'എനിക്ക് പറയാനുള്ളത് കേട്ടില്ല': അണ്‍അക്കാദമി തന്നെ പുറത്താക്കിയത് സമ്മര്‍ദം കാരണമെന്ന് അധ്യാപകന്‍
സമ്മർദത്തിലാണെന്ന കാര്യം മറയ്ക്കാൻ സ്ഥാപനം പെരുമാറ്റച്ചട്ടം എന്ന വാക്ക് ഉപയോഗിച്ചെന്ന് കരണ്‍ സാങ്‍വാന്‍
ഡല്‍ഹി: വിദ്യാഭ്യാസമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് വിദ്യാര്‍ഥികളോട് പറഞ്ഞതിന് തന്നെ എഡ്യു ടെക് കമ്പനിയായ അണ്‍അക്കാദമി പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി അധ്യാപകന്‍ കരൺ സാങ്‌വാന്‍. സമ്മർദത്തെ തുടർന്നാണ് സ്ഥാപനം തന്‍റെ സേവനം അവസാനിപ്പിച്ചതെന്ന് അധ്യാപകന്‍ പറഞ്ഞു. താന്‍ ആരുടെയും പേരുപറയാതെ പൊതുവായി നടത്തിയ പരാമർശം തെറ്റായി വ്യാഖ്യാനിച്ചാണ് സോഷ്യൽ മീഡിയയില്‍ പ്രതികരണങ്ങളുണ്ടായതെന്നും അധ്യാപകന്‍ പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലാണ് കരണ്‍ സങ്‍വാന്‍റെ പ്രതികരണം.
"എന്തുകൊണ്ടാണ് പിരിച്ചുവിടൽ സംഭവിച്ചത്? സമ്മർദം കൊണ്ടുളള പൊട്ടിത്തെറിയാണത്. നിങ്ങൾക്ക് (അൺഅക്കാദമി) സമ്മർദത്തെ നേരിടാൻ കഴിഞ്ഞില്ല. അതിനാൽ നിങ്ങൾ ആഗ്രഹിക്കാതെയോ ആഗ്രഹിച്ചോ നടപടിയെടുക്കേണ്ടിവന്നു. എനിക്കറിയില്ല. നിങ്ങളുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനാവില്ല"- സാങ്‌വാന്‍ പറഞ്ഞു.
തനിക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് അണ്‍അക്കാദമി നടപടിയെടുത്തതെന്നും സാങ്‌വാന്‍ വിമര്‍ശിച്ചു- "നിങ്ങൾ നേരെ എനിക്ക് പിരിച്ചുവിടൽ നോട്ടീസ് അയച്ചു. നിങ്ങള്‍ സമ്മർദത്തിലാണെന്ന കാര്യം മറയ്ക്കാൻ പെരുമാറ്റച്ചട്ടം എന്ന വാക്ക് ഉപയോഗിച്ചു. ആഗസ്ത് 13ന് വീഡിയോ പ്രചരിച്ചതിനു പിന്നാലെ വധഭീഷണിയും ദേശവിരുദ്ധനെന്ന അധിക്ഷേപവും നേരിടേണ്ടിവന്നു. അതേസമയം നിരവധി പേര്‍ എന്നെ പിന്തുണച്ചു. എന്നാൽ അൺഅക്കാദമിയില്‍ നിന്ന് ആരും ബന്ധപ്പെട്ടില്ല".
അണ്‍അക്കാദമിയുടെ ഓണ്‍ലൈന്‍ ക്ലാസില്‍ ലീഗല്‍ അഫയേഴ്സ് അധ്യാപകനായ കരൺ സാങ്‍വാന്‍ നടത്തിയ പരാമര്‍ശമാണ് വൈറലായത്- "അടുത്ത തവണ നിങ്ങൾ വോട്ട് ചെയ്യുമ്പോഴെല്ലാം ഓർക്കുക. സാക്ഷരനായ ഒരു വ്യക്തിയെ തെരഞ്ഞെടുക്കുക. അങ്ങനെ നിങ്ങൾ ഈ സാഹചര്യം വീണ്ടും അഭിമുഖീകരിക്കരുത്. കാര്യങ്ങൾ മനസ്സിലാക്കുന്ന ഒരു വ്യക്തിക്ക് വോട്ട് ചെയ്യുക. നിങ്ങളുടെ തീരുമാനങ്ങൾ ശരിയായി എടുക്കുക."
വീഡിയോക്കെതിരെ ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു- "അൺഅക്കാദമിയുടെ മോദി വിരുദ്ധ അജണ്ടയാണിത്. പ്രധാനമന്ത്രി മോദിയെ നിരക്ഷരനെന്ന് പരോക്ഷമായി വിളിച്ചു. നിങ്ങൾക്ക് പ്രധാനമന്ത്രിയെ ഇഷ്ടമല്ലെങ്കിൽ അദ്ദേഹത്തെ എതിർക്കുക. എന്നാൽ വിദ്യാഭ്യാസത്തിന്‍റെ മറവിൽ നിങ്ങളുടെ അജണ്ട നടപ്പിലാക്കാൻ കഴിയില്ല"- വീഡിയോ പങ്കുവച്ചുകൊണ്ട് സുദര്‍ശന്‍ ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ അഭയ് പ്രതാപ് സിങ് ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സ്ഥലമല്ല ക്ലാസ് മുറികളെന്ന് അൺഅക്കാദമി സഹസ്ഥാപകൻ റോമൻ സൈനി പറഞ്ഞു-"നിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ അൺഅക്കാദമി ബാധ്യസ്ഥമാണ്. നിഷ്പക്ഷമായ അറിവ് ഉറപ്പാക്കാന്‍ എല്ലാ അധ്യാപകർക്കും കർശനമായ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് മുറി വ്യക്തിപരമായ അഭിപ്രായങ്ങള്‍ പങ്കിടാനുള്ള സ്ഥലമല്ല. വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പഠിതാക്കളെ തെറ്റായി സ്വാധീനിക്കും".
വിദ്യാസമ്പന്നര്‍ക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നത് കുറ്റമാണോയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ചോദിച്ചു- "നിരക്ഷരരെ വ്യക്തിപരമായി ഞാൻ ബഹുമാനിക്കുന്നു. പക്ഷെ ജനപ്രതിനിധികൾ നിരക്ഷരരാവരുത്. ഇത് ശാസ്ത്ര സാങ്കേതിക വിദ്യയുടെ കാലമാണ്. നിരക്ഷരരായ ജനപ്രതിനിധികൾക്ക് ഒരിക്കലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാൻ കഴിയില്ല".