രണ്ട് ഇൻഡിഗോ വിമാനങ്ങൾ നേർക്കുനേർ; തമ്മിലിടി ഒഴിവായത് തലനാരിഴയ്ക്ക്
ജനുവരി 9ന്, 5 മിനിറ്റിന്റെ വ്യത്യാസത്തിനിടെയാണ് ഇരു വിമാനങ്ങളും ബെംഗളൂരുവിൽനിന്നു പറന്നുയർന്നത്
ബെംഗളൂരു വിമാനത്താവളത്തിൽനിന്നു പറന്നുയർന്നതിനു പിന്നാലെ, രണ്ട് ഇൻഡിഗോ വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവായതു തലനാരിഴയ്‌ക്കെന്ന് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതർ അറിയിച്ചു. ജനുവരി 9നു ടേക്ക് ഓഫിനു പിന്നാലെയാണു സംഭവമെന്നും ഇക്കാര്യം രേഖകളിൽ പെടുത്തിയിട്ടില്ലെന്നും എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു മുൻപാകെ ബോധിപ്പിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
എന്നാൽ, സംഭവം പരിശോധിച്ചു വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഡിജിസിഎ മേധാവി അരുൺ കുമാർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ഇതേക്കുറിച്ചുള്ള പ്രതികരണത്തിന് ഇൻഡിഗോ അധികൃതർ തയാറായിട്ടില്ല.
ബെംഗളൂരു- കൊൽക്കത്ത 6ഇ455 വിമാനവും, ബെംഗളൂരു- ഭുവനേശ്വർ 6ഇ246 വിമാനവുമാണു 'ബ്രീച്ച് ഓഫ് സെപ്പറേഷൻ' മറികടന്നതെന്നു ഡിജിസിഎ അധികൃതർ അറിയിച്ചു.
ജനുവരി 9ന്, 5 മിനിറ്റിന്റെ വ്യത്യാസത്തിനിടെയാണ് ഇരു വിമാനങ്ങളും ബെംഗളൂരുവിൽനിന്നു പറന്നുയർന്നത്. 'ടേക്ക് ഓഫിനു ശേഷം ഇരു വിമാനങ്ങളും ഒരേ ദിശയിലാണു സഞ്ചരിച്ചത്. ഗതി മാറി സഞ്ചരിക്കാനുള്ള നിർദേശം അപ്രോച്ച് റഡാർ നൽകിയതോടെയാണു കൂട്ടിയിടി ഒഴിവായതെന്നും അധികൃതർ അറിയിച്ചു.