'ഞങ്ങൾക്ക് ഗുസ്തിയും അറിയാം,ആർക്കാണ് യഥാർഥ ശക്തിയെന്ന് കാണിച്ചുതരാം...'; അമിത് ഷായെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ
'ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നിങ്ങളുടെ നയം ഇവിടെ നടപ്പാവില്ല'
മുംബൈ: ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ശിവസേനയെ പരാജയപ്പെടുത്താൻ അമിത് ഷായെ വെല്ലുവിളിച്ച് ശിവസേന തലവൻ ഉദ്ധവ് താക്കറെ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് ആഴത്തിലുളള മുറിവേൽപിക്കണമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ അണികളോട് ആഹ്വാനം ചെയ്തിരുന്നു. മുംബൈയിൽ നടന്ന പാർട്ടി യോഗത്തിലായിരുന്നു അമിത് ഷായുടെ ആഹ്വാനം. ഇതിന് മറുപടിയുമായാണ് ശിവസേന തലവൻ എത്തിയത്.
തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡിക്ക് വേണ്ടി ബി.ജെ.പിയെ തോൽപ്പിക്കുമെന്ന് ശരദ് പവാറും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ ഉദ്ധവ് താക്കറെ അമിത്ഷായ്ക്ക് മറുപടിയുമായി എത്തിയത്.
'ഞങ്ങൾക്ക് ഗുസ്തി അറിയാം. യഥാർത്ഥത്തിൽ ആർക്കാണ് ശക്തിയെന്ന് ഞങ്ങൾ കാണിച്ചുതരാം,' അദ്ദേഹം പറഞ്ഞു. 'ഞാൻ അമിത് ഷായെ വെല്ലുവിളിക്കുന്നു. ഇവിടെയുള്ള നിങ്ങളുടെ എല്ലാ ശിഷ്യന്മാരോടും ഒരു മാസത്തിനുള്ളിൽ ബിഎംസി തിരഞ്ഞെടുപ്പ് നടത്താൻ പറയൂ. ധൈര്യമുണ്ടെങ്കിൽ അതേസമയം സമയം തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തൂ' എന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗത്തിലാണ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്.
'മുംബൈ തദ്ദേശ തെരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് അവരുടെ സ്ഥാനം മനസിലാക്കിക്കൊടുക്കണമെന്നും അമിത് ഷാ പറഞ്ഞിരുന്നു. അക്കാര്യത്തിലും ഷായെ വെല്ലുവിളിക്കുന്നു. അതിന് വേണ്ടി ശ്രമിച്ചു നോക്കൂ.. മുംബൈയുമായി ശിവസേനയ്ക്കുള്ള ബന്ധം അഭേദ്യമാണ്, സാധാരണക്കാരുടെ ദൈനംദിന ജീവിതവുമായി ഞങ്ങൾക്ക് ആഴത്തിലുള്ള ബന്ധമാണ്. ഉദ്ധവ് താക്കറെ പറഞ്ഞു.
'ബിഎംസി തെരഞ്ഞെടുപ്പിന് പ്രധാനമന്ത്രി മോദി വരുമെന്ന് കേൾക്കുന്നുണ്ട്. ഉദ്ധവ് താക്കറെ പറഞ്ഞു. നിങ്ങളുടെ എല്ലാ തന്ത്രങ്ങൾക്കുമെതിരെ ഞങ്ങൾ പോരാടും, നിങ്ങൾ ഹിന്ദു-മുസ്ലിം കാർഡാണ് ഇറക്കുന്നതെങ്കിൽ മുസ്ലീങ്ങൾ ഞങ്ങളോടൊപ്പമാണെന്ന് ഞാൻ പറയുന്നു. ഹിന്ദുക്കളും മറാത്തികളും അല്ലാത്തവരുമടക്കം എല്ലാവരും ഞങ്ങളോടൊപ്പമുണ്ട്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നിങ്ങളുടെ നയം ഇവിടെ നടപ്പാവില്ലെന്നും താക്കറെ വ്യക്തമാക്കി.
2017 ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും വെവ്വേറെയാണ് മത്സരിച്ചത്. 227 സീറ്റുകളിൽ 82 സീറ്റുകൾ ബിജെപി നേടുകയും ചെയ്തിരുന്നു. ശിവസേനയ്ക്ക് രണ്ട് സീറ്റുകൾ മാത്രമാണ് അധികമായി ലഭിച്ചത്. ഏക്നാഥ് ഷിൻഡെ പക്ഷം കൂടി ബിജെപിക്ക് ഒപ്പം ചേർന്നതോടെ വലിയ സാധ്യതകളാണ് ഇക്കുറിയുളളത്.