ബോറിസ്-മോദി കൂടിക്കാഴ്ച ഇന്ന്; വ്യാപാര രംഗത്ത് സഹകരണം ശക്തമാക്കും

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്

Update: 2022-04-22 01:10 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ദ്വിദിന ഇന്ത്യാ സന്ദർശനം നടത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യാ- ബ്രിട്ടൺ നയതന്ത്ര ബന്ധം ശക്തമാക്കുന്ന വിഷയങ്ങളാണ് നരേന്ദ്ര മോദി ബോറിസ് ജോൺസൺ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുക. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഗുജറാത്ത് സന്ദർശനം പൂർത്തിയാക്കി ഇന്നലെ ആണ് ബോറിസ് ഡൽഹിയിൽ എത്തിയത്. രാഷ്ട്രപതി ഭവനിലെ പ്രഭാത ഭക്ഷണത്തിന് ശേഷമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ബോറിസ് ജോൺസണിന്‍റെ കൂടിക്കാഴ്ച. രാജ്ഘട്ടിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം ബോറിസ് ജോൺസൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധ - വാണിജ്യ മേഖലകളിലെ സഹകരണം, സ്വതന്ത്ര വ്യാപാര കരാർ ഉൾപ്പടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. ഇരുരാജ്യങ്ങളും തമ്മിൽ ഒരു ബില്യൺ ഡോളറിന്‍റെ വ്യാപാര ബന്ധങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായാണ് ഇന്നലെ അഹമ്മദാബാദിൽ വെച്ച് രാജ്യത്തെ പ്രമുഖ വ്യവസായികളുമായി ബോറിസ് ജോൺസൺ കൂടിക്കാഴ്ച നടത്തിയതും. നയതന്ത്ര മേഖലയ്ക്കും ഏറെ പ്രാധാന്യം നൽകുന്നുണ്ട് നരേന്ദ്ര മോദി ബോറിസ് ജോൺസൺ കൂടിക്കാഴ്ച.

ഇന്തോ-പസഫിക് മേഖലയിലെ സഹകരണം ശക്തമാക്കുന്നതും സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നീരവ് മോദി, വിജയ് മല്യ എന്നിവരെ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ഇന്ന് നടക്കും. സന്ദർശനം പൂർത്തിയാക്കി രാത്രിയോടെ ആണ് ബോറിസ് ജോൺസൺ ബ്രിട്ടനിലേക്ക് മടങ്ങുക. ബോറിസ് ജോൺസണിന്‍റെ ഇന്ത്യാ സന്ദർശനം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡിനെ തുടർന്നാണ് വൈകിയത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News