തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണ: അധീർ രഞ്ജൻ ചൗധരി
സി.പി.എമ്മുമായുള്ളത് സഖ്യമല്ല സീറ്റുധാരണ മാത്രം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും സ്ഥാനാർഥിയുമായ അധീർ രഞ്ജൻ ചൗധരി. ഗവർണറുടെ നൂറുകണക്കിന് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ മമത ബാനർജി മൗനം പാലിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ബഹറാംപുരിൽ ക്രിക്കറ്റ് താരം യുസുഫ് പത്താനാണ് അധീറിന്റെ എതിരാളി. ത്രികോണ മത്സരമാണിവിടെ നടക്കുന്നത്. ഒരു സെലിബ്രിറ്റിയേയും ഭയക്കുന്നില്ലെന്നും അദ്ദേഹം മീഡിയ വണിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം ശരിയായ ദിശയിലാണ് നടക്കുന്നത്. സാധാരണ ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. അഞ്ചുവർഷം തുടർച്ചയായി താനിവിടെ വിജയിച്ചു. സീറ്റ് നിലനിർത്താനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് സെലിബ്രിറ്റികൾ തമ്മിലല്ല മറിച്ച് രണ്ട് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള മത്സരമാണിത്. ഭരണകക്ഷിക്കെതിരെ ഇവിടെ അതൃപ്തി വളർന്നുവരുകയാണ്. തൃണമൂൽ കോൺഗ്രസിന്റെ അക്രമങ്ങൾക്കെതിരെ കഴിഞ്ഞ രണ്ട് വർഷമായി കോൺഗ്രസും സി.പി.എമ്മും ഒരുമിച്ച് പ്രവർത്തിക്കുന്നു. സി.പി.എമ്മുമായുള്ളത് സഖ്യമല്ല സീറ്റുധാരണ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.