എ.ബി.വി.പി നേതാവിന്റെ ജന്മശതാബ്ദി ആഘോഷിക്കാൻ കോളജുകൾക്ക് യു.ജി.സി നിർദേശം
യു.ജി.സി നിർദേശം അടിയന്തരമായി പിൻവലിക്കണമെന്ന് ഉദ്ധവ് വിഭാഗം ശിവസേനയുടെ യുവജന വിഭാഗം നേതാവായ പ്രദീപ് സാവന്ത് ആവശ്യപ്പെട്ടു.
മുംബൈ: എ.ബി.വി.പി സ്ഥാപക നേതാവായിരുന്ന ദത്താജി ഡിഡോൽക്കറുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കോളജുകൾക്കും സർവകലാശാലകൾക്കും യു.ജി.സിയുടെ കത്ത്. മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സർവകലാശാലകൾക്കും കോളജുകൾക്കും കഴിഞ്ഞ 21നാണ് യു.ജി.സി കത്ത് നൽകിയത്.
'ദത്താജി ഡിഡോൽക്കൽ ഇന്ത്യയിലെ ആയിരക്കണത്തിന് യുവാക്കൾക്കും വിദ്യാർഥികൾക്കും പ്രചോദനമായിരുന്നു. അദ്ദേഹം നിരവധി സാമൂഹിക സംഘടനകളുടെ സ്ഥാപകൻ കൂടിയായിരുന്നു. ഈ വർഷം അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷമായി ആഘോഷിക്കുന്നതിനാൽ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഈ പരിപാടികളിൽ യുവാക്കളെയും വിദ്യാർഥികളെയും പങ്കെടുപ്പിക്കുന്നതിന് മഹാരാഷ്ട്രയിലെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾ പ്രത്യേക താൽപര്യമെടുക്കണം'-യു.ജി.സി കത്തിൽ പറയുന്നു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി നിർദേശം. ജന്മശതാബ്ദിയുടെ ഭാഗമായി സുവനീർ പ്രസിദ്ധീകരിക്കുമെന്നും ഗഡ്കരി പറഞ്ഞു.
യു.ജി.സി നിർദേശത്തിനെതിരെ ശിവസേന ഉദ്ധവ് വിഭാഗം രംഗത്തെത്തി. യു.ജി.സി നിർദേശം അടിയന്തരമായി പിൻവലിക്കണമെന്ന് ഉദ്ധവ് വിഭാഗം ശിവസേനയുടെ യുവജന വിഭാഗം നേതാവായ പ്രദീപ് സാവന്ത് ആവശ്യപ്പെട്ടു. ജന്മശതാബ്ദി ആഘോഷിക്കുന്നതിന് തങ്ങൾ എതിരല്ല. പക്ഷേ അത് ആർ.എസ്.എസിന്റെ സ്വന്തം ചെലവിലാണ് നടത്തേണ്ടത്. കോളജുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും മേൽ അടിച്ചേൽപ്പിക്കരുതെന്നും പ്രദീവ് സാവന്ത് പറഞ്ഞു.