'ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരുടെ ചെരിപ്പ് ചുമക്കാനുള്ളവര്‍'; വിവാദ പ്രസ്താവനയുമായി ഉമാഭാരതി

പ്രസ്താവന വിവാദമായതോടെ ക്ഷമാപണം

Update: 2021-09-20 16:28 GMT
Advertising

രാഷ്ട്രീയക്കാരുടെ ചെരിപ്പ് ചുമക്കാനുള്ളവര്‍ മാത്രമാണ് ഉദ്യോഗസ്ഥരെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ഉമാഭാരതി. അവര്‍ക്ക് ഭരണക്രമത്തില്‍ ഒരു സ്വാധീനവും ചെലുത്താനാകില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉമാഭാരതിയുടെ വിവാദ പ്രസ്താവന പുറത്തുവന്നത്.

'ഉദ്യോഗസ്ഥരാണ് രാഷ്ട്രീയക്കാരെ നിയന്ത്രിക്കുന്നതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഒരിക്കലുമല്ല. കേന്ദ്രമന്ത്രിയായും മുഖ്യമന്ത്രിയായുമൊക്കെ 11 വര്‍ഷത്തെ പരിചയമുണ്ടെനിക്ക്. കൃത്യമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഉത്തരവുകള്‍ പാസാവുന്നത്. ഉദ്യോഗസ്ഥര്‍ക്ക് അതില്‍ സ്വാധീനം ചെലുത്താനാവില്ല. അവര്‍ നമ്മുടെ ചെരിപ്പ് ചുമയ്ക്കുന്നവര്‍ മാത്രമാണ്. നമ്മള്‍ അതിനുമാത്രമേ അവരെ അനുവദിക്കൂ'- ഉമാഭാരതി പറഞ്ഞു.

നമ്മളാണ് അവര്‍ക്ക് ശമ്പളം കൊടുക്കുന്നത്. നമ്മളാണവരെ നിയമിക്കുന്നതും സ്ഥാനക്കയറ്റം നല്‍കുന്നതും. നമ്മള്‍ വിചാരിച്ചാല്‍ അവരെ പുറത്താക്കാനും കഴിയും. ഉദ്യോഗസ്ഥരാണ് ഭരണക്രമം നിയന്ത്രിക്കുന്നതെന്ന് പറയുന്നത് അസംബന്ധമാണ്. അവര്‍ക്കൊരിക്കലുമതിന് കഴിയില്ല. നമ്മളവരെ രാഷ്ട്രീയത്തിനായി ഉപയോഗപ്പെടുത്തുന്നു എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഭോപാലിലെ വസതിയില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ ഒബിസി വിഭാഗം നേതാക്കളോടായിരുന്നു ഉമാഭാരതിയുടെ വിവാദ പ്രസ്താവന. ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസും സ്വകാര്യ തൊഴില്‍മേഖലയിലെ സംവരണവും ആവശ്യപ്പെട്ടായിരുന്നു സംഘം ഉമാഭാരതിയെ സന്ദര്‍ശിച്ചത്. ഒബിസി നേതാക്കളോട് ഉമാഭാരതി നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ വിഡിയോ പുറത്തെത്തിയതോടെ വന്‍ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്. വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലായതോടെ ക്ഷമാപണവുമായി ഉമാഭാരതി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News