കുടകില്‍ തേനീച്ചക്കൂട്ടത്തിന്‍റെ കുത്തേറ്റ് രണ്ടു മരണം; രണ്ടു പേര്‍ക്ക് പരിക്ക്
കൃഷിയിടത്തിൽ റാഡിഷ് വിളവെടുക്കുന്നതിനിടെയാണ് അശ്വിൻ കുമാറിനെയും സഹോദരിയെയും തേനീച്ചക്കൂട്ടം ആക്രമിച്ചത്
കുടക്: കർണാടകയിലെ കുടക് ജില്ലയിൽ തേനീച്ചക്കൂട്ടത്തിന്‍റെ കുത്തേറ്റ് രണ്ടു പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. രണ്ടു വ്യത്യസ്ത സ്ഥലങ്ങളിലായി ശനിയാഴ്ചയാണ് സംഭവം.
ഹുലിതല സ്വദേശി അശ്വിൻ കുമാർ (45), ഗോണികൊപ്പ സ്വദേശി വേലു (80) എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിൽ റാഡിഷ് വിളവെടുക്കുന്നതിനിടെയാണ് അശ്വിൻ കുമാറിനെയും സഹോദരിയെയും തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അശ്വിൻ മരിച്ചു. സഹോദരി ചികിത്സയിലാണ്.
വേലുവിനും ഭാര്യ ലക്ഷ്മിക്കും ജോലിക്ക് പോകുമ്പോഴാണ് തേനീച്ചക്കൂട്ടത്തിന്‍റെ കുത്തേറ്റത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും വേലുവിനെ രക്ഷിക്കാനായില്ല. ലക്ഷ്മിയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
ശ്രീമംഗല പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്ത് തേനീച്ചകളുണ്ടെങ്കിലും ഇതുപോലുള്ള ആക്രമണം സാധാരണ ഉണ്ടാവാറില്ലെന്ന് ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ബി.എൻ.എൻ മൂർത്തി പറഞ്ഞു.
Summary- Two persons died due to giant bee stings in two separate incidents in Kodagu district on Saturday.