വിദ്യാഭ്യാസമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ അധ്യാപകനെ പുറത്താക്കി

വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സ്ഥലമല്ല ക്ലാസ് മുറികളെന്ന് അണ്‍അക്കാദമി

Update: 2023-08-18 05:18 GMT
Advertising

ഡല്‍ഹി: വിദ്യാഭ്യാസമുള്ള സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്ന് വിദ്യാർഥികളോട് പറഞ്ഞ അധ്യാപകനെ പുറത്താക്കി. എഡ്യുടെക് സ്ഥാപനമായ അൺഅക്കാദമിയിലെ അധ്യാപകൻ കരൺ സാങ്‍വാനെയാണ് പുറത്താക്കിയത്. വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സ്ഥലമല്ല ക്ലാസ് മുറികളെന്ന് സ്ഥാപനം വ്യക്തമാക്കി.

സാങ്‍വാൻ കരാർ ലംഘിച്ചെന്നും അതിനാലാണ് പുറത്താക്കുന്നതെന്നും അൺഅക്കാദമി സഹസ്ഥാപകൻ റോമൻ സൈനി പറഞ്ഞു-"നിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ അൺഅക്കാദമി ബാധ്യസ്ഥമാണ്. നിഷ്പക്ഷമായ അറിവ് ഉറപ്പാക്കാന്‍ എല്ലാ അധ്യാപകർക്കും കർശനമായ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് മുറി വ്യക്തിപരമായ അഭിപ്രായങ്ങള്‍ പങ്കിടാനുള്ള സ്ഥലമല്ല. വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പഠിതാക്കളെ തെറ്റായി സ്വാധീനിക്കും".

വിദ്യാസമ്പന്നര്‍ക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നത് കുറ്റമാണോയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ചോദിച്ചു- "നിരക്ഷരരെ വ്യക്തിപരമായി ഞാൻ ബഹുമാനിക്കുന്നു. പക്ഷെ ജനപ്രതിനിധികൾ നിരക്ഷരരാവരുത്. ഇത് ശാസ്ത്ര സാങ്കേതിക വിദ്യയുടെ കാലമാണ്. നിരക്ഷരരായ ജനപ്രതിനിധികൾക്ക് ഒരിക്കലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാൻ കഴിയില്ല".

അണ്‍അക്കാദമിയുടെ ഓണ്‍ലൈന്‍ ക്ലാസില്‍ ലീഗല്‍ അഫയേഴ്സ് അധ്യാപകനായ കരൺ സാങ്‍വാന്‍ നടത്തിയ പരാമര്‍ശമാണ് വൈറലായത്- "അടുത്ത തവണ നിങ്ങൾ വോട്ട് ചെയ്യുമ്പോഴെല്ലാം ഓർക്കുക. സാക്ഷരനായ ഒരു വ്യക്തിയെ തെരഞ്ഞെടുക്കുക. അങ്ങനെ നിങ്ങൾ ഈ സാഹചര്യം വീണ്ടും അഭിമുഖീകരിക്കരുത്. കാര്യങ്ങൾ മനസ്സിലാക്കുന്ന ഒരു വ്യക്തിക്ക് വോട്ട് ചെയ്യുക. നിങ്ങളുടെ തീരുമാനങ്ങൾ ശരിയായി എടുക്കുക."

വീഡിയോക്കെതിരെ ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു- "അൺഅക്കാദമിയുടെ മോദി വിരുദ്ധ അജണ്ടയാണിത്. പ്രധാനമന്ത്രി മോദിയെ നിരക്ഷരനെന്ന് പരോക്ഷമായി വിളിച്ചു. നിങ്ങൾക്ക് പ്രധാനമന്ത്രിയെ ഇഷ്ടമല്ലെങ്കിൽ അദ്ദേഹത്തെ എതിർക്കുക. എന്നാൽ വിദ്യാഭ്യാസത്തിന്‍റെ മറവിൽ നിങ്ങളുടെ അജണ്ട നടപ്പിലാക്കാൻ കഴിയില്ല" വീഡിയോ പങ്കുവച്ചുകൊണ്ട് സുദര്‍ശന്‍ ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ അഭയ് പ്രതാപ് സിങ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം സ്വന്തമായി യുട്യൂബ് ചാനൽ തുടങ്ങിയ സാങ്‍വാൻ ആഗസ്ത് 19ന് സംഭവത്തെ കുറിച്ച് പ്രതികരിക്കുമെന്ന് പറഞ്ഞു.


Summary- Unacademy has sacked a teacher, Karan Sangwan, who appealed students to vote for educated candidates, with the edtech firm saying that classroom is not a place to share personal opinions and views

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News