മോശം കാലാവസ്ഥയും നിർജ്ജലീകരണവും; കുനോ പാർക്കിൽ രണ്ട് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ചത്തു
രണ്ട് മാസത്തിനുള്ളിൽ മൂന്ന് ചീറ്റകൾ ചത്തതിൽ കഴിഞ്ഞയാഴ്ച സുപ്രിംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു
കുനോ: മോശം കാലാവസ്ഥയും നിർജ്ജലീകരണവും കാരണം മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ രണ്ട് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ചത്തു. ഇതോടെ രണ്ട് ദിവസത്തിനുള്ളിൽ, അടുത്തിടെ ജനിച്ച നാല് ചീറ്റക്കുഞ്ഞുങ്ങളിൽ മൂന്നെണ്ണം ചത്തതായി അധികൃതർ പറഞ്ഞു. 'ജ്വാല' എന്ന പെൺചീറ്റ മാർച്ചിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ചൊവ്വാഴ്ച രണ്ട് മാസം പ്രായമുള്ള ഒരു കുഞ്ഞ് ആരോഗ്യ പ്രശ്‌നങ്ങൾ മൂലം ചത്തതായി അധികൃതർ പറഞ്ഞു.
മെയ് 23 ന്, താപനില ഏകദേശം 46-47 ഡിഗ്രി സെൽഷ്യസാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. ഇത് മേഖലയിലെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു. തുടർന്ന് ചീറ്റക്കുഞ്ഞുങ്ങളെ ദുർബലവും നിർജ്ജലീകരണം ഏറ്റതുമായ അവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഭാരക്കുറവുള്ള കുഞ്ഞുങ്ങൾക്ക് അവശ്യ വൈദ്യസഹായം നൽകാൻ മൃഗഡോക്ടർമാരെ സംഘം വിവരം അറിയിച്ചെങ്കിലും രണ്ട് ചീറ്റക്കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്നാണ് ഈ രണ്ട് കുഞ്ഞുങ്ങളം ചത്തത്. നാലാമത്തെ കുഞ്ഞിനെ പാൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റിയതായും തുടർ ചികിത്സയ്ക്കായി നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുമായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടു വരികയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
രണ്ട് മാസത്തിനുള്ളിൽ മൂന്ന് ചീറ്റകൾ ചത്തതിൽ കഴിഞ്ഞയാഴ്ച സുപ്രിംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും മധ്യപ്രദേശിലേക്ക് കൊണ്ടുവന്ന ചീറ്റപ്പുലികളെ അയൽ സംസ്ഥാനമായ രാജസ്ഥാനിലേക്ക് മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. കുനോ കൂടുതൽ ചീറ്റകൾക്ക് അനുയോജ്യമായ ഇടമല്ലെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം ചൂണ്ടിക്കാട്ടി സുപ്രിംകോടതി നിരീക്ഷിച്ചത്. ഈ സാഹചര്യത്തിൽ എന്തുകൊണ്ടാണ് തൊട്ടടുത്ത രാജസ്ഥാനിൽ ഒരിടം നോക്കാത്തതെന്നും രാജസ്ഥാൻ ഒരു പ്രതിപക്ഷ പാർട്ടി ഭരിക്കുന്നതുകൊണ്ട് നിങ്ങൾ പരിഗണിക്കുന്നില്ലെന്ന് അർത്ഥമാക്കുന്നില്ലെന്നും കോടതി പറഞ്ഞു. അത്തരം കാര്യം നിങ്ങൾ പരിഗണിക്കില്ലെന്നും ബെഞ്ച് പറഞ്ഞു.
മാർച്ച് 27 ന് സാഷ എന്ന പെൺ ചീറ്റ വൃക്കരോഗം മൂലം ചത്തിരുന്നു. ഏപ്രിൽ 23 ന് ഉദയ് കാർഡിയോ-പൾമണറി പ്രശ്‌നം മൂലവും ചത്തു. മെയ് 9 ന് ദക്ഷ എന്ന മറ്റൊരു പെൺചീറ്റ ഇണചേരൽ ശ്രമത്തിനിടെയുണ്ടായ പരിക്ക് മൂലം ചാവുകയായിരുന്നു.
2022 സെപ്തബറിനും 2023 ഫെബ്രുവരിക്കും ഇടയിലാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ഉം നമീബയിൽ നിന്ന് എട്ടും ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്. പ്രൊജക്ട് ചീറ്റയുടെ ഭാഗമായി അഞ്ചുവർഷം കൊണ്ട് 50 ചീറ്റകളെ എത്തിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനരധിവസിപ്പിക്കുക എന്നതാണ് പ്രൊജക്ട് ചീറ്റ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
ആവാസവ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് 2009ൽ ആവിഷ്‌കരിച്ച പദ്ധതിയിലാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. 1952 ൽ ഏഷ്യൻ ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. വേട്ടയാടൽ, ആവാസവ്യവസ്ഥ നഷ്ടമാകൽ, ഭക്ഷ്യക്ഷാമം എന്നിവയാണ് ഇന്ത്യയിൽ ചീറ്റപ്പുലികളുടെ വംശനാശത്തിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിൽ 200 ചീറ്റകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. ഗ്രാമത്തിൽ പ്രവേശിച്ച് കന്നുകാലികളെ കൊന്നുതിന്നുന്ന കാരണത്താൽ ചീറ്റുകളെ കൊന്നിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്ത് വംശനാശം സംഭവിച്ച ഏക വലിയ സസ്തനിയാണ് ചീറ്റ.
Two more cheetah cubs died in Kuno Park due to bad weather and dehydration