യു.പിയില്‍ രണ്ടുപേര്‍ക്ക് കോവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് നേരത്തെയും കാപ്പ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ രണ്ടുപേര്‍ക്ക് കോവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചു. ജിനോ സ്വീക്വന്‍സിങ് പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തിയത്. വകഭേദങ്ങള്‍ കണ്ടെത്തുന്നതിനും രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും സഹായിക്കുന്ന പരിശോധനയാണ് ജിനോം സ്വീക്വന്‍സിങ്.
ലക്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ 107 സാമ്പിളുകള്‍ ഡല്‍റ്റ വകഭേദമാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിക്കുന്നത് ആദ്യമല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ജിനോ സ്വീക്വന്‍സിങ് പരിശോധനക്കുള്ള സൗകര്യം വര്‍ധിപ്പിക്കുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് നേരത്തെയും കാപ്പ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു. ഭയപ്പെടേണ്ടതില്ലെന്നും ഇതിനുള്ള ചികിത്സ സംസ്ഥാനത്ത് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഡെല്‍റ്റ, ആല്‍ഫ, കാപ്പ തുടങ്ങിയവ കൂടുതല്‍ വ്യാപനശേഷിയുള്ള കോവിഡ് വകഭേദങ്ങളാണ്. ബി.1.617.1 എന്നാണ് കാപ്പയുടെ ശാസ്ത്രീയനാമം. 2020 ഒക്ടോബറില്‍ ഇന്ത്യയിലാണ് ഇത് ആദ്യമായി സ്ഥിരീകരിച്ചത്.