കൊവാക്സിന് യു.കെയുടെ അംഗീകാരം; രണ്ടു ഡോഡ് സ്വീകരിച്ചവർക്ക് 22 മുതൽ പ്രവേശനം
കൊവാക്‌സിന് ഡബ്ലൂ.എച്ച്.ഒ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ബ്രിട്ടൺ നിലപാട് തിരുത്താൻ തയാറായത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് യുകെയുടെ അനുമതി. കൊവാക്സിനെ ബ്രിട്ടൻ അംഗീകൃത കോവിഡ് വാക്സിൻ പട്ടികയിൽ ഉൾപ്പെടുത്തി. കൊവാക്സിൻ സ്വീകരിച്ചവർക്ക് നവംബർ 22 മുതൽ യുകെയിൽ പ്രവേശനം അനുവദിക്കും.
രണ്ട് ഡോസ് എടുത്തവർക്കാണ് പ്രവേശനം.കൊവാക്‌സിൻ സ്വീകരിച്ചവർ രാജ്യത്തേക്ക് വന്നാൽ 14 ദിവസം ക്വാറന്റൈൻ എന്നായിരുന്നു ഇതുവരെ ബ്രിട്ടന്റെ നിലപാട്. ഇന്ത്യ പലതവണ ആവശ്യപ്പെട്ടിട്ടും ബ്രിട്ടൺ നിലപാട് തിരുത്താതിനെ തുടർന്ന് ഇന്ത്യ ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്കും ക്വാറന്റൈൻ ഏർപ്പെടുത്തിയിരുന്നു. എന്നാൽ കൊവാക്‌സിന് ഡബ്ലൂ.എച്ച്.ഒ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ബ്രിട്ടൺ നിലപാട് തിരുത്താൻ തയാറായത്.
ഇനി മുതൽ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കില്ലെന്നാണ് ബ്രിട്ടൺ അറിയിച്ചിരിക്കുന്നത്. പഠനാവശ്യത്തിനും മറ്റും ബ്രിട്ടണിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്ന തീരുമാനമാണിത്.