൽകുന്ന ഹൈബ്രിഡ് തക്കാളിക്ക് 140 രൂപയാണ് വില. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പഴം-പച്ചക്കറി മാർക്കറ്റുകളിലൊന്നായ ഡൽഹിയിലെ ആസാദ്പൂർ മന്ദിയിൽ ഏറ്റവും നിലവാരം കുറഞ്ഞ തക്കാളി ലഭിക്കണമെങ്കിൽ 60 രൂപ നൽകണം. കൂടിയ വില 120 രൂപയുമാണ്.

രാഹുലിനെതിരെയുള്ള നിരീക്ഷണങ്ങൾ

അപകീർത്തി കേസിൽ സൂറത്ത് കോടതിയുടെ ശിക്ഷാവിധി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി രാഹുൽ ഗാന്ധിക്കെതിരെ നടത്തിയത് ശക്തമായ നിരീക്ഷണങ്ങൾ. പത്തിലേറെ അപകീർത്തി കേസുകൾ രാഹുലിനെതിരെയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സവര്‍ക്കറിനെതിരെ നടത്തിയ പരാമര്‍ശവും വിധിയില്‍ ഇടംപിടിച്ചു. ജസ്റ്റിസ് ഹേമന്ത് പ്രച്ചകിന്റെ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

'അപകീർത്തി കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധിക്കെതിരെ സമർപ്പിക്കപ്പെട്ട അപ്പീൽ നിലനിൽക്കുന്നതല്ല. വിധി സ്റ്റേ ചെയ്യണമെന്നത് നിയമമല്ല. പത്തിലേറെ കേസുകൾ രാഹുലിനെതിരെയുണ്ട്. സ്റ്റേ അനുവദിക്കാതിരിക്കുന്നത് ഹർജിക്കാരന് നീതി നിഷേധിക്കുകയല്ല. അതിനുള്ള യുക്തിസഹമായ കാരണങ്ങളില്ല. കുറ്റക്കാരനെന്നുള്ള വിധി നീതിയുക്തവും നിയമപരവുമാണ്.' - കോടതി പറഞ്ഞു.

ജവാൻ ട്രെയ്‌ലറും ട്രെൻഡിംഗിൽ

ഷാരൂഖ് ഖാൻ നായകനാകുന്ന അറ്റ്‌ലീ ചിത്രം ജവാന്റെ ട്രെയ്‌ലറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ ട്രെയ്‌ലറെത്തുന്നതിന് മുമ്പേ ചിത്രത്തിലെ നയൻതാരയുടെ ലുക്ക് പുറത്തായതാണിപ്പോൾ വാർത്ത. പിങ്ക് സ്യൂട്ട് അണിഞ്ഞിരിക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ.

ബ്രിട്ടീഷ് ഹെരാൾഡിലെ 'വാ മൂടിക്കെട്ടിയ മോദി'

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി അറിയപ്പെടുന്ന ഇന്ത്യയിൽ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടുന്ന കവര്‍‌സ്റ്റോറിയുമായി 'ബ്രിട്ടീഷ് ഹെറാൾഡ്' മാഗസിൻ. 'ജനാധിപത്യം ആശങ്കയിൽ: കർശന നിയന്ത്രണങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും ഇന്ത്യയിൽ അപായമണി മുഴക്കുന്നു' എന്ന തലക്കെട്ടിലാണ് കവർസ്‌റ്റോറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാ മൂടിക്കെട്ടിയ മോദിയുടെ ഫോട്ടോക്ക് താഴെ കത്തിയെരിയുന്ന ജനാധിപത്യത്തെ പ്രതീകാത്മകമായി ചിത്രീകരിച്ചാണ് മാഗസിന്റെ കവർഫോട്ടോ.

'ഒരു രാജ്യത്തിന്റെ മഹത്വം അളക്കുന്നത് ഏറ്റവും ദുർബലരായ ജനങ്ങളോട് അത് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാണ്' എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് കവർ സ്‌റ്റോറി ആരംഭിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളും അഭിപ്രായസ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതും ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങളിൽ സുപ്രധാന ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് ലേഖനത്തിൽ പറയുന്നു

നിവിൻ പോളി '#NP42'

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം. '#NP42' എന്ന ചിത്രത്തിന്റെ ടൈറ്റിൽ നാളെ (08-07-23) വൈകിട്ട് 7 മണിക്ക് പുറത്തിറങ്ങും. ടൈറ്റിൽ അന്നൗൺസ്‌മെന്റ് നാളെ ഉണ്ടാകും എന്നറിയിച്ചുള്ള ഒരു വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. തോക്കുകളും കാർ ചേസിംഗ് രംഗങ്ങളും നിറഞ്ഞ വീഡിയോ പ്രേക്ഷകർക്ക് ഒരു തകർപ്പൻ അനുഭവമാണ് ഒരുക്കി വെച്ചിരിക്കുന്നതെന്ന് ഉറപ്പേകുന്നുണ്ട്.

ഈ വർഷം ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടക്കം കുറിച്ചത്. കേരളത്തിലാണ് തുടർന്നുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് '#NP42' നിർമ്മിക്കുന്നത്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News